അരുന്ധതിയുടെ പുതിയ പുസ്തകത്തില്‍ പറയുന്നത്‌

Posted on: June 22, 2017 11:41 am | Last updated: June 22, 2017 at 11:41 am

‘എഴുത്ത് അത്ര അനായാസം നടക്കുന്ന ഒരേര്‍പ്പാടല്ല എന്നാണ് പൊതുവേ നമ്മുടെ തലയെടുപ്പുള്ള എഴുത്തുകാരുമായി പലരും നടത്തിയിട്ടുള്ള സംഭാഷണങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദ്യം മനസ്സില്‍ എഴുതി പിന്നെ കുറേ കാലം മനസ്സിലിട്ട് പാകം വരുത്തി പിന്നെയും തിരുത്തിയും വെട്ടിയും ഈ പ്രക്രിയ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുമൊക്കെയാണ് സൃഷ്ടികള്‍ ജനനം കൊള്ളുന്നത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ഏതാണ്ട് അത് ശരി വെക്കുന്ന തരത്തിലാണ് ഇപ്പോള്‍ അരുന്ധതീ റോയിയുടെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങുമ്പോള്‍ നമുക്കും തോന്നുക.

ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സ് എഴുതിക്കഴിഞ്ഞ് നീണ്ട 20 വര്‍ഷത്തിനു ശേഷമാണല്ലോ അവരുടെ ‘ദ മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപിനെസ്’ പുറത്തിറങ്ങുന്നത്. 10 വര്‍ഷത്തോളമായി ഇതിന്റെ അണിയറ പ്രവര്‍ത്തനത്തിലാണെന്ന് അവര്‍ തന്നെ പറയുന്നു. അപ്പോള്‍ ശരിക്കും ഈ എഴുത്ത് എന്നത് ഏത് സര്‍ഗപ്രതിഭ ഉള്ളവര്‍ക്കും അത്ര എളുപ്പത്തില്‍ വഴങ്ങുന്ന ഒന്നല്ലെന്നു തന്നെ കരുതണം.

എന്നാല്‍ എല്ലാ എഴുത്തിനേയും അങ്ങനെ കരുതേണ്ടതുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. അരുന്ധതി റോയി തന്നെ ഇതിനിടക്ക് എത്രയോ മനോഹരമായ ലേഖനങ്ങളും കുറിപ്പുകളും വായനക്കാര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതുപോലെ ആഴ്ചകളിലൊരിക്കലോ അല്ലെങ്കില്‍ അതിലും ചുരുങ്ങിയ ദിവസങ്ങളിലോ ആയി കാര്യ ഗൗരവമുള്ള വിഷയങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന നിരവധി കോളമിസ്റ്റുകളെ നമുക്കറിയാം. സത്യത്തില്‍ ഇതും എഴുത്തു തന്നെയാണല്ലോ? അപ്പോള്‍ പ്രശ്‌നം എഴുത്തിനെ രണ്ടു രീതിയില്‍ തരം തിരിക്കേണ്ടതുണ്ട് എന്നതാണ്. അതിലൊന്നാണ് തീര്‍ത്തും വ്യത്യസ്ഥത പുലര്‍ത്തി കാലത്തെ അതിജീവിക്കുന്ന തരത്തില്‍ സൃഷ്ടികള്‍ നടത്തി ഭാഷാ സാഹിത്യത്തില്‍ അടയാള പ്പെടുക എന്ന ഒരു രീതി. നോവലുകളും കഥകളും കവിതകളും നാടകങ്ങളുമൊക്കെ പിറവി കൊള്ളുന്നത് ഈ രീതിയിലാകുമ്പോഴായിരിക്കും ആ എഴുത്ത് ചരിത്രത്തില്‍ ഇടം പിടിക്കുക. സര്‍ഗാത്മക സാഹിത്യത്തിന്റെ ഏറ്റവും ഉന്നത രൂപകങ്ങളായിട്ടുവേണം ഇത്തരം എഴുത്തു രീതിയെ നമ്മള്‍ നോക്കി ക്കാണേണ്ടത്.

നോവല്‍ എഴുതുമ്പോള്‍ ഈ ഗണത്തിലേക്കാണ് രണ്ടു ദശകങ്ങളുടെ കാലയളവില്‍ രണ്ടു നോവലുകള്‍ മാത്രമെഴുതുന്ന അരുന്ധതി റോയിയെ നമ്മള്‍ ചേര്‍ത്തു നിറുത്തേണ്ടത്. ഇത് അരുന്ധതി റോയിക്ക് മാത്രം ബാധകമായ ഒന്നായിട്ടല്ല കരുതേണ്ടത്. ആ ഗണത്തില്‍ ഇപ്പോള്‍ ഏറ്റവും സജീവ ചര്‍ച്ചയാകാന്‍ പോകുന്ന പുതിയ നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ അവരെ ഉദാഹരിച്ചു എന്നു മാത്രം. ശരിക്കും നമ്മുടെ മലയാളത്തില്‍ തന്നെ എന്‍ എസ് മാധവനും മേതില്‍ രാധാകൃഷ്ണനുമൊക്കെ തുടര്‍ച്ചയായി സാഹിത്യരചന നടത്തുന്നതില്‍ പിശുക്ക് കാണിക്കുന്നവരാണ്. എന്നാല്‍ കാലമെടുത്ത് ഇവരൊക്കെ എന്തെങ്കിലും എഴുതുമ്പോള്‍ അതൊക്കെ വായനക്കാരും നിരൂപകരും അത് കാര്യമായി ശ്രദ്ധിക്കുകയും ചെയ്യുന്നു.

ഇനി അപൂര്‍വം ചില മാതൃകകളും ഈ ഗണത്തില്‍ വരാത്തവരായിത്തന്നെ നമുക്ക് മുമ്പിലുണ്ട്. അതില്‍ ഒന്നാമത്തെ പേരുകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്ന മലയാളത്തിന്റെ അനുഗ്രഹീതനായ എഴുത്തുകാരന്‍ തന്നെയാണ്. ഒരു കാലത്ത് എം ടി തുടര്‍ച്ചയായിത്തന്നെ എഴുതി. കഥകളും നോവലുകളും തിരക്കഥകളും യാത്രാവിവരണങ്ങളുമടക്കം എഴുത്തിന്റെ മേഖലയില്‍ ഒരു പടയോട്ടം തന്നെ നടത്തിയ ഒരാളാണ് എം ടി വാസുദേവന്‍ നായര്‍. എഴുതിയതിലേറെയും വായനക്കാര്‍ നെഞ്ചേറ്റിയെന്ന വലിയ പ്രത്യേകതയും എം ടിയുടെ എഴുത്തിനുണ്ട്. അങ്ങിനെയുള്ള എം ടി പോലും ഒരിക്കല്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് ‘ഓരോ കഥയും ഒരു ഡസനിലേറെ പ്രാവശ്യം മാറ്റിയും തിരുത്തിയും കുറുക്കിയും എഴുതുന്ന രീതി തനിക്കുണ്ടെന്നാണ്. തന്നെയുമല്ല എഴുത്തിനെ കുറിച്ച് എം ടി. നടത്തിയ ഏറ്റവും ശ്രദ്ധേയമായ ഒരു നിരീക്ഷണം ഏതു കാലത്തും എപ്പോഴും എഴുതുന്നവര്‍ക്കും ഒരു വഴി കാട്ടിയാണ്. ഇങ്ങനെയായിരുന്നു ആ നിരീക്ഷണം: ‘ആയിരം വട്ടം എഴുതിയ പ്രണയത്തെ കുറിച്ച് ആയിരത്തി ഒന്നാമത്തെ വട്ടം എഴുതിയാലും അതിന് പ്രസക്തിയേറും. എങ്ങിനെയെന്നോ? അത് അയിരം വട്ടം പറഞ്ഞതില്‍ നിന്നും വ്യത്യസ്ഥമാവണമെന്നു മാത്രം’
‘എം ടിയെ കൂടാതെ ഒരു കാലത്ത് നിരന്തരം എഴുതി മലയാളിയുടെ വായനയെ വല്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്കു വഹിച്ച എഴുത്തുകാരാണ് പുനത്തില്‍ കുഞ്ഞബ്ദുല്ലയും തകഴിയും മാധവിക്കുട്ടിയും ഉറൂബും യു എ ഖാദറും എല്ലാം. നോവല്‍ എന്ന സാഹിത്യരൂപം മാറ്റിനിറുത്തിയാല്‍ നിരന്തരം ചെറുകഥകള്‍ എഴുതി വായനക്കാരില്‍ ഇടം പിടിച്ച അനേകം എഴുത്തുകാര്‍ നമുക്കുണ്ട്. ആരുടേയും പേര് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നു തോന്നുന്നു. കാരണം അത്രമാത്രം എണ്ണപ്പെരുപ്പം ചെറുകഥയെന്ന സാഹിത്യ ശാഖക്ക് മലയാളം സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ എക്കാലത്തും ഒന്നാമനായി നമ്മള്‍ ചര്‍ച്ചക്കെടുക്കാറുള്ള ടി പത്മനാഭന്‍ മറ്റു പലരേയും അപേക്ഷിച്ച് വാരിവലിച്ച് എഴുതി കൃതികളുടെ പെരുപ്പം വര്‍ധിപ്പിച്ച കൂട്ടത്തിലല്ല. സക്കറിയയേയും ഈ ഗണത്തിലേക്ക് പേരു ചേര്‍ക്കാവുന്നതേയുള്ളൂ. മലയാളത്തിലെ മൗലിക പ്രതിഭകളില്‍ ഒന്നും രണ്ടും സ്ഥാനം നമ്മള്‍ കല്‍പ്പിച്ചു നല്‍കേണ്ടത് ഒ വി വിജയനും വൈക്കം മുഹമ്മദ് ബഷീറിനുമാണെന്നതില്‍ വലിയ തര്‍ക്കത്തിനു വകയുണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇവരുടെ സമകാലികരെ അപേക്ഷിച്ച് സൃഷ്ടികളുടെ എണ്ണക്കൂടുതല്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ബഷീറും വിജയനും അത്ര മുന്നിലുമല്ലെന്നോര്‍ക്കണം.

ഇനി ഒരു ബോധ്യത്തിന്റെ കാലത്തു മാത്രം എഴുതുകയും ഇനി അതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന തിരിച്ചറിവില്‍ എഴുത്തു നിറുത്തുകയും ചെയ്ത വലിയൊരു പ്രതിഭാശാലിയുണ്ട് മലയാളത്തില്‍. കാമ്പുള്ള രാഷ്ട്രീയ കഥകളെഴുതി വായനക്കാരെ വിഭ്രമിപ്പിച്ച സാക്ഷാല്‍ എം സുകുമാരനാണത്. കുറച്ചേ എഴുതിയുള്ളൂവെങ്കിലും എഴുതിയതിലേറെയും വായനക്കാരന്റെ രാഷ്ട്രീയ അവബോധത്തിലേക്ക് ചാട്ടുളിയായി തുളഞ്ഞിറങ്ങിയ കഥകളായിരുന്നത് എം സുകുമാരന്‍ എഴുതിയതത്രയും. എഴുത്ത് എന്നത് തികച്ചും ഒരു ബോധ്യത്തിന്റെ പ്രശ്‌നമാണെന്നും അത് മനസ്സാക്ഷിയോട് എപ്പോഴും നീതി പുലര്‍ത്തേണ്ടതുണ്ടെന്നും സ്ഥാപിച്ച് കൊണ്ട് എഴുത്തില്‍ നിന്നും പിന്‍മാറാനുള്ള ധീരതയും സത്യസന്ധതയും പ്രകടിപ്പിച്ച ആള്‍ കൂടിയായിട്ടു വേണം എം സുകുമാരനെ വിലയിരുത്താന്‍.

എന്തായാലും എഴുത്തിന്റെ എണ്ണക്കൂടുതലിലല്ല സൃഷ്ടികള്‍ വായനക്കാരനിലും കാലത്തോടുള്ള സംവേദനത്തിലും ഉണ്ടാക്കുന്ന ചലനങ്ങളില്‍ തന്നെയാണ് കാര്യം.
ഇനി എണ്ണക്കൂടുതലില്‍ നമ്മുടെയൊക്കെ ഊ ഹങ്ങള്‍ക്ക് അതീതമായി എഴുത്തില്‍ നിറഞ്ഞാടിയ ഒരാളെക്കുറിച്ച് കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അര ലക്ഷത്തിലേറെ കവിതകളും രണ്ടായിരത്തിലേറെ ഗദ്യകവിതകളും അഞ്ഞൂറോളം പുസ്തകങ്ങളും താനെഴുതിയിട്ടുണ്ടെന്ന് പറഞ്ഞ ഒരു കവിയുണ്ട് നമുക്ക്. ആള്‍ ചില്ലറക്കാരനൊന്നു മല്ല. മഹാകവിയെന്ന് മലയാളം വിധിയെഴുതിയ പി കുഞ്ഞിരാമന്‍ നായരാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഇങ്ങനെ എഴുതിയതില്‍ മിക്കവാറും എല്ലാ കൃതികളും അദ്ദേഹം തുച്ഛമായ പ്രതിഫലത്തിന് തീറുവിറ്റു എന്നുകൂടി പി അന്ന് വെളിപ്പെടുത്തി.

ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ എഴുത്തും എഴുത്തിന്റെ രീതിയും രചനകള്‍ പിറവിയെടുക്കാനുള്ള കാലവും ഒക്കെ എഴുത്തുകാരെ ഒറ്റയായെടുത്ത് പരിശോധിക്കുമ്പോള്‍ നിരവധി കൗതുകങ്ങള്‍ ജനിപ്പിക്കാന്‍ ഉതകുന്നതായിരിക്കും.

ഏതായാലും രണ്ടു ദശകങ്ങള്‍ക്കു ശേഷം അരുന്ധതീ റോയിയുടെ ഒരു പുസ്തകം കൂടി വായനക്കാരിലേക്കെത്തുമ്പോള്‍ എഴുത്തു വഴിയിലെ കാലം അരുന്ധതി ഏത് രീതിയില്‍ അടയാളപ്പെടുത്തി എന്ന് ആ പുസ്തകം വാചാലമാകും.