Connect with us

Editorial

തെരുവുനായ ശല്യവും സര്‍ക്കാര്‍ നിലപാടും

Published

|

Last Updated

തെരുവുനായ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ പ്രസക്തമാണ്. തെരുവുനായകളുടെ വിളയാട്ടം സൃഷ്ടിക്കുന്ന ഭീതിജനകമായ അവസ്ഥ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതിന് കണക്കുകളും വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുക, പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍ നിയമ നടപടിയെ നേരിടുന്നവര്‍ക്ക് ഡല്‍ഹി യാത്രക്കുള്ള ചെലവ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാക്കുന്നതിന് ഉത്തരവ് നല്‍കുക, കേസ് നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മുതിര്‍ന്ന അഭിഭാഷകരെ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കത്തില്‍ ചെന്നിത്തല ആവശ്യപ്പെടുന്നത്. നായയുടെ കടിയേറ്റ് ആറ്റിങ്ങല്‍ സ്വദേശി കുഞ്ഞുകൃഷ്ണന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നായശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഈ ഇടപെടല്‍.

തെരുവുനായ ശല്യം സംസ്ഥാനത്തെ ഏതെങ്കിലുമൊരു പ്രദേശത്തിന്റെ പ്രശ്‌നമല്ല. ഗ്രാമ,നഗര വ്യത്യാസമില്ലാതെ ഒന്നാകെ അഭിമുഖീകരിക്കുന്ന ഗുരുതരമായ വിഷയമാണ്. നൂറുകണക്കിനാളുകളാണ് തെരുവ്‌നായയുടെ ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ കടിയേറ്റ് മരിച്ചു. കാട്ടുമൃഗങ്ങളെ പോലെ അവ മനുഷ്യരെ കടിച്ചുകീറുകയാണ്. കൊന്നൊടുക്കുകയോ നിയന്ത്രണ വിധേയമാക്കാനുള്ള മറ്റു നടപടികളോ ഇല്ലാത്തതിനാല്‍ അവയുടെ എണ്ണം ഭീതിതമാം വിധം വര്‍ധിക്കുകയുമാണ്. പ്രശ്‌നം എങ്ങനെ പരിഹരിക്കണണെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയുമാണ്. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് നായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍, നായ്ക്കളെ കൊന്നൊടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ചു എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം കൈമാറുമെന്നും തദ്ദേശമന്ത്രി പറഞ്ഞിരുന്നതാണ്. എന്നാല്‍, നായ്ക്കളെ കൊല്ലേണ്ടതില്ലെന്നും വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കി പ്രശ്‌നം പരിഹരിക്കുമെന്ന നിലപാടിലേക്ക് മാറുകയായിരുന്നു പിന്നീട് സംസ്ഥാന സര്‍ക്കാര്‍. കൊല്ലുന്നതിനെതിരെ മൃഗസംരക്ഷണ ബോര്‍ഡിന്റെയും മേനകാഗാന്ധി ഉള്‍പ്പെടെ “മൃഗസ്‌നേഹികളു”ടെയും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരിക്കണം നിലപാട് മാറ്റം.

വന്ധ്യംകരണത്തിലൂടെ തെരുവുനായ്ക്കളുടെ എണ്ണം കുറക്കുന്നത് നിലവില്‍ അത്ര പ്രായോഗികമല്ല. വന്ധ്യംകരണ ശസ്ത്രക്രിയക്ക് പ്രത്യേക സര്‍ജിക്കല്‍ ലാബ് വേണം. ശസ്ത്രക്രിയക്ക് ശേഷം മുറിവുണങ്ങുന്നതിന് മൂന്നു ദിവസം മുതല്‍ ഏഴു ദിവസം വരെ അവയെ സുരക്ഷിതമായി പാര്‍പ്പിച്ച് പരിപാലിക്കേണ്ടതുമുണ്ട്. അതിന് സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തണം. ഇതെല്ലാം സജ്ജീകരിച്ചാല്‍ തന്നെ നായ്ക്കളെ പിടികൂടുന്നതിന് നായപിടുത്തക്കാരെ ലഭിക്കാനുമില്ല. പദ്ധതിക്ക് തുടക്കം കുറിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് താമസിയാതെ അത് നിര്‍ത്തേണ്ടി വരികയും ചെയ്തിട്ടുണ്ട്.

ഈ സാമൂഹിക പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തവും പ്രായോഗികവുമായ ഒരു നിലപാട് കൈക്കൊള്ളേണ്ടതുണ്ട്. അക്രമകാരികളും ജനങ്ങള്‍ക്ക് ഭീതിസൃഷ്ടിക്കുന്നതുമായ നായ്ക്കളെ കൊല്ലുകയാണ് പ്രായോഗിക പരിഹാരം. കടപ മൃഗസ്‌നേഹികളുടെ പ്രതിഷേധങ്ങള്‍ അവഗണിക്കാവുന്നതേയുള്ളൂ. നായയുടെ ജീവനേക്കാള്‍ മനുഷ്യന്റെ ജീവന് തന്നെയാണ് വില. സാധാരണക്കാരെ പോലെ തെരുവുകളിലൂടെ യാത്ര ചെയ്യേണ്ടതില്ലാത്ത മേനകമാര്‍ക്ക് ഇക്കാര്യത്തില്‍ പൊതുസമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളും യാതനകളും അറിഞ്ഞിരിക്കണമെന്നില്ല. കൊന്നൊടുക്കിയാണ് അടുത്ത കാലം വരെ പ്രശ്‌നം പരിഹരിച്ചിരുന്നത്. കടപ മൃഗസ്‌നേഹികളുടെ കടന്നുവരവോടെയും വിദഗ്ധരായ നായ പിടുത്തക്കാരെ കിട്ടാനില്ലാത്തത് കൊണ്ടുമാണ് അതു നിന്നുപോയത്. മനുഷ്യരെ കടിച്ചുകീറുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്ന് ഹൈക്കോടതിവിധി ഉത്തരവുമുണ്ട്. ഈ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനുപം ത്രിപാഠി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചിട്ടില്ല. എന്നാലും ഇതുസംബന്ധിച്ചു ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഈ കേസില്‍ അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കുന്നതിന് അനുകൂലമായ വിധി സമ്പാദിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ് മറികടക്കാവുന്നതേയുള്ളൂ. ഇതിനായി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരുകയോ, പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ട പോലെ പ്രഗത്ഭനായ അഭിഭാഷകനെ നിയമിക്കുന്നത് ഉള്‍പ്പെടെ നിലവില്‍ ഇതുസംബന്ധിച്ചു കേസ് നടത്തുന്നവര്‍ക്ക് സഹായം ലഭ്യമാക്കുകയോ ചെയ്യുന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.