Connect with us

Gulf

ഹമദ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരും കാര്‍ഗോ നീക്കവും വര്‍ധിച്ചു

Published

|

Last Updated

ദോഹ: ഹമദ് രാജ്യാന്തര വിമാത്താവളത്തില്‍ ഈ വര്‍ഷം ആദ്യ ആറു മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോ നീക്കത്തിലും ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിതായി അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് ചരിത്രത്തിലെ തിരക്കേറിയ ആറു മാസങ്ങളായിരുന്നു കഴിഞ്ഞത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള സ്ഥിതിവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ച കണക്കാക്കിയത്.

190 ലക്ഷം യാത്രക്കാരാണ് ജനുവരി-ജൂണ്‍ കാലയളവില്‍ എയര്‍പോര്‍ട്ട് ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ എയര്‍പോര്‍ട്ട് ഉപയോഗച്ചവരേക്കാള്‍ എട്ടു ശതമാനം കൂടുതലാണിത്. എയര്‍പോര്‍ട്ടില്‍ വന്നവരും പോയവരും വിമാന മാറ്റം നടത്തിയരുള്‍പ്പെടെയുള്ള യാത്രക്കാരുടെ എണ്ണമാണിത്. അതേസമയം കാര്‍ഗോ നീക്കത്തില്‍ 19 ശതമാനമാണ് വളര്‍ച്ച. 980,000 ടണ്‍ കാര്‍ഗോകള്‍ ഈ കാലയളവില്‍ എയര്‍പോര്‍ട്ട് കൈകാര്യം ചെയ്തു.
സുസ്ഥിരമായ എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തിനുള്ള തെളിവാണ് യാത്രക്കാരുടെയും കാര്‍ഗോ നീക്കത്തിന്റെയും വളര്‍ച്ചയെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. മികച്ച സേവനങ്ങള്‍ എന്ന ബിസിനസ് നയം സ്വീകരിച്ചാണ് എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഓപറേഷന്‍ വിഭാഗത്തിന്റെ കഠിന പ്രയത്‌നങ്ങളിലൂടെയാണ് ഈ മികവ് നേടിയെടുക്കാന്‍ സാധിക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് പ്രവര്‍ത്തനം. പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ക്കൊപ്പം പ്രയാസങ്ങളില്ലാത്ത സേവനങ്ങളാണ് എയര്‍പോര്‍ട്ട് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ശ്രദ്ധേയമായ രാജ്യാന്തര അംഗീകാരങ്ങളും എയര്‍പോര്‍ട്ടിനു ലഭിച്ചു. സ്‌കൈ ട്രാക്‌സിന്റെ പഞ്ചനക്ഷത്ര എയര്‍പോര്‍ട്ട് പുരസ്‌കാരം ഇതില്‍ പ്രധാനമായിരുന്നു. ലോകത്തെ അഞ്ച് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പമാണ് ഹമദ് ഉള്‍പ്പെട്ടത്. ഈ വര്‍ഷം ആദ്യം സ്‌കൈട്രാക്‌സ് ലോക എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ലോകത്തെ മികച്ച ആറാം സ്ഥാനത്തേക്കും ഹമദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍ വര്‍ഷത്തേതിനേക്കാള്‍ നാലു സ്ഥാനങ്ങള്‍ മേലേക്കുയരാന്‍ ഈ വര്‍ഷം സാധിച്ചു. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട്, ബെസ്റ്റ് സ്റ്റാഫ് സര്‍വീസ് ഇന്‍ ദി മിഡില്‍ ഈസ്റ്റ് അംഗീകാരങ്ങളും എയര്‍പോര്‍ട്ടിനു ലഭിച്ചിരുന്നു.

Latest