രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

Posted on: June 22, 2017 11:29 am | Last updated: June 22, 2017 at 12:53 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകീട്ട് 4.30നാണ് യോഗം. എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് എതിരെ പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.

രാംനാഥ് കോവിന്ദിനെ പിന്തുണക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍- യു തീരുമാനമെടുത്തത് പ്രതിപക്ഷ പാര്‍ട്ടികളെ നിരാശയിലാക്കിയിട്ടുണ്ട്. നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന് മുന്നില്‍ നിന്നയാളാണ് നിതീഷ്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി അദ്ദേഹം നേരിട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിതീഷ്‌കുമാര്‍ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. ബീഹാര്‍ ഗവര്‍ണറായിരുന്ന കോവിന്ദിന് നിതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ട്.

ജെ ഡി യുവിന്റെ പിന്തുണ കൂടി എന്‍ ഡി എ ഉറപ്പാക്കിയതോടെ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍, ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മക്കുള്ള അവസരമായിട്ടാണ് കോണ്‍ഗ്രസ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കാണുന്നത്. ശക്തനായ ദളിത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാമെന്നും ഇല്ലെങ്കില്‍ കോവിന്ദിനെ പിന്തുണക്കുമെന്നാണ് മായാവതിയുടെ നിലപാട്.