സമഭാവനയുടെ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഫ്താര്‍ സംഗമം

Posted on: June 15, 2017 12:00 am | Last updated: June 15, 2017 at 12:00 am

തിരുവനന്തപുരം: വിശുദ്ധ റമസാന്‍ നല്‍കുന്ന സമഭാവനയുടെ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഫ്താര്‍ സംഗമം. മത, സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം അപൂര്‍വമായ ഒത്തുചേരലിന് അരങ്ങൊരുക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം സംഘടനകളുടെ യോഗവും മുഖ്യമന്ത്രി ഇന്നലെ വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് ശേഷമായിരുന്നു ഇഫ്താര്‍ സംഗമം.
നിയമസഭാ മന്ദിരത്തിലെ പി ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലും ചേര്‍ന്ന് സംഗമത്തിനെത്തിയ അതിഥികളെ സ്വീകരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമായിരുന്നു മുഖ്യാതിഥി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ മതരംഗത്തെ പ്രമുഖരും യു എ ഇ കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെടെ വിദേശ പ്രമുഖരും ചടങ്ങിനെത്തി.

ഈന്തപ്പഴവും മറ്റു പഴങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും ഇഫ്താറിനായി ഒരുക്കിയിരുന്നു. നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നിയമസഭാ മന്ദിരത്തിനകത്ത് തന്നെ സംവിധാനമൊരുക്കിയിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, തോമസ് ചാണ്ടി, ടി പി രാമകൃഷ്ണന്‍, എം എം മണി, പ്രൊഫ. സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബി ജെ പി നേതാവ് ഒ രാജഗോപാല്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എം പി തുടങ്ങിയവര്‍ സംബന്ധിച്ചു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പുറമെ സുന്നി സംഘടനകളെ പ്രതിനിധാനം ചെയ്ത് സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ സൈഫുദ്ദീന്‍ ഹാജി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മറ്റു മുസ്‌ലിം സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, എം ഐ അബ്ദുല്‍ അസീസ്, ടി പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഒ അബ്ദുര്‍റഹ്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, യു എ ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സ്വഹബി, മാലി കോണ്‍സുലേറ്റ് ജനറല്‍ അലി ആദം, ചീഫ്‌സെക്രട്ടറി നളിനി നെറ്റോ, ഡി ജി പി. ടി പി സെന്‍കുമാര്‍, വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എന്‍ജിനീയര്‍ യൂസുഫ് ഹൈദര്‍ തുടങ്ങിയവരും ഇഫ്താര്‍ വിരുന്നിനെത്തി.