ഹോണ്ടയുടെ ഏറ്റവും വിലക്കുറവുള്ള സ്‌കൂട്ടര്‍; വില 42,499 രൂപ

Posted on: June 21, 2017 11:15 am | Last updated: June 21, 2017 at 10:52 am

ന്യൂഡല്‍ഹി: ഹോണ്ടയുടെ ഏറ്റവും വിലക്കുറവുള്ള സ്‌കൂട്ടര്‍ ക്ലിക് ( cliq)വിപണിയിലെത്തി. ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 42,499 രൂപയാണ്. ഹോണ്ടയുടെ ആറാമത്തെ സ്‌കൂട്ടര്‍ മോഡലാണ് ക്ലിക്.

ആക്ടിവ ഫോര്‍ ജി. ആക്ടിവ ഐ, ഡിയോ, ഏവിയേറ്റര്‍ മോഡലുകളില്‍ കഴിവു തെളിയിച്ച 110 സിസി,സിംഗിള്‍ സിലിണ്ടര്‍,ഫോര്‍ സ്‌ട്രോക്ക്, ഫാന്‍ കൂള്‍ഡ് എന്‍ജിനാണ് ക്ലിക്കിനും.എട്ട് ബിഎച്ച്പി 8.94 എന്‍എം ആണ് എന്‍ജിന്‍ ശേഷി ഗീയര്‍ലെസ് ട്രാന്‍സ്മിഷനാണ്. മണിക്കൂറില്‍ 83 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.

മുന്നിലും പിന്നിലും 10 ഇഞ്ച് വീലുകള്‍ ഉപയോഗിക്കുന്ന ക്ലിക്കിന് 130 മിമീ ഡ്രം ബ്രേക്കുകളാണ്. മോശമായ റോഡില്‍ മെച്ചപ്പെട്ട ഗ്രിപ്പ് ഉറപ്പാക്കുന്ന പ്രത്യക ബ്ലോക്ക് പാറ്റേണ്‍ ടയറുകളാണിതിന്. കോംബി ബ്രേക്ക് (പിന്നിലെ ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ മുന്‍ബ്രേക്കും പ്രവര്‍ത്തിപ്പിച്ച് ബ്രേക്ക് കാര്യക്ഷമത കൂട്ടുന്ന സംവിധാനം) സിസ്റ്റവും ക്ലിക്കിനുണ്ട്.

സീറ്റ് ഉയരം കുറവാണ് 743 മിമീ. ഭാരം 102 കിലോഗ്രാമേയുള്ളൂ. ട്രാഫിക്ക് തിരക്കിനിടയ്ക്ക് സ്‌കൂട്ടര്‍ അനായാസം കൈകാര്യം ചെയ്യുന്നതിന് ഭാരക്കുറവ് സഹായകമാകും. ഗ്രൗണ്ട് ക്ലിയറന്‍സ് 154 മിമീ. സീറ്റിന് അടിയില്‍ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്ലിക് ഉപയോഗിക്കാം. റെഡ്, ബ്ലൂ, ബ്ലാക്ക്, ഗ്രേ എന്നീ ബോഡി നിറങ്ങളില്‍ ഹോണ്ട ക്ലിക് ലഭ്യമാണ്.