Connect with us

Editorial

പനിച്ചു വിറക്കുന്ന കേരളം

Published

|

Last Updated

പനി ബാധിതരെക്കൊണ്ട് സംസ്ഥാനത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ മഴക്കാലവുമായി ബന്ധപ്പെട്ട് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതിനകം നൂറ്റി ഇരുപതോളമായി. സ്വകാര്യ ആശുപത്രികളിലും പനിമരണങ്ങള്‍ ധാരാളമായി നടക്കുന്നുണ്ടെങ്കിലും അവയുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ തന്നെ പൂര്‍ണമല്ലെന്ന് പരാതിയുണ്ട്. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ വിവിധ തരം പനികള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലമ്പനി, ഡിഫ്ത്തീരിയ തുടങ്ങി ഏറെക്കുറെ നിര്‍മാര്‍ജനം ചെയ്തതായി കരുതിയ പല രോഗങ്ങളും തിരിച്ചുവന്നു കൊണ്ടിരിക്കയുമാണ്.

കാലവര്‍ഷമെത്തുമ്പോള്‍ കേരളം പനിയുടെ പിടിയിലമരുന്നത് വര്‍ഷങ്ങളായി പതിവാണ്. മഴക്കാലം പനിക്കാലം കൂടിയാണ് കേരളീയര്‍ക്ക്. ഓരോ വര്‍ഷവും രോഗം ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. ബോധവത്കരണം, ശുചീകരണം തുടങ്ങിയവ ഉള്‍പ്പെടെ പനിയും പകര്‍ച്ചവ്യാധികളും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അവ ഫലപ്രദമാകുന്നില്ലെന്നാണ് രോഗങ്ങളുടെ വ്യാപനവും വര്‍ധനയും കാണിക്കുന്നത്. രോഗബാധക്ക് ശേഷമുള്ള ചികിത്സക്കുപരി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ കൂടുതല്‍ ഫലപ്രദം. എന്നാല്‍ ആരോഗ്യവകുപ്പിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പല പ്രദേശത്തും വീടുകളിലെ നോട്ടീസ് വിതരണത്തില്‍ ഒതുങ്ങുകയാണ്. രോഗം വന്നതിന് ശേഷമാണ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കുടിവെള്ള ലഭ്യത വര്‍ധിപ്പിക്കാനും ഒരോ വര്‍ഷവും കോടികള്‍ സര്‍ക്കാര്‍ നീക്കിവെക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന ഫണ്ടുകള്‍ പല തദ്ദേശ സ്ഥാപനങ്ങളും നിര്‍ദിഷ്ട മേഖലയില്‍ ചെലവിടുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച തുക നൂറോളം പഞ്ചായത്തുകളും ചില നഗരസഭകളും ചെലവഴിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടാ യിരുന്നു. ജനസംഖ്യ വര്‍ധിക്കുകയും ഗ്രാമങ്ങള്‍ വളരെ വേഗത്തില്‍ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യവേ അതിനനുസൃതമായി പരിസര ശുചിത്വ,മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ശുദ്ധജലവിതരണം മെച്ചപ്പെടുത്തുന്നതിലും അധികൃതര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.

ഈ വര്‍ഷം സംസ്ഥാനത്ത് അനുഭവപ്പെട്ട രൂക്ഷമായ വരള്‍ച്ച കൂടിയാണ് രോഗവര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിണറുകളും ശുദ്ധ ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ തദ്ദേശസ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന വെള്ളമായിരുന്നു കൂടുതല്‍ പേര്‍ക്കും ആശ്രയം. ഈ വെള്ളം ദിവസങ്ങളോളം ശേഖരിച്ചു വെച്ചവരുണ്ട്. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നത് ശുദ്ധജലത്തിലാണ്. മാത്രമല്ല, വിതരണത്തിന് ശുദ്ധജലം വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ജലവിതരണ ജോലിക്കാര്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് വെള്ളം ശേഖരിച്ചിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.
അതേസമയം സര്‍ക്കാറിനെയോ, തദ്ദേശ സ്ഥാപനങ്ങളെയോ കുറ്റപ്പെടുത്തി സമൂഹത്തിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുമാകില്ല. രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളുടെ നശീകരണം, പരിസരം ശുചീകരണം തുടങ്ങിയവ പൗരന്മാരുടെ കൂടി ബാധ്യതയാണ്. വെള്ളം നിറച്ചുവെക്കുന്ന പാത്രങ്ങള്‍ കൊതുകു കടക്കാതെ അടച്ചു സൂക്ഷിക്കുക, ഗാര്‍ഹിക മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക, ഒഴിഞ്ഞ കുപ്പികള്‍, കാനുകള്‍, കപ്പുകള്‍ തുടങ്ങിയവ നശിപ്പിക്കുക. വെള്ളം കെട്ടിനില്‍ക്കുന്ന കുഴികള്‍, ഡ്രെയിനേജുകള്‍ എന്നിവ വൃത്തിയാക്കി വെള്ളം ഒഴുക്കിക്കളയുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഇല്ലായ്മ ചെയ്ത് രോഗം കടന്നു വരാതിരിക്കാന്‍ ഓരോ കുടുംബവും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വീടുകളിലും പരിസരങ്ങളിലും കൊതുകുകള്‍ വളരുന്നുണ്ടോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ദിനംപ്രതി വന്നു പരിശോധിക്കാനാകില്ല.

ശുചിത്വത്തില്‍ മലയാളി മറ്റാരേക്കാളുംശ്രദ്ധാലുവാണെന്നാണ് പറയപ്പെടാറ്. ഇത് പക്ഷേ നമ്മുടെ കുളിയിലും വീടകം വൃത്തിയായി സൂക്ഷിക്കുന്നതിലും ഒതുങ്ങുന്നു. പരിസര പ്രദേശങ്ങളും പൊതു ഇടങ്ങളും മാലിന്യങ്ങള്‍ പെരുകാതെ സൂക്ഷിക്കുന്നതില്‍ നാം ഒട്ടും ശ്രദ്ധിക്കാറില്ലെന്ന് മാത്രമല്ല, ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞു അവിടെ എലിക്കും കൊതുകിനും പെരുകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളാനുള്ള കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ പൊതുവഴികള്‍. ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും ജനങ്ങളൂടെ പൗരബോധത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ വേട്ടയാടുന്ന പല പകര്‍ച്ചവ്യാധികളും പൗര, ശുചിത്വ ബോധമില്ലായ്മയുടെ ഉത്പന്നങ്ങള്‍ കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Latest