Connect with us

Sports

ഉഷ സ്‌കൂളില്‍ സിന്തറ്റിക് ട്രാക്കുണര്‍ന്നു !

Published

|

Last Updated

പുതിയ ട്രാക്കിലൂടെ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും പി ടി ഉഷയും സംഘവും ആദ്യ ചുവട് വെക്കുന്നു

കോഴിക്കോട്: പിടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ചു. കേരളത്തിലെ നാലാമത്തെ സിന്തറ്റിക് ട്രാക്കാണ് ഇതോടെ യഥാര്‍ത്ഥ്യമായത്.
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര കായിക യുവജന ക്ഷേമ കാര്യാലയത്തിന്റെ കീഴില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും ലഭിച്ച 8.5 കോടി രൂപ മുതല്‍ മുടക്കിയാണ് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത.്
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍ നോട്ടത്തില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതമല. ജര്‍മ്മനിയിലെ പോളിടാന്‍ കമ്പനി ടി ആന്റ് എഫ് സ്‌പോര്‍ട്‌സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് എട്ട് ലെയ്ന്‍ ട്രാക്കും ജംമ്പിംഗ് ത്രോയിങ്ങ് പിറ്റുകളും സജ്ജമാക്കിയത്.
ഒളിമ്പ്യന്‍മാരായ ടിന്റു ലൂക്ക, ജിസ്‌ന മാത്യു, രാജ്യാന്തര താരങ്ങളായ ഷഹര്‍ബാന സിദ്ദിഖ്, അബിത മേരി മാനുവല്‍, ജെസി ജോസഫ്, ദേശീയ തലത്തില്‍ ശ്രദ്ധേയരാ സൂര്യമോള്‍, കെ സ്‌നേഹ, എല്‍ഗഗ തോമസ്, അതുല്യ ഉദയന്‍, കെ ടി ആദിത്യ എന്നിവരാണ് ഇവിടെ പരിശീലനം നേടുന്നത്.

കായിക പ്രതിഭകളായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി

കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് സംഘടിപ്പിച്ച യൂത്ത് ഇന്ത്യ-വിഷന്‍ 2020 സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിന് വേണ്ടി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കും. എട്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ അവരുടെ കായിക പ്രതിഭ വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യണം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വീഡിയോകള്‍ പരിശോധിക്കുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്യും.തിരഞ്ഞെടുക്കപ്പെടുന്ന ആയിരം കായിക പ്രതിഭകളായ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കും. വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരുന്ന സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.എട്ട് വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക.

ക്രിക്കറ്റ് മാത്രമല്ല എല്ലാ കളികളും പ്രോത്സാഹിപ്പിക്കണമെന്നാണ് കേന്ദ്ര കായിക വകുപ്പിന്റെ തീരുമാനം.വരുന്ന ഒളിമ്പിക്‌സ് കൂടി ലക്ഷ്യമിട്ടാണ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പാക്കുന്നത്.

കൊച്ചി കൂടി വേദിയാകുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഒരുക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിതസ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തില്‍ 2025 ഓടെ ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് മന്ത്രി ഗോയല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് മുന്നിലുള്ള അമേരിക്ക,ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും വൃദ്ധ ജനങ്ങളാണെന്നതും ഇന്ത്യയുല്‍ 65 ശതമാനം യുവാക്കളുമാണെന്നതാണ് പ്രത്യേകത.നെഹ്‌റു യുവ കേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ചേരി പ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ കായിക
സംസ്‌കാരത്തിന്
ഗോയലിന്റെ എ പ്ലസ്

കേരളത്തിന്റെ കായിക സംസ്‌കാരത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റ് വെബ്‌സൈറ്റ് കോഴിക്കോട് പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് കേരളത്തെ പ്രശംസിക്കാന്‍ അദ്ദേഹം തയ്യാറായത്. കേരളത്തിന്റെ കായിക സംസ്‌കാരത്തെ അഭിനന്ദിക്കുന്നുവെന്നും മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനത്തിനായി കേരളത്തിന് എല്ലാ സഹായവും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. കേരളത്തില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുന്നതിനായി എല്ലാ സഹായവുമുണ്ടാകും.

യൂണിവേഴ്‌സിറ്റിക്കാവശ്യമായ 200 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.ഭൂമി കിട്ടുന്ന മുറക്ക് നടപടികള്‍ ആരംഭിക്കും.മൂന്നാറിലെ ഹൈ ആറ്റിറ്റിയൂട്ട് ട്രെയിനിങ്ങ് സെന്റര്‍ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ അധ്യക്ഷത വഹിച്ചു.