Connect with us

Articles

രാംനാഥ് കോവിന്ദും പ്രതിപക്ഷവും

Published

|

Last Updated

പ്രതിപക്ഷ ഐക്യം. രാജ്യം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളില്‍ അമരുന്നത് തടയാനുള്ള ഏക മാര്‍ഗം. ഐക്യത്തിന് മാര്‍ഗങ്ങള്‍ ആരായാന്‍ തുടങ്ങിയത് 2014 മെയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി ലോക് സഭയില്‍ ഒറ്റക്ക് അധികാരത്തിലെത്തിയ നാള്‍ മുതലാണ്. കൃത്യമായി പറഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം കടലില്‍ മുങ്ങിയ സമയം മുതല്‍. കേവല ഭൂരിപക്ഷം നേടിയ ബി ജെ പിയും അവര്‍ക്കൊപ്പം അണിനിരന്ന കരിങ്കാലിപ്പാര്‍ട്ടികളും ചേര്‍ന്ന് ആകെ നേടിയത് 31 ശതമാനം വോട്ട് മാത്രം. ഇപ്പുറത്ത് ആകെയുള്ളത് 69 ശതമാനം വോട്ട്. ഈ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ നരേന്ദ്ര മോദിയുടെയോ ബി ജെ പിയുടെയോ അവരെയാകെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയോ പൊടി, അധികാരസോപാനത്തിലുണ്ടാകുകയേയില്ല!
പൂര്‍വസൂരികള്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തന്റെ പക്കലുമുണ്ടെന്ന ബലത്തില്‍ (കെ കരുണാകരനോട് കടപ്പാട്) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ മതനിരപേക്ഷ സഖ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ദീര്‍ഘകാലമായി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന പ്രകാശ് കാരാട്ട് (ഇപ്പോള്‍ സീതാറാം യെച്ചൂരി) വരെയും ഏകാധിപതിയുടെ ച്ഛായയില്‍ നില്‍ക്കുന്ന മമതാ ബാനര്‍ജി മുതല്‍ പ്രത്യയശാസ്ത്രത്തിന്റെ കെട്ടുപാടുകളില്ലാത്ത ജനാധിപത്യത്തിന്റെ കാവല്‍ മാലാഖയായ അരവിന്ദ് കെജ്‌രിവാള്‍ വരെയും പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറഞ്ഞു. സംഘഗാനം മുഴങ്ങുന്നതിനിടെയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ബെല്ലടിച്ചത്. ഭിന്നിച്ച് മത്സരിക്കുന്നതിന് ന്യായമുണ്ടായിരുന്നു കോണ്‍ഗ്രസിന്, ആം ആദ്മി പാര്‍ട്ടിക്ക്, ബി എസ് പിക്ക്, സമാജ്‌വാദി പാര്‍ട്ടിക്ക് എന്തിന് എല്ലാ മണ്ഡലത്തിലും പത്ത് വോട്ട് തികച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത സി പി എമ്മിന്.

ബീഹാറില്‍ മണി മുഴങ്ങിയപ്പോള്‍ കഥയില്‍ കുറച്ച് മാറ്റം വന്നു. നിതീഷ് കുമാറും ലാലുവും കൈകോര്‍ത്തപ്പോള്‍ ഒപ്പം നിന്നു കോണ്‍ഗ്രസ്. അന്നുയര്‍ന്ന വലിയ ചര്‍ച്ച ജനതാദളങ്ങളുടെ ഏകീകരണമായിരുന്നു. ജനതാദള്‍ യുണൈറ്റഡ്, ജനതാദള്‍ എസ് (ദേവഗൗഡ ഫെയിം), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ബിജു ജനതാദള്‍ (നവീന്‍ പട്‌നായിക്ക് ഫെയിം), രാഷ്ട്രീയ ലോക്ദള്‍ (അജിത് സിംഗ് ഫെയിം) എന്നിങ്ങനെയുള്ളവയുടെ ഏകീകരണം. ബീഹാറില്‍ മതനിരപേക്ഷ മഹാസഖ്യത്തോടൊപ്പം നില്‍ക്കാന്‍ സമാജ്‌വാദിയോ ജനതാദളോ (എസ്) തയ്യാറാകാതിരുന്നതോടെ ഗണപതിക്കുവെച്ച ഏകീകരണം കാക്കകൊത്തിപ്പോയി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍ സി പിയും മൂപ്പിളമത്തര്‍ക്കത്തിലേര്‍പ്പെട്ട്, പ്രതിപക്ഷ ഐക്യം ബലപ്പെടുത്തി. ശിവസേനയെ പിന്തള്ളി, ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും വരുംകാലത്ത് ശിവസേനയില്ലാതെ അധികാരത്തിലെത്താന്‍ തങ്ങള്‍ക്കാകുമെന്ന് വെല്ലുവളി ഉയര്‍ത്തുകയും ചെയ്തു.
ഉത്തര്‍ പ്രദേശ് മുതല്‍ മണിപ്പൂര്‍ വരെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും പ്രതിപക്ഷ ഐക്യം വാചാലമായി. ഒന്നായ സമാജ്‌വാദി പാര്‍ട്ടിയെ രണ്ടായി കണ്ട് കോണ്‍ഗ്രസ് സഖ്യത്തിലായത് മാത്രം മിച്ചം. വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളുമൊക്കെ ഒറ്റക്ക് കച്ചകെട്ടി. പ്രതിപക്ഷ പാളയത്തെ വോട്ടുകള്‍ ഭിന്നിച്ച് സംഘ്പരിവാര രഥം അധികാരത്തിലേറി. മറ്റ് നാലിടത്ത് കൂടി ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ദീര്‍ഘനിശ്വാസം – പ്രതിപക്ഷ ഐക്യം. എല്ലായിടത്തും ഒറ്റക്ക് മത്സരിച്ച് “കരുത്ത് തെളിയിക്കാനായതി”ല്‍ ആത്മസംതൃപ്തിയുള്ള ഇടതുപക്ഷവും ഈ ദീര്‍ഘ നിശ്വാസം പങ്കിട്ടു – പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം.

തിരഞ്ഞെടുപ്പുകള്‍ക്കപ്പുറത്ത് രാജ്യത്തെ ഇളക്കിമറിച്ച പ്രശ്‌നങ്ങളുണ്ടായപ്പോഴുമുണ്ടായി ഐക്യാഹ്വാനങ്ങള്‍. മാട്ടിറച്ചി നിരോധം പ്രാബല്യത്തിലാക്കി മഹാരാഷ്ട്ര നിയമം കൊണ്ടുവന്നതിന് പിറകെ ഗോവധ നിരോധം രാജ്യത്ത് നടപ്പാക്കാന്‍ സംഘ്പരിവാര പിന്തുണയുള്ള അക്രമി സംഘങ്ങള്‍ രംഗത്തെത്തുകയും ദാദ്രിയില്‍ തുടങ്ങിയ കൊലകള്‍ മറ്റു ദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തപ്പോള്‍ യോജിച്ച് പ്രതിരോധിക്കണമെന്ന് ഉറക്കെച്ചിന്തിച്ചിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. സംഘ്്പരിവാര പിന്തുണയും ഭരണകൂടത്തിന്റെ മൗനാനുവാദവുമുള്ള അതിക്രമത്തെ അപലപിച്ചുള്ള പ്രസ്താവനകള്‍ കൊണ്ട് മാധ്യമ ഓഫീസുകള്‍ നിറച്ചു.
മദ്രാസ് ഐ ഐ ടിയില്‍ തുടങ്ങി, ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ജീവനെടുത്ത്, ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹികളുടെ പട്ടിക തീര്‍ത്ത്, കോടതി വളപ്പിലിട്ട് “പ്രതികളെ” കൈയേറ്റം ചെയ്ത് സംഘ്പരിവാരം മുന്നേറിയപ്പോള്‍ ഒറ്റക്കും കൂട്ടായും സാന്നിധ്യമറിയിച്ചു നമ്മുടെ പ്രതിപക്ഷ നേതാക്കള്‍. കന്നുകാലിക്കടത്തെന്ന് ആരോപിച്ച് ദളിതുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഉനയില്‍ രുപമെടുത്തെ പ്രതിഷേധവും സഹാരണ്‍പൂരില്‍ താക്കൂറുകളുടെ സംഘടിതാക്രമണത്തിനെതിരെ ഭീം ആര്‍മിയുടെ നേതൃത്വത്തിലുയര്‍ന്ന പ്രതിരോധവും സാന്നിധ്യം കൊണ്ട് ശക്തമാക്കാന്‍ പ്രതിപക്ഷക്കൂട്ടായ്മയുണ്ടായില്ല. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെ കര്‍ഷകര്‍ തെരുവിലിറങ്ങിയപ്പോഴും പ്രതിപക്ഷക്കൂട്ടായ്മയെ കണ്ടില്ല. ഈ പ്രശ്‌നങ്ങളൊക്കെ ആദ്യമറിഞ്ഞ് പ്രതിഷേധമുയര്‍ത്താനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണമൊരുക്കാനും ബാധ്യതയുണ്ട് ഐക്യാഹ്വാനക്കാരായ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക്. അതിനവര്‍ ഉണ്ടാകുന്നില്ല. ഇരകള്‍ സ്വയം പ്രതിഷേധശബ്ദവുമായെത്തുമ്പോള്‍ അതിനോട് ചേര്‍ന്നുനില്‍ക്കാനുള്ള ത്രാണി, പ്രസ്താവനകളിലൊഴിച്ച്, ഇല്ലാതെ പോയി ഈ പാര്‍ട്ടികള്‍ക്ക്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്, ബേങ്കിനും എ ടി എമ്മിനും മുന്നില്‍ ജനത്തെ വരിനിര്‍ത്തി ശിക്ഷിച്ചപ്പോള്‍ ഐക്യാഹ്വാനക്കാര്‍ വീണ്ടും യോഗം ചേര്‍ന്നു. നേതൃത്വം മമതാ ബാനര്‍ജിക്കും അരവിന്ദ് കെജ്‌രിവാളിനും നല്‍കാനാകില്ലെന്ന് പറഞ്ഞ് പിരിഞ്ഞു. മമതയുടെയും കെജ്‌രിവാളിന്റെയും പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ തെരുവിലിറങ്ങിയപ്പോള്‍ പാര്‍ട്ടി ഓഫീസുകളില്‍ അടയിരുന്ന്, പ്രതിപക്ഷ ഐക്യത്തിന്റെ കാലിക പ്രസക്തി ചര്‍ച്ചചെയ്തു. പ്രതിപക്ഷ ഐക്യമങ്ങനെ പൂത്തുലഞ്ഞുനില്‍ക്കുമ്പോഴാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പു വരുന്നത്. ഒറ്റക്കെട്ടായി നേരിടുമെന്ന് വെവ്വേറെ പ്രസ്താവനയിറക്കി ആദ്യം. പിന്നെ ഒരുമിച്ചിരുന്ന് ആലോചിച്ചു. സ്വന്തം സ്ഥാനാര്‍ഥിയെ നിശ്ചയിച്ച്, നിലവില്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തുമല്ലാത്ത പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുക എന്നത് പഴഞ്ചന്‍ തന്ത്രമെന്ന് വിലയിരുത്തി. ഭരണപക്ഷം അവരുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് അറിയിക്കട്ടെ അതിന് ശേഷം മത്സരതന്ത്രം നിശ്ചയിക്കാമെന്ന് നിരൂപിച്ച് പിരിഞ്ഞു. ഏവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ആലോചിക്കാമെന്ന നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിന്റെ വാഗ്ദാനം അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് ഉറപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ മുതല്‍ സി പി എം ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ കൈയടിച്ചു. കാത്തിരുന്നു കാണുകയും എതിരാളിയുടെ കൈയറിഞ്ഞ് കളിക്കുകയും തന്ത്രമാണ്. പയറ്റില്‍ ജയിച്ചില്ലെങ്കിലും എതിരാളിയെ വിറപ്പിക്കാന്‍ അതുധാരാളമെന്ന് ഗണിച്ചു.
ആ കളത്തിലേക്കാണ് ബീഹാര്‍ ഗവര്‍ണറും ദളിത് നേതാവുമായ രാം നാഥ് കോവിന്ദിനെ നരേന്ദ്ര മോദി കൊണ്ടുവന്നു നിര്‍ത്തിയത്. എല്‍ കെ അഡ്വാനി, മോഹന്‍ ഭഗവത്, ദ്രൗപതി മുര്‍മു, സുഷമ സ്വരാജ്, തവര്‍ ചന്ദ് ഗെലോട്ട് എന്നിങ്ങനെ ജ്യോതിഷികള്‍ക്ക് പ്രവചിപ്പാന്‍ പല പേരുകള്‍ നല്‍കിക്കൊണ്ടൊരു പുഴിക്കടകന്‍. വിവാദമുക്തന്‍, വിനീതവിധേയന്‍, ദുര്‍ബലജനത്തിന്റെ പ്രതിനിധി എന്നിങ്ങനെ വാഴ്ത്തുവചനങ്ങള്‍ ഏറെയുണ്ട് രാം നാഥ് കോവിന്ദിന്. അവ കൊണ്ട് സംഘ്പരിവാര ബന്ധവും വര്‍ഗീയ അജന്‍ഡകളോടുള്ള പ്രതിബദ്ധതയും മറക്കപ്പെടുമ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ദളിത് വിഭാഗക്കാരനല്ലെങ്കില്‍ പിന്തുണ എന്‍ ഡി എക്കെന്ന് ബി എസ് പി പ്രഖ്യാപിച്ചു. ബീഹാര്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നതിലെ സന്തോഷം മറച്ചുവെക്കാന്‍ പണിപ്പെട്ടു ജെ ഡി (യു) നേതാവ് നിതീഷ് കുമാര്‍. ബീഹാറിലെ മഹാ വിജയത്തിന് ശേഷം നരേന്ദ്ര മോദിയോട് മൃദുമനസ്സുണ്ടാകുകയും നോട്ട് നിരോധത്തില്‍പ്പോലും പിന്തുണയര്‍പ്പിക്കുകയും പ്രതിപക്ഷ ചര്‍ച്ചകള്‍ക്ക് ഇല്ലാത്ത സമയം പ്രധാനമന്ത്രിയുടെ വിരുന്നിനുണ്ടാകുകയും ചെയ്യുന്ന നിതീഷ്, കോവിന്ദിനെ പിന്തുണക്കാന്‍ സാധ്യത ഏറെ. ഇതിന് പിറകെയാണ് തെലങ്കാന രാഷ്ട്ര സമിതിക്കും ജയലളിതക്കു ശേഷം പലതായി നില്‍ക്കുന്ന എ ഐ എ ഡി എം കെക്കും നവീന പടനായകന്റെ ബിജു ജനതാദളിനും കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആനന്ദാതിരേകമുണ്ടായത്. അതോടെ തീര്‍ന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പയറ്റു തന്ത്രവും എതിരാളിയെ വിറപ്പിക്കും വിധത്തിലുള്ള മത്സരവും.

ദളിത് വിഭാഗത്തില്‍ നിന്നുള്ള, വിവാദ മുക്ത സൗമ്യ മുഖത്തെ അവതരിപ്പിക്കുന്നതിലൂടെ പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കാനാകുമെന്ന മോദി – ഷാ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. യോജിച്ച് എതിര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് ഒരിടത്തും യോജിക്കാനാകുന്നില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിച്ചു അവര്‍ക്ക്. പ്രതിപക്ഷ പാര്‍ട്ടികളുടെയും എന്‍ ഡി എ ഇതര പാര്‍ട്ടികളുടെയും നേതാക്കളുമായി ആശയവിനിമയം നടത്തി എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയെ മത്സരിപ്പിച്ച്, ഏകാധിപത്യമുഖം കൂടി പേറുന്ന വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ ഞങ്ങളുണ്ടാകുമെന്ന് ജനത്തോട് പറയാനുള്ള അവസരമാണ് മൂന്ന് വര്‍ഷമായി ആവര്‍ത്തിക്കപ്പെടുന്ന പ്രതിപക്ഷ ഐക്യം ഇല്ലാതാക്കിയത്. തീവ്ര ഹിന്ദുത്വം സകലതിലും പിടിമുറുക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ രാജ്യദ്രോഹത്തിന്റെ കള്ളിയില്‍പ്പെടുത്തുകയും സവര്‍ണാധിപത്യം ഉറപ്പാക്കാന്‍ പാകത്തില്‍ സോഷ്യല്‍ എന്‍ജിനീയറിംഗ് നടപ്പാക്കപ്പെടുകയും ഭീതിയുടെ അന്തരീക്ഷത്തിന് കനമേറുകയും ചെയ്യുന്ന ഈ കാലത്ത് പഴയ തന്ത്രങ്ങള്‍ മതിയാകില്ലെന്ന് മനസ്സിലാക്കാത്തവരുടെ ഐക്യപ്പെടല്‍ പ്രയോജനരഹിതമാണ്. അവകാശങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ ഇല്ലാതാകുന്നത്, കാത്തിരുന്ന് കാണാനേ അവര്‍ക്കാകൂ. എതിരാളിയുടെ കൈയറിയുമ്പോഴേക്കും കളി കൈവിട്ടിട്ടുണ്ടാകുമെന്ന് ഇനിയും ബോധ്യപ്പെടാത്തവര്‍ക്ക് പുതിയ രാഷ്ട്രപതിക്ക് ഭാവുകങ്ങള്‍ മുന്‍കൂറായി നല്‍കാം, 2019നായി കാത്തിരിക്കാം.

Latest