ബോട്ടിലിടിച്ചത് ആംബര്‍ കപ്പല്‍ തന്നെയെന്ന് സ്ഥിരീകരണം

Posted on: June 15, 2017 5:05 pm | Last updated: June 15, 2017 at 5:05 pm

കൊച്ചി: പുറംകടലില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് പനാമ കപ്പലായ എം.വി ആംബര്‍ ആണെന്ന് സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്, മര്‍ക്കന്റൈയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

അതേസമയം, അപകടസ്ഥലം കൃത്യമായി കണ്ടെത്താന്‍ മര്‍ക്കന്റൈയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കഴിഞ്ഞിട്ടില്ല. എങ്കിലും കേരള തീരത്ത് നിന്നും 14.1 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ബോട്ടപകടം ഉണ്ടായതെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് കപ്പലിന്റെ ക്യാപ്റ്റനെയും നാവികനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകും വരെ തീരം വിടുന്നതിന് കപ്പലിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചത്.

അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിരുന്നു. ബോട്ടിലിടിച്ചത് അറിഞ്ഞില്ലെന്നാണ് കപ്പല്‍ അധികൃതര്‍ പറയുന്നത്.