National
ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി
ഗോവ: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ച് ഹിന്ദുത്വ സന്യാസിനി. മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍ നിന്നുള്ള സാധ്വി സരസ്വതിയാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ബീഫ് കഴിക്കുന്നത് ചിലര്‍ അഭിമാന ചിഹ്നമായി കൊണ്ടു നടക്കുകയാണ്. ഇത്തരക്കാരെ തൂക്കിലേറ്റണം. ശിക്ഷ നടപ്പാക്കുന്നത് പരസ്യമായിട്ടായിരിക്കണമെന്നും സാധ്വി പറഞ്ഞു.
ഗോവയിലെ രാംനാഥിയില്‍ നടക്കുന്ന ചതുര്‍ദിന ഹിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇക്കാര്യത്തില്‍ ബി ജെ പി ജാഗ്രത പാലിക്കുന്നില്ലെന്നും വേദിയില്‍ പാര്‍ട്ടി നേതാക്കളെ ഇരുത്തി സരസ്വതി വിമര്‍ശിക്കുന്നുണ്ട്. സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് എന്ന് ഗോവ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ഗീരിഷ് ചോദാന്കര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.
കൈയടികളോടെയാണ് സാധ്വിയുടെ വിദ്വേഷ പ്രസംഗത്തെ യോഗത്തിലുണ്ടായിരുന്നവര്‍ സ്വീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി പ്രസിഡന്റാണ് സാധ്വി സരസ്വതി. ഗോവ ബി ജെ പി ഘടകം ഗോവധ നിരോധനത്തിന് എതിരാണ്.







