ഗുരുതര തകരാർ; ഫോഡ് ഫിയസ്റ്റ, ഫിഗോ കാറുകള്‍ തിരിച്ചുവിളിച്ചു

Posted on: June 23, 2017 9:07 pm | Last updated: June 23, 2017 at 9:07 pm

ന്യൂഡല്‍ഹി: ഫോര്‍ഡ് ഫിയസ്റ്റ ക്ലാസിക്, മുന്‍ തലമുറ ഫോര്‍ഡ് ഫിഗോ കാറുകള്‍ കമ്പനി തിരിച്ചുവിളിച്ചു. പവര്‍ സ്റ്റിയറിംഗ് ഹോസില്‍ ഗുരുതര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് മാറ്റി നല്‍കാനാണ് കാറുകള്‍ തിരിച്ചുവിളിച്ചത്. 2004നും 2012നും ഇടയില്‍ ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ച കാറുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. 39,315 യൂണിറ്റ് ഫോഡ് ഫിയസ്റ്റ്, ഫിഗോ കാറുകള്‍ ഈ കാലയളവില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.

ഹോസ് തകരാറിനെ തുടര്‍ന്ന് പവര്‍ സ്റ്റിയറിംഗ് ഫ്‌ളൂയിഡ് വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റ് സംവിധാനവുമായി ചേരാന്‍ സാധ്യതയുണ്ട്. ഇത് കാറിന് പുക കൂടാന്‍ കാരണമാകും. ചുരുക്കം ചില ഘട്ടങ്ങളില്‍ തീപിടിത്തത്തിലേക്ക് വരെ ഇത് നയിച്ചേക്കും. ഈ സാഹചര്യത്തിലാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.