ദുബൈയുടെ ആകാശത്ത് എയര്‍ ടാക്‌സികള്‍ ഈ വര്‍ഷാവസാനത്തോടെ

Posted on: June 20, 2017 5:13 pm | Last updated: June 20, 2017 at 5:17 pm

ദുബൈ: ദുബൈയുടെ ആകാശ വേഗങ്ങളെ കീഴടക്കാന്‍ ഇനി എയര്‍ ടാക്‌സിയും. ഈ വര്‍ഷാവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ ദുബൈയുടെ ആകാശത്തിലേക്ക് എയര്‍ ടാക്‌സികള്‍ പറന്നുയരുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അധികൃതര്‍ പറഞ്ഞു. എയര്‍ ടാക്‌സിയുടെ പ്രവര്‍ത്തന കാര്യക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതിനാണ് ഈ വര്‍ഷാവസാനത്തോടെ പരീക്ഷണ പറക്കല്‍ ആരംഭിക്കുന്നത്. രണ്ട് യാത്രക്കാരെ വഹിച്ചു പറക്കാന്‍ ശേഷിയുള്ള അത്യാധുനിക ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള എയര്‍ ടാക്‌സിയുടെ നിര്‍മാണത്തിന് ജര്‍മനിയിലെ പ്രമുഖ നിര്‍മാതാക്കളായ വോളോകോപ്റ്റര്‍ കമ്പനിയുമായി ആര്‍ ടി എ ധാരണാ പത്രം ഒപ്പു വെച്ചു. യാത്രക്കായി പറന്നുയരുന്ന എയര്‍ ടാക്‌സിയില്‍ പൈലറ്റുണ്ടാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ആഗോള തലത്തില്‍ ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കിയെടുക്കുക എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അഭിലാഷങ്ങള്‍ക്ക് കരുത്തു പകരുന്നതിനാണ് എയര്‍ ടാക്‌സി ചിറകടിക്കുക. ദുബൈ നഗരത്തിന്റെ ഗാതാഗത പരിസ്ഥിതിക്ക് അനുയോജ്യമായ അത്യാധുനിക സംവിധാനത്തോടെയുള്ള ഓട്ടോമാറ്റിക് വാഹനങ്ങളെ ഗതാഗത മേഖലയില്‍ കൂടുതല്‍ ഉള്‍പെടുത്തുന്നതിനാണ് ആര്‍ ടി എയുടെ ലക്ഷ്യം.

2030ഒാടുകൂടി ദുബൈ നഗരത്തിലെ മൊത്തം ഗതാഗതത്തിന്റെ നാലിലൊന്ന് സ്മാര്‍ട് ആട്ടോമാറ്റിക് സംവിധാനത്തിലേക്ക് ഉള്‍പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുന്നതിനാണ് എയര്‍ ടാക്‌സി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ദുബൈ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പുതിയ മാനങ്ങള്‍ നല്‍കി വേഗതയേറിയതും സുരക്ഷിതവും സുഗമവുമായ യാത്രാ സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ സംതൃപ്തിയും ഉന്നത ജീവിത രീതിയൊരുക്കുകയുമാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യമെന്ന് ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

ഉന്നത സുരക്ഷാ മുന്നൊരുക്കങ്ങള്‍ കൂട്ടിയോജിപ്പിച്ച എയര്‍ ടാക്‌സിക്ക് പൂര്‍ണമായും വൈദ്യുതി നിയന്ത്രിതമായിരിക്കും.സുഗമമായി പറന്നുയരുന്നതിനും യാത്ര തുടരുന്നതിനും സുരക്ഷിതമായ ലാന്‍ഡിംഗിനും 18 അതിശക്തമായ പങ്കകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ടാകുക. ഇതില്‍ ഏതെങ്കിലുമൊന്ന് തകരാറിലായാല്‍ മറ്റുള്ളവയുടെ സഹായത്തോടെ എയര്‍ ടാക്‌സിയുടെ യാത്ര മുടങ്ങില്ല എന്നതാണ് ഇതിന്റെ സവിശേഷത. പൈലറ്റില്ലാതെ യാത്രക്കാരെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് വഹിച്ചു കൊണ്ട് പോകാനുള്ള ശേഷിയോട് കൂടിയാണ് എയര്‍ ടാക്‌സികളുടെ രൂപ കല്‍പന, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൈലറ്റില്ലാ എയര്‍ ടാക്‌സികളുടെ പ്രവത്തനവും നിയമ രൂപവത്കരണവും ലോകത്തു തന്നെ ആദ്യമായിട്ടാണ്. എയര്‍ ടാക്‌സികളുടെ വ്യോമ പാത, ടേക്ക് ഓഫ്, ലാന്‍ഡിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവ ആര്‍ ടി എയുടെ മറ്റ് സഹകാരികളുടെ സഹായത്തോടെ നിര്‍ണയിക്കും. എയര്‍ ടാക്‌സികള്‍ യാത്ര പഥത്തിലെത്തുന്നതോടെ സുരക്ഷയുടെയും ഗുണ മേന്മയുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ നിര്‍മാണ കമ്പനികളുമായി ധാരണയിലെത്തും. അദ്ദേഹം വ്യക്തമാക്കി.

അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാവുന്ന വലിയ വീമാനങ്ങളിലേതിന് സമാനമായ പാരച്യൂട്ടുകള്‍, 40 മിനിറ്റുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന എയര്‍ ടാക്‌സികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ശേഷിയുള്ള ഒമ്പത് ബാറ്ററികള്‍, ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള പഌഗ് ഇന്‍ സംവിധാനം എന്നിവയാണ് എയര്‍ ടാക്‌സി വാഹനങ്ങളുടെ പ്രത്യേകത.

രണ്ട് പേര്‍ക്കിരിക്കാവുന്ന അത്യാഢംബര രീതിയില്‍ തീര്‍ത്ത ലതര്‍ സീറ്റുകള്‍, പാരിസ്ഥിതി സൗഹൃദ സൗരോര്‍ജത്തില്‍ നിന്നുത്പാദിപ്പിക്കുന്ന വൈദ്യുതോര്‍ജം, നന്നേ ശബ്ദകുറവ്, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ 30 മിനുറ്റ് പറക്കാനും 100 കിലോമീറ്റര്‍ വേഗതയില്‍ പറന്നു പൊങ്ങാനുമുള്ള കഴിവ്, തറയില്‍ നിന്ന് രണ്ട് മീറ്റര്‍ ഉയരം, ഏഴ് മീറ്റര്‍ വ്യാസത്തില്‍ പങ്കകളടങ്ങുന്ന വലിയ റിം എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകള്‍.