പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഈദ് വസ്ത്രങ്ങള്‍

Posted on: June 22, 2017 10:58 pm | Last updated: June 22, 2017 at 10:35 pm

ദുബൈ: ദുബൈ ഔട്‌ലെറ്റ് മാള്‍, യു എ ഇ റെഡ് ക്രസന്റ് അതോറിറ്റി, റാവാഫെഡ് സെന്റര്‍ എന്നിവ റമസാന്‍ കാലത്ത് യു എ ഇയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുട്ടികള്‍ക്ക് സൗജന്യ വസ്ത്രങ്ങളും മറ്റും നല്‍കി. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദാനവര്‍ഷത്തോടുള്ള ദുബൈ ഔട്‌ലെറ്റ് മാളിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി.
‘ജോയ് ഓഫ് ഈദ് – മേക്കിങ് എ ഡിഫറന്‍സ് ഇന്‍ ദ ഇയര്‍ ഓഫ് ഗിവിങ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയുടെ ഭാഗമായി യു എ ഇ റെഡ് ക്രസന്റ് വളണ്ടിയര്‍മാരുടെ സഹായത്തോടെ റാവാഫെഡ് സെന്റര്‍ കുട്ടികളെ മാളിലെത്തിച്ചു. മാളിലൊരുക്കിയ ഇഫ്താറില്‍ പങ്കെടുത്ത അവരെ വിവിധ ഔട്‌ലെറ്റുകളിലെത്തിച്ച് അവര്‍ക്കിഷ്ടമുള്ള പുതിയ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കി.

തങ്ങളാലാകും വിധം സമൂഹത്തിന് തിരിച്ചുനല്‍കുന്നതിലും സമൂഹത്തിലെ അവശ ജനവിഭാഗത്തെ സഹായിക്കുന്നതിലും ദുബൈ ഔട്‌ലെറ്റ് മാള്‍ എന്നും പ്രതിബദ്ധരാണെന്ന് അല്‍ അഹ്‌ലി ഹോള്‍ഡിംഗ് ഗ്രൂപ്പ് സി ഇ ഒ മുഹമ്മദ് ഖമ്മാസ് പറഞ്ഞു.

പാവപ്പെട്ട കുട്ടികളെ മനസില്‍ കണ്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തതെന്ന് അല്‍ അഹ്‌ലി ഹോള്‍ഡിംഗ് ഗ്രൂപ്പ് സി എസ്ആര്‍, കമ്മ്യൂണിറ്റി ഔട്‌റീച്ച് വിഭാഗം മേധാവി ശൈഖ ഖമ്മാസ് പറഞ്ഞു. അവരില്‍ ചിലര്‍ക്കെങ്കിലും ഈദാഘോഷങ്ങളില്‍ പങ്കാളികളാകാന്‍ അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ദുബൈ ഔട്‌ലെറ്റ് മാള്‍ ഈ പരിപാടി സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.
സാക്കൂര്‍ വിമെന്‍ ആന്‍ഡ് കിഡ്‌സ് ഔട്ട്‌ലെറ്റ്, കാര്‍ട്ടേഴ്‌സ് ഔട്ട്‌ലെറ്റ്, പിങ്കിസ് മിലാനോ, ഗെസ്, കിഡ്‌സ് പസ്ള്‍, ഒറിജിനല്‍ മറൈന്‍സ്, സോളമന്‍ ആന്‍ഡ് വില്‍സണ്‍, മക് ഡോണള്‍ഡ്‌സ്, ദി ഹാപ്പി പ്ലേസ്, ചക്ക് ഇ തുടങ്ങിയ ഔട്ട്‌ലെറ്റുകളിലാണ് കുട്ടികളെ എത്തിച്ചത്. മാളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പോപ്പ് അപ്പ് ഫീച്ചറോടെയാണ് പരിപാടി സമാപിച്ചത്.