സര്‍ക്കാറിന്റെ മദ്യനയം ബാറുടമകളുമായുണ്ടാക്കിയ രഹസ്യ നീക്കത്തിന്റെ ഭാഗം: മഞ്ഞളാംകുഴി അലി

Posted on: June 16, 2017 9:30 am | Last updated: June 16, 2017 at 9:33 am

പെരിന്തല്‍മണ്ണ: യു ഡി എഫ് ഭരണ കാലത്ത് അടച്ചുപൂട്ടിയ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ബാറുടമകളുമായുണ്ടാക്കിയ രഹസ്യനീക്കത്തിന്റെ ഭാഗമാണെന്ന് മഞ്ഞളാംകുഴി അലി. എല്‍ ഡി എഫ് സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ പെരിന്തല്‍മണ്ണ മണ്ഡലം യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാറുകള്‍ തുറക്കുന്നത് ടാക്‌സ് പിരിക്കാനും പണമുണ്ടാക്കാനുമല്ലെന്ന് തറപ്പിച്ചു പറയുന്ന ധനമന്ത്രി പിന്നെ എന്തിനാണ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന നയം രൂപീകരിച്ചെതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണ നഗരസഭാ പരിസരത്ത് നടന്ന പരിപാടിയില്‍ യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ സി സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. നാലകത്ത് സൂപ്പി, ലീഗ് ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം, എ കെ മുസ്ഥഫ, യു ഡി എഫ് കണ്‍വീനര്‍ അഡ്വ. എസ് അബ്ദുസ്സലാം, ട്രഷറര്‍ പി കെ അബൂബക്കര്‍ ഹാജി, സി സുകുമാരന്‍, കെ പി ഹാജറുമ്മ പ്രസംഗിച്ചു.