മെട്രോമാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു: തോമസ് ഐസക്

Posted on: June 16, 2017 10:20 am | Last updated: June 16, 2017 at 10:26 am
മെട്രോമാന്‍ ഇ.ശ്രീധരന്‍ ധനമന്ത്രി തോമസ് ഐസകുമായി കൂട്ടിക്കാഴ്ച നടത്തുന്നു.

തിരുവനന്തപുരം: താന്‍ പഠിച്ച എല്‍.പി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാനുള്ള ചുമതല ഡി.എം.ആര്‍.സിയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി കാണാനെത്തിയ മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഡി.എം.ആര്‍.സി സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സി അല്ലാത്തതിനാല്‍ ക്യാബിനറ്റില്‍ കൊണ്ട് പോയി ഡി.എം.ആര്‍.സിയ്ക്ക് ഇതിനുള്ള അനുവാദം കൊടുത്തുവെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മെട്രോമാന്‍ ഇ ശ്രീധരനെ കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം….

ഇ ശ്രീധരന്റെ സന്ദര്‍ശനത്തിന് സമയം ചോദിച്ചത് കാലത്ത് 8 മണിക്കായിരുന്നു . അദ്ദേഹം കൃത്യസമയത്ത് ഓഫീസില്‍ എത്തി . ഞാന്‍ 10 മിനിറ്റ് വൈകിയും . സന്തോഷം പറയാന്‍ വന്നതാണ് എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു കൊച്ചി മെട്രോയെ കുറിച്ചായിരിക്കും എന്ന്. പക്ഷെ അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് താന്‍ പഠിച്ച പട്ടാമ്പിക്കടുത്ത ചാതന്നൂര്‍ ഗവ. എല്‍ പി സ്‌ക്കൂളിനെ കുറിച്ചായിരുന്നു . അവിടെ രണ്ടു ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു .ഇ ശ്രീധരന്‍ പഠിച്ച സ്‌കൂള്‍ ആണെന്നതറിയാതെ ഡി എം ആര്‍ സി വഴി ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു . അങ്ങിനെയാണ് അദ്ധേഹം എന്റെയടുത്ത് വന്നത് . ഇപ്പോള്‍ അനുമതി കിട്ടിയാല്‍ മഴയ്ക്ക് മുന്‍പ് പണി തീര്‍ക്കാമെന്നായിരുന്നു എന്നദ്ദേഹം അന്ന് പറഞ്ഞത്. സാങ്കേതിക വൈതരണി മറികടക്കാന്‍ ക്യാബിനറ്റില്‍ കൊണ്ട് പോയി തീരുമാനം സര്‍ക്കാര്‍ തീരുമാനം മാറ്റിയെടുത്തു.

ഇത്രയും വിവരങ്ങള്‍ ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ .
അന്ന് പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. രണ്ടരമാസമേ എടുത്തുള്ളൂ, മഴയ്ക്ക് മുന്‍പ് കെട്ടിടം പണി പൂര്‍ത്തിയാക്കി ക്ലാസ് മുറികളില്‍ പഠിത്തവും തുടങ്ങി . ഇപ്പോള്‍ 254 കുട്ടികള്‍ പഠിക്കുന്നു.
4 ഡിവിഷനുകളിലും കിന്‍ഡര്‍ ഗാര്‍ട്ടനിലുമായി.

ഈ വര്‍ഷം 40 കുട്ടികള്‍ ആണത്രേ വര്‍ദ്ധിച്ചിരിക്കുന്നത് . അതിലുള്ള സന്തോഷം ശ്രീധരന്‍ മറച്ചു വച്ചില്ല . താന്‍ പഠിച്ച എല്‍ പി സ്‌കൂളിലെ രണ്ടു ക്ലാസ് മുറികള്‍ പൂര്‍ത്തീകരിച്ച കാര്യം പറയാന്‍ വേണ്ടി മാത്രം എന്നെ വന്നു കണ്ട മെട്രോമാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞു