Connect with us

Ongoing News

കോണ്‍ഫെഡറേഷന്‍സ് കപ്പിന് ഇന്ന് കിക്കോഫ്

Published

|

Last Updated

മോസ്‌കോ: അടുത്ത വര്‍ഷം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയില്‍ ഇന്ന് ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന് കിക്കോഫ്. മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പത്താമത്തെ പതിപ്പാണ് റഷ്യയില്‍ നടക്കാന്‍ പോകുന്നത്.
1992 ല്‍ സഊദി അറേബ്യയില്‍ കിംഗ് ഫഹദ് കപ്പ് എന്ന പേരില്‍ സംഘടിപ്പിച്ചതാണ് ഇതിന്റെ ആദിമ രൂപം. 1995 ലും കിംഗ് ഫഹദ് കപ്പ് തുടര്‍ന്നു. 1997 ലാണ് ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്‍ഷിപ്പായി ഇത് രൂപാന്തരപ്പെടുന്നത്. മുഖ്യമായും വന്‍കരാ ചാമ്പ്യന്‍മാരുടെ പോരാട്ടമാണിത്. ആറ് വന്‍കരകളിലെയും ചാമ്പ്യന്‍മാരും ആതിഥേയരും ലോകകപ്പ് ചാമ്പ്യന്‍മാരും അണിനിരക്കുന്നതാണ് ടൂര്‍ണമെന്റ്.
ഇത്തവണ പങ്കെടുക്കുന്ന ടീമുകളില്‍ 2018 ലോകകപ്പ് ആതിഥേയരായ റഷ്യയും നിലവിലെ ലോക ജേതാക്കളായ ജര്‍മനിയും ആദ്യമേ ഇടം പിടിച്ചു. എ എഫ് സി ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയ, കോപ അമേരിക്ക ചാമ്പ്യന്‍മാരായ ചിലി, കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ജേതാക്കളായ മെക്‌സിക്കോ, ഒഷ്യാനിയ നാഷന്‍സ് കപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡ്, യൂറോ കപ്പ് ഉയര്‍ത്തിയ പോര്‍ച്ചുഗല്‍, ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ചാമ്പ്യന്‍മാരായ കാമറൂണ്‍ എന്നിങ്ങനെയാണ് പങ്കെടുക്കുന്ന ടീമുകള്‍.
രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് എയില്‍ റഷ്യ, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, മെക്‌സിക്കോ ടീമുകളും ഗ്രൂപ്പ് ബിയില്‍ കാമറൂണ്‍, ചിലി, ആസ്‌ത്രേലിയ, ജര്‍മനി ടീമുകളും മാറ്റുരക്കും. ഉദ്ഘാടന മത്സരത്തില്‍ റഷ്യയും ന്യൂസിലാന്‍ഡും ഏറ്റമുട്ടും.

Latest