Connect with us

Kerala

മാവോയിസ്റ്റ് ബന്ധം: അറസ്റ്റിലായ പെമ്പിളൈ ഒരുമൈ സമര സൂത്രധാരന് ജാമ്യം

Published

|

Last Updated

തൊടുപുഴ: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്ത പെമ്പിളൈ ഒരുമൈ സമര നേതാവിന് ജാമ്യം. പഴയ മൂന്നാര്‍ സ്വദേശി മനോജ് ജെയിംസി(29)നെയാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങളായി ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു യുവാവ്. മനോജിന് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും സംസ്ഥാനത്തിന് വിവരം നല്‍കിയിരുന്നു. മൂന്നാറില്‍ മനോജിന്റെ വസതിയില്‍ മാവോയിസ്റ്റ് പ്രമുഖ നേതാവായ ജെയ്‌സണ്‍ കൂപ്പറിന്റെ നേതൃത്വത്തില്‍ മൂന്ന് തവണ യോഗം ചേര്‍ന്നതായാണ് വിവരം. ഇന്റലിജന്‍സിന്റെ അറിയിപ്പിനെ തുടര്‍ന്ന് പോലീസ് മേധാവിയുടെ നിര്‍ദേശത്തിലാണ് യുവാവിനെ മൂന്നാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

മൂന്നാറില്‍ നടന്ന ദേശീയ ശ്രദ്ധ നേടിയ പെമ്പിളൈ ഒരുമൈ സമരത്തിന്റെ ബുദ്ധി കേന്ദ്രമായിരുന്നു മനോജെന്നാണ് വിവരം. മൂന്നാറില്‍ ടാറ്റാ കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്ന മനോജ് സമരത്തിന് എല്ലാ വിധ പിന്തുണയും നല്‍കിയിരുന്നു. കമ്പനി സൂക്ഷിച്ചിരുന്ന അതീവരഹസ്യ വിവരങ്ങള്‍ പലതും മനോജ് ചോര്‍ത്തിയെന്ന ആരോപണവും കമ്പനി മനോജിനെതിരെ ഉന്നയിച്ചിരുന്നു. സമരം കഴിഞ്ഞതോടെ കമ്പനിയില്‍ നിന്ന് മനോജിനെ പിരിച്ചു വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെമ്പിളൈ ഒരുമയുടെ പേരില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മൂന്നാര്‍ സമരത്തിന്റെ നാളുകളില്‍ തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു തീവ്രവാദ സംഘടന രംഗത്തുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മനോജിന്റെ കൂട്ടാളികളായ മറ്റു രണ്ട് പേരും പോലീസ് നിരീക്ഷണത്തിലാണ്. സമരത്തില്‍ പങ്കെടുത്തിരുന്നവര്‍ക്ക് മുദ്രാവാക്യങ്ങളടക്കം എഴുതി നല്‍കിയിരുന്നത് മനോജിന്റെ സഹപ്രവര്‍ത്തകരായ മൂന്ന് യുവാക്കളായിരുന്നു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ വൈദ്യുതി മന്ത്രി എം എം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് വിവിധ സംഘടനകളെ എത്തിച്ചിരുന്നതിന്റെ പിന്നിലും മനോജാണെന്നാണ് കരുതപ്പെടുന്നത്.