യൂറോപ്യന്‍ ജനവിധി ലോകത്തിന് സമ്മാനിക്കുന്നത്

സോഷ്യലിസ്റ്റ് ബദല്‍ നയങ്ങള്‍ യുക്തിസഹമായി അവതരിപ്പിക്കുക വഴി ലേബര്‍ പാര്‍ട്ടിയുടെ പുതിയ മുഖം അനാവരണം ചെയ്യുകയാണ് കോര്‍ബിന്‍ ചെയ്തത്. അത് ജനം സ്വീകരിച്ചു. അവര്‍ തെരേസ മെയ്‌യുടെ ഒരു ചിറകരിഞ്ഞു. കോര്‍ബിന്റെ കിരീടത്തില്‍ ഒരു തൂവല്‍ വെച്ച് കൊടുത്തു. തീവ്രവലതുപക്ഷ യുക്തികളെ യഥാര്‍ഥ ജനപക്ഷ രാഷ്ട്രീയ നയം കൊണ്ട് തന്നെ വെല്ലുവിളിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ലേബര്‍ പാര്‍ട്ടിയുടെ 31 സീറ്റ് അധിക വിജയം ലോകത്തിന് തരുന്നത്. ആട്ടിയോടിച്ചും അതിര്‍ത്തിയടച്ചും ബഹുസ്വരത തകര്‍ത്തും സുരക്ഷാ ഭീതി പ്രസരിപ്പിച്ചും മുന്നേറുന്ന വിഭജന രാഷ്ട്രീയത്തിന് ദീര്‍ഘകാലം പിടിച്ചു നില്‍ക്കാനാകില്ലെന്ന പാഠവും ഇത് നല്‍കുന്നു. അതിനര്‍ഥം ബ്രിട്ടനും ഫ്രാന്‍സുമൊക്കെ സമ്പൂര്‍ണമായി മാറിക്കഴിഞ്ഞുവെന്നല്ല. അവയുടെ മേധാവിത്വപരമായ മുന്‍ഗണനകള്‍ അപ്പടി അസ്തമിച്ചുവെന്നും അര്‍ഥമില്ല. പക്ഷേ, പ്രതീക്ഷയുടെ ചെറുകിരണങ്ങള്‍ കൊണ്ട് ഈ വെയില്‍ സമ്പന്നമാണ്. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധിയെ തോല്‍പ്പിച്ചത് പോലുള്ള ജനാധിപത്യത്തിന്റെ അര്‍ഥവത്തായ ആവിഷ്‌കാരമായി ഇതിനെ കാണാം.
Posted on: June 18, 2017 6:59 am | Last updated: June 18, 2017 at 12:03 am

യൂറോപ്പിലെ രാഷ്ട്രീയ മണ്ഡലത്തില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വലിയ സ്വാധീനമുണ്ടാക്കുന്നുവെന്നതില്‍ ആശങ്കപ്പെടുന്നവര്‍ക്ക് ആശ്വാസം പകരുന്ന ജനവിധിയാണ് ബ്രിട്ടനിലും ഫ്രാന്‍സിലും സാധ്യമായിരിക്കുന്നത്. ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ നേടിയ വിജയത്തിന്റെ ചിറകിലേറി പ്രധാനമന്ത്രിപദത്തിലേക്ക് കുതിച്ച തെരേസ മെയുടെ അമിത ആത്മവിശ്വാസത്തിന് ബ്രിട്ടീഷ് ജനത കനത്ത തിരിച്ചടി നല്‍കി. ഫ്രാന്‍സില്‍ മാരിനെ ലീ പെന്‍ എന്ന അതിദേശീയവാദി നേതാവിനെ തറപറ്റിച്ച് പ്രസിഡന്റ്പദത്തിലെത്തിയ നിക്കോളാസ് മക്രോണിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്ന ജനവിധിയുണ്ടായി. മുന്‍ ഭരണപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും തീവ്രവലതുപക്ഷ പാര്‍ട്ടികളെയും മലര്‍ത്തിയടിച്ച് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും മക്രോണ്‍ തരംഗം ആഞ്ഞടിച്ചു. 577ല്‍ 445 സീറ്റിന്റെ ഭൂരിപക്ഷത്തോടെ മക്രോണിന്റെ ലാ റിപബ്ലിക്ക് എന്‍ മാര്‍ഷെയും സഖ്യകക്ഷികളും അധികാരത്തിലേറുമെന്ന് ഉറപ്പായിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളെ തമസ്‌കരിച്ച് കുടിയേറ്റവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും ഇടുങ്ങിയ ദേശീയവാദവും സുരക്ഷാ രാഷ്ട്ര ആധികളും ആളിക്കത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു വരാമെന്ന് തെളിയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ചുവടുപിടിച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ ഗോദയില്‍ ഇറങ്ങിയതെന്നോര്‍ക്കണം. എന്നാല്‍ പൗരസമൂഹങ്ങള്‍ എല്ലാം കണ്ണു തുറന്ന് കാണുന്നുണ്ടെന്നും മാധ്യമങ്ങളും ഭരണകൂടവും സൃഷ്ടിക്കുന്ന പൊതു ബോധത്തിന് നേര്‍വിപരീതമായ രാഷ്ട്രീയം അവരില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ബ്രിട്ടനിലെയും ഫ്രാന്‍സിലെയും തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളും നഗരഭരണകൂടങ്ങളും വൈറ്റ്ഹൗസിനെ വെല്ലുവിളിച്ച് ബദല്‍ നയസമീപനങ്ങള്‍ രൂപപ്പെടുത്താന്‍ തയ്യാറാകുന്നുവെന്നു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. അതോടൊപ്പം ജെറമി കോര്‍ബിനെന്ന ശരിയായ ലോകവീക്ഷണമുള്ള നേതാവിന്റെ ഉദയവും കാണണം.
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ വിട്ടുപോകണമോ വേണ്ടയോ എന്നായിരുന്നു ബ്രക്‌സിറ്റ് ഹിതപരിശോധനയിലെ ചോദ്യം. ഡേവിഡ് കാമറൂണ്‍ ‘നോ’ പക്ഷത്തിനായി ശക്തമായി വാദിച്ചു. യൂറോപ്പിന്റെ ലിബറല്‍ ഘടനക്ക് യോജിച്ച ഒന്നാണ് യൂറോപ്യന്‍ യൂനിയനെന്നും അതിര്‍ത്തികള്‍ അടച്ച് പൂട്ടി വെക്കുന്ന തീവ്ര ദേശീയത പുതിയ കാലത്തിന്റെതല്ലെന്നും അദ്ദേഹം വാദിച്ചു. കാമറൂണിനെ കുറിച്ച് എന്തെല്ലാം വിമര്‍ശങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ നിലപാട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ഉത്കൃഷ്ടമായ ഒന്നായിരുന്നു. പ്രത്യേകിച്ച്, ക്യാമ്പുകളുടെ നിഷ്‌ക്രിയത്വത്തില്‍ നിന്നും യുദ്ധഭൂമിയുടെ നില്‍ക്കക്കള്ളിയില്ലായ്മയില്‍ നിന്നും അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് പ്രവഹിക്കുന്ന ഘട്ടത്തില്‍. ജോലിചെയ്ത് ജീവിക്കാനായി എത്തുന്ന ഈ മനുഷ്യര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ സംവിധാനം വലിയ അനുഗ്രഹമാണ്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ജര്‍മനിയെപ്പോലെയുള്ള രാജ്യങ്ങളെ ശക്തിപ്പെടുത്താനും ഇ യു നിലനില്‍ക്കണമായിരുന്നു. എന്നാല്‍ തെരേസ മെയ് നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഫ്രാക്ഷന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത് കടക്കണമെന്ന് വാദിച്ചു. എന്തിന് മറ്റുള്ളവരുടെ ഭാരം ബ്രിട്ടന്‍ ഏല്‍ക്കണം? ബ്രിട്ടന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസമുണ്ട്. ഈ ദേശീയ ആത്മവിശ്വാസത്തില്‍ സംശയിക്കുന്നവരാണ് ബ്രക്‌സിറ്റിനെ എതിര്‍ക്കുന്നത്. ദേശീയ വികാരമുള്ളവരെല്ലാം ‘യെസ്’പറയണമെന്ന് തെരേസ പക്ഷം പ്രചരിപ്പിച്ചു. ദേശീയതയുടെ അപക്വമായ ആഘോഷത്തില്‍ ‘യെസ്’ പക്ഷം ജയിച്ചു. കാമറൂണ്‍ രാജിവെച്ചു. തെരേസ മെയ് പ്രധാനമന്ത്രിയായി.
ഈ ആത്മവിശ്വാസത്തിന്റെ പുറത്താണ് മൂന്ന് വര്‍ഷം സുഖമായി ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളപ്പോള്‍ അവര്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കൂടുതല്‍ ശക്തയാകുകയായിരുന്നു ലക്ഷ്യം. യൂനിയന്‍ വിടാനുള്ള തന്റെ തീരുമാനത്തിന് ശക്തമായ ജനപിന്തുണയാര്‍ജിച്ച് വിട്ടുപോരല്‍ വ്യവസ്ഥകളില്‍ വിലപേശാനായിരുന്നു തെരേസ മെയ് പദ്ധതിയിട്ടത്. ഈ മാസം ഒമ്പതിന് ഫലം വന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. പാര്‍ലിമെന്റില്‍ വന്‍ ഭൂരപക്ഷം ഉറപ്പിക്കാനിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷമേ നഷ്ടപ്പെട്ടു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല, തൂക്കു സഭ. 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 318 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത്. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 261 സീറ്റ് നേടി. കേവല ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റാണ് വേണ്ടത്. എട്ട് അംഗങ്ങളുടെ കുറവ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ പന്ത്രണ്ട് സീറ്റ് കുറഞ്ഞപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 31 സീറ്റ് വര്‍ധിച്ചു. സഭയില്‍ പത്തംഗങ്ങളുള്ള ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം തെരേസ തുടരുകയാണ്. എന്തെല്ലാം വിട്ടുവീഴ്ചകള്‍ക്ക് അവര്‍ തയ്യാറാകുമെന്നതാണ് ഇനി കാണാനുള്ളത്.
പരാജയത്തിന് സമാനമായ ഈ വിജയം ആദ്യം പ്രതിഫലനമുണ്ടാക്കുക അടുത്ത ദിവസം നടക്കുന്ന ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ തന്നെയായിരിക്കും. ഹിതപരിശോധനയില്‍ ബ്രിട്ടീഷ് ജനതക്ക് സംഭവിച്ചത് കൈയബദ്ധമായിരുന്നുവെന്ന് തെളിയിക്കുന്നതാണല്ലോ ഈ ഫലം. മാത്രമല്ല, തെരേസക്ക് ഇടം വലം നിന്ന് ബ്രക്‌സിറ്റിനായി വാദിച്ച നിരവധി മന്ത്രിമാരെ ജനം തോല്‍പ്പിച്ചിട്ടുണ്ട്. അതിന് പിറകേ പ്രധാനമന്ത്രിയുടെ രണ്ട് ഉപദേശകര്‍ ഇതിനകം രാജിവെച്ച് കഴിഞ്ഞു. ഇ യു ചട്ടപ്രകാരം വേര്‍പിരിയല്‍ പൂര്‍ണമാകണമെങ്കില്‍ നിരവധി തവണ പാര്‍ലിമെന്റിന്റെ അനുമതി ആവശ്യമാണ്. യൂനിയന്റെ ഭാഗമായി ഉണ്ടായിരുന്ന കരാറുകള്‍ പുതുക്കുമ്പോവും സാമ്പത്തിക നയം നിശ്ചയിക്കുമ്പോഴും നികുതി നിരക്കുകള്‍ പരിഷ്‌കരിക്കുമ്പോഴുമെല്ലാം പാര്‍ലിമെന്റിന്റെ സമ്മതം വേണ്ടി വരും. പുതിയ സാഹചര്യത്തില്‍ മെയ് സര്‍ക്കാറിന് ഈ ഘട്ടങ്ങളെല്ലാം ഊരാക്കുടുക്കുകളാകും സമ്മാനിക്കുക. ഫ്രാന്‍സില്‍ പുതുതായി അധികാരമേറ്റ പ്രസിഡന്റ് മക്രോണ്‍, ബ്രക്‌സിറ്റ് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിതപരിശോധന അന്തിമ വാക്കല്ല. ഭരണകൂടങ്ങള്‍ക്ക് അതില്‍ നിന്ന് പിറകോട്ട് പോകാം. ഈ ജനവിധി അങ്ങനെയൊരു വലിയ ക്യാന്‍വാസിലേക്ക് വളരുമോയെന്ന് കാലം തെളിയിക്കേണ്ടതാണ്.
ജെറമി കോര്‍ബിന്‍ എന്ന ശക്തനായ നേതാവിന്റെ ഉദയമാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത. ജനപക്ഷത്ത് നിന്ന് സൗമ്യനായി ആശയപ്രചാരണം നടത്തുന്ന കോര്‍ബിന് ലേബര്‍ പാര്‍ട്ടിക്കും മുകളിലുള്ള പ്രതിച്ഛായ കൈവന്നിരിക്കുന്നു. പാര്‍ട്ടിയില്‍ എക്കാലത്തും വിമതസ്വരമായിരുന്നു കോര്‍ബിന്റെത്. 400 തവണയാണ് അദ്ദേഹം വിപ്പ് ലംഘിച്ചത്. ടോണി ബ്ലെയറും ഗോര്‍ഡന്‍ ബ്രൗണും പാര്‍ട്ടി കീഴടക്കിയ കാലത്ത് ഇറാഖ് യുദ്ധത്തെയും നവഉദാരീകരണ നയങ്ങളെയും അദ്ദേഹം തുറന്നെതിര്‍ത്തു. ചതി നിറഞ്ഞ വിദേശനയത്തെ അദ്ദേഹം എക്കാലവും തള്ളിപ്പറഞ്ഞു. മാധ്യമങ്ങള്‍ അദ്ദേഹത്തെ നിരന്തരം ആക്രമിച്ചു. അദ്ദേഹം പക്ഷേ, മാധ്യമങ്ങളെ ഗൗനിച്ചതേയില്ല. അവരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നിന്നു കൊടുത്തില്ല. കുടുംബത്തെ ഫോട്ടോഷൂട്ടിനായി പ്രദര്‍ശിപ്പിച്ചില്ല. അദ്ദേഹത്തിന്റെ അലക്ഷ്യമായി നീട്ടിയ താടിയും കാഷ്വല്‍ വസ്ത്രധാരണ രീതി പോലും ‘വിമത’മായിരുന്നു.
പാര്‍ട്ടിയിലും പുറത്തും ശത്രുക്കള്‍ നിറയുമ്പോഴും ട്രേഡ് യൂനിയന്‍ സംഘാടനത്തിലെ ആത്മാര്‍ഥമായ ഇടപെടലുകളാണ് അദ്ദേഹത്തിന് തുണയായത്. ആ തുണയുമായാണ് 2015ലെ കനത്ത പരാജയത്തിന്റെ ഘട്ടത്തില്‍ കോര്‍ബിന്‍ ഏവരെയും ഞെട്ടിച്ച് ലേബര്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത്. അദ്ദേഹത്തിന് നയിക്കാനുണ്ടായിരുന്നത് അഭിപ്രായഭിന്നതകളുടെ കൂത്തരങ്ങായ പാര്‍ട്ടിയെ ആയിരുന്നു. ബ്രക്‌സിറ്റിനെ കോര്‍ബിന്‍ ശക്തമായി എതിര്‍ത്തപ്പോഴും ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ലേബര്‍ പാര്‍ട്ടിക്കാര്‍ വിട്ടുപോകലിനെ പിന്തുണച്ചു. അവരില്‍ പലരും പരമ്പരാഗത വോട്ടര്‍മാരും മുതിര്‍ന്ന പൗരന്‍മാരുമായിരുന്നു. ഹിതപരിശോധനയില്‍ നോ പക്ഷം തോറ്റതോടെ പാര്‍ട്ടിയില്‍ കോര്‍ബിനെതിരായ പടയൊരുക്കം ശക്തമായി. പ്രതിപക്ഷ സംവിധാനമായ ഷാഡോ ക്യാബിനറ്റില്‍ നിന്ന് പലരും രാജിവെച്ചു.
പ്രതിപക്ഷ നേതാവ് ഇങ്ങനെ പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കുകയാണെന്ന് കൂടി കണ്ടാണ് തെരേസ മെയ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനം കരുതി വെച്ചത് മറ്റൊന്നായിരുന്നു. പ്രചാരണഘട്ടത്തില്‍ സടകുടഞ്ഞ് എഴുന്നേറ്റ കോര്‍ബിനെയാണ് കണ്ടത്. (കേരളത്തിലെ വി എസിനോട് അദ്ദേഹത്തെ ഉപമിച്ചത് ഈ ഗുണം വെച്ചാണെന്ന് തോന്നുന്നു). തെരേസ മെയുടെ നയങ്ങളെ അദ്ദേഹം അത്യന്തം ഫലപ്രദമായി തുറന്ന് കാണിച്ചു. ആരോഗ്യപരിരക്ഷാ പദ്ധതികളില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. വൃദ്ധജനങ്ങള്‍ക്കുള്ള സഹായം നിര്‍ത്തിയ മെയ് സര്‍ക്കാറിന്റെ നയം വൈകാരിക സ്വാധീനമാണ് ജനങ്ങളിലുണ്ടാക്കിയത്. തുടര്‍ച്ചയായി അരങ്ങേറിയ ഭീകരാക്രമണങ്ങള്‍ പ്രചാരണ ആയുധമാക്കി ദേശീയത കത്തിച്ചു നിര്‍ത്താന്‍ മെയ് പക്ഷം ശ്രമിച്ചപ്പോള്‍ ആക്രമണങ്ങള്‍ ഒരു ദുരന്ത പ്രഭാതത്തില്‍ ഉണ്ടാകുന്നതല്ലെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു. ‘കഴിഞ്ഞ ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു തെരേസ മെയ് എന്ന് നിങ്ങള്‍ മറക്കരുത്. അന്ന് ഇതേ മെയ് ആണ് ആയിരം സായുധ പോലീസുകാരടക്കം ഇരുപതിനായിരം ഉദ്യോഗസ്ഥരെ വെട്ടിക്കുറച്ചത് എന്നും മറക്കരുത്. അപ്പോള്‍ മനസ്സിലാകും ഈ ഭീകരാക്രമണങ്ങളുടെ യഥാര്‍ഥ കാരണം’ – കോര്‍ബിന്‍ ആഞ്ഞടിച്ചു. കൃത്യമായ ബദല്‍ മുന്നോട്ട് വെച്ചു എന്നതാണ് ജെറമി കോര്‍ബിനെ വ്യത്യസ്തനാക്കുന്നത്. അഭയാര്‍ഥികളെ ദേശീയ തൊഴില്‍ ശേഷിയോട് കണ്ണി ചേര്‍ക്കുകയാണ് വേണ്ടത്. റെയില്‍വേ അടക്കമുള്ള എല്ലാ മേഖലയിലെയും സ്വകാര്യവത്കരണം അവസാനിപ്പിക്കും. യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം അടക്കം കൂടുതല്‍ മേഖലകള്‍ സൗജന്യമാക്കും. സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി കൊണ്ടു വരും. ജനങ്ങളുടെ പണം അന്യരാജ്യത്തെ യുദ്ധമുഖങ്ങളില്‍ വ്യയം ചെയ്യുന്നത് അവസാനിപ്പിക്കും. ഇങ്ങനെ പോകുന്നു കോര്‍ബിന്റെ വാഗ്ദാനങ്ങള്‍. സോഷ്യലിസ്റ്റ് ബദല്‍ നയങ്ങള്‍ യുക്തിസഹമായി അവതരിപ്പിക്കുക വഴി ലേബര്‍ പാര്‍ട്ടിയുടെ പുതിയ മുഖം അനാവരണം ചെയ്യുകയാണ് കോര്‍ബിന്‍ ചെയ്തത്. അത് ജനം സ്വീകരിച്ചു. അവര്‍ തെരേസ മെയ്‌യുടെ ഒരു ചിറകരിഞ്ഞു. കോര്‍ബിന്റെ കിരീടത്തില്‍ ഒരു തൂവല്‍ വെച്ച് കൊടുത്തു.
തീവ്രവലതുപക്ഷ യുക്തികളെ യഥാര്‍ഥ ജനപക്ഷ രാഷ്ട്രീയ നയം കൊണ്ട് തന്നെ വെല്ലുവിളിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ലേബര്‍ പാര്‍ട്ടിയുടെ 31 സീറ്റ് അധിക വിജയം ലോകത്തിന് തരുന്നത്. ആട്ടിയോടിച്ചും അതിര്‍ത്തിയടച്ചും ബഹുസ്വരത തകര്‍ത്തും സുരക്ഷാ ഭീതി പ്രസരിപ്പിച്ചും മുന്നേറുന്ന വിഭജന രാഷ്ട്രീയത്തിന് ദീര്‍ഘകാലം പിടിച്ചു നില്‍ക്കാനാകില്ലെന്ന പാഠവും ഇത് നല്‍കുന്നു. അതിനര്‍ഥം ബ്രിട്ടനും ഫ്രാന്‍സുമൊക്കെ സമ്പൂര്‍ണമായി മാറിക്കഴിഞ്ഞുവെന്നല്ല. അവയുടെ മേധാവിത്വപരമായ മുന്‍ഗണനകള്‍ അപ്പടി അസ്തമിച്ചുവെന്നും അര്‍ഥമില്ല. പക്ഷേ, പ്രതീക്ഷയുടെ ചെറുകിരണങ്ങള്‍ കൊണ്ട് ഈ വെയില്‍ സമ്പന്നമാണ്. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധിയെ തോല്‍പ്പിച്ചത് പോലുള്ള ജനാധിപത്യത്തിന്റെ അര്‍ഥവത്തായ ആവിഷ്‌കാരമായി ഇതിനെ കാണാം.