Connect with us

Articles

മാന്ദ്യത്തില്‍ ആടിയുലഞ്ഞ്

Published

|

Last Updated

Crashing chart

വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന അവകാശവാദം. ശതമാനക്കണക്കുകള്‍ നിരത്തി ചൈനയേക്കാള്‍ മുന്‍പന്തിയിലാണ് സ്ഥാനമെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത് എന്നിത്യാദി പദ്ധതികളിലൂടെ പണം ഒഴുകുമെന്നും അത് വളര്‍ച്ചാ വേഗം ഇനിയും കൂട്ടുമെന്നും പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ വേഗം കൂടുമ്പോള്‍ സകല മേഖലകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും 2022 ആകുമ്പോഴേക്കും കര്‍ഷകര്‍ക്ക് നിലവില്‍ കിട്ടുന്ന പ്രതിഫലത്തിന്റെ ഇരട്ടി കിട്ടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. ഈ വേഗത്തില്‍ വളര്‍ന്നാല്‍ ജനമാകെ സമ്പല്‍ സമൃദ്ധിയില്‍ ആറാടുന്ന കാലം അതിവിദൂരമല്ലത്രെ. ചര്‍വിതചര്‍വണ രീതിയിലാണെങ്കില്‍ ഇന്ത്യന്‍ യൂനിയനിലാകെ പാലും തേനുമൊഴുകും. അതുകുടിച്ച് ജനത്തിന് മത്തുപിടിക്കും.

ഈ അവകാശവാദങ്ങള്‍ക്കൊപ്പിച്ചുള്ള കണക്കല്ല പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിടുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമേറ്റതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ രാജ്യത്ത് തൊഴിലവസരങ്ങളുടെ സൃഷ്ടി കുത്തനെ കുറയുകയാണ് ഉണ്ടായത്. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2009ല്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2010ല്‍ 8.65 ലക്ഷവും. 2012ല്‍ ഇത് 3.23 ലക്ഷമായി കുറഞ്ഞുവെങ്കിലും 2013ല്‍ 4.19 ആയി ഉയര്‍ന്നു. 2014ല്‍ 4.21 ലക്ഷമായിരുന്നു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയെങ്കിലും ആ വര്‍ഷത്തെ തൊഴിലവസര സൃഷ്ടിയുടെ ക്രഡിറ്റ് യു പി എ സര്‍ക്കാറിന്റെ പുസ്തകത്തില്‍ എഴുതേണ്ടിവരും. 2014ല്‍ ഭരണം തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഫലം കണ്ടുതുടങ്ങിയ 2015ല്‍ തൊഴിലവസര സൃഷ്ടി 1.55 ലക്ഷമായി ഇടിഞ്ഞു. 2016ല്‍ അത് 2.31 ലക്ഷം മാത്രവും. മേക്ക് ഇന്‍, സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയ വന്‍ പ്രഖ്യാപനങ്ങളിലൂടെ നിക്ഷേപമൊഴുകിയിരുന്നുവെങ്കില്‍ രാജ്യത്തെ തൊഴിലവസരം വര്‍ധിക്കുമായിരുന്നു. അതുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ ഇടിയുകയും ചെയ്തു. പ്രഖ്യാപനങ്ങളൊക്കെ പ്രഖ്യാപനങ്ങള്‍ മാത്രമായി നിന്നുവെന്ന് ചുരുക്കം.
അങ്ങനെയിരിക്കെയാണ് സമ്പദ് വ്യവസ്ഥയെ രോഗാണുമുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ച് കായകല്‍പ്പ ചികിത്സ നടത്തിയത്. കള്ളപ്പണം മുഴുവന്‍ കണ്ടുകെട്ടാനും കള്ളനോട്ട് ഇല്ലാതാക്കാനും ഭീകരവാദികളെ പാപ്പരാക്കുകയുമൊക്കെയായിരുന്നു ലക്ഷ്യം. ഇത് സാധിക്കുന്നതോടെ സര്‍ക്കാറിന്റെ വരുമാനം കൂടും, വായ്പാവിതരണത്തിന് വേണ്ടത്ര പണം ബാങ്കുകളിലുണ്ടാകുമെന്നൊക്കെയായിരുന്നു പ്രതീക്ഷ. അതൊക്കെ സാധിച്ചോ എന്നതിന് കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ മറുപടി നല്‍കുന്നില്ല. കായകല്‍പ്പം ഫലിച്ചില്ലെന്ന് തന്നെ കരുതണം. ചികിത്സ ദോഷഫലമുണ്ടാക്കുകയും ചെയ്തു. അതാണ് കര്‍ഷക രോഷമായി മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും പഞ്ചാബിലുമൊക്കെ പൊട്ടിയൊലിക്കുന്നത്.
2016 – 17 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് 7.1 ശതമാനമാണ്. നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള പാദത്തില്‍ 6.1 ശതമാനം മാത്രവും. ഏതാണ്ടെല്ലാ മേഖലകളും വളര്‍ച്ചയില്‍ പിന്നാക്കം പോയപ്പോള്‍ കാര്‍ഷിക മേഖല 4.1 ശതമാനം രേഖപ്പെടുത്തി മുന്നോട്ടുവന്നുവെന്നത് 2016 – 17 സാമ്പത്തിക വര്‍ഷത്തിലെ പ്രത്യേകതയാണ്. പോയ വര്‍ഷത്തെ താരതമ്യം ചെയ്താല്‍ 1.2 ശതമാനത്തിന്റെ വര്‍ധന. യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത് പൂജ്യത്തിന് താഴെയായിരുന്നു കാര്‍ഷിക മേഖലയുടെ വളര്‍ച്ച എന്നത് കൂടി കണക്കിലെടുത്താല്‍ വലിയ കുതിപ്പ്.
ഈ കുതിപ്പിനിടെ കര്‍ഷകര്‍ സമരത്തിനിറങ്ങിയതിന്റെ പ്രധാന കാരണം നോട്ട് പിന്‍വലിക്കല്‍ തന്നെയാണ്. നോട്ട് പിന്‍വലിച്ചതോടെ വിപണിയിലുണ്ടായ മാന്ദ്യം കര്‍ഷകരെ ഏറെ ബാധിച്ചു. ന്യായ വിലക്ക് വിള വാങ്ങാന്‍ വ്യാപാരികള്‍ മടിച്ചു. സര്‍ക്കാര്‍ ഏജന്‍സികളുടെ സംഭരണവും മുടങ്ങി. ഇതോടെ കിട്ടുന്നവിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഇതോടെ അടുത്ത കൃഷിയിറക്കാനുള്ള വക കര്‍ഷകരുടെ പക്കല്‍ ഇല്ലാത്ത സ്ഥിതി വന്നു. നോട്ട് പിന്‍വലിച്ചതിന്റെ ഫലമായി ബാങ്കുകളുടെ ധനസ്ഥിതി മെച്ചപ്പെടുമെന്നും വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നുമൊക്കെയാണ് അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. കുത്തക കമ്പനികളുടെ കിട്ടാക്കടം പെരുകി കടുത്ത പ്രതിസന്ധി നേരിട്ട ബാങ്കുകള്‍, നോട്ട് നിരോധത്തോടെ തിരിച്ചെത്തിയ പണത്തിന്റെ മൂല്യമുപയോഗപ്പെടുത്തി പ്രതിസന്ധി മറികടന്നത് മാത്രമാണ് സംഭവിച്ചത്. കിട്ടാക്കടം എഴുതിത്തള്ളാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സൗകര്യം വന്‍കിടക്കാര്‍ക്ക് ചെയ്തുകൊടുക്കുകയും ചെയ്തു. അപ്പോഴും കര്‍ഷകരുടെ കട ബാധ്യതയെക്കുറിച്ചോ അതില്‍ മനംനൊന്ത് ആത്മഹത്യയെ ആശ്രയമാക്കുന്ന കര്‍ഷകരെക്കുറിച്ചോ കേന്ദ്ര സര്‍ക്കാര്‍ ചിന്തിച്ചില്ല.
ഉത്പാദനച്ചെലവിന്റെ പകുതി കൂടി ചേരുന്ന തുകക്ക് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുമെന്നാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി രാജ്യമാകെ നടന്നു പ്രസംഗിച്ചത്. 100 രൂപയാണ് ഉത്പാദനച്ചെലവെങ്കില്‍ വിളവിന് 150 രൂപ ഉറപ്പാക്കുമെന്ന്. ഈ വാഗ്ദാനം നടപ്പാകാത്തത് എന്തുകൊണ്ടെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. അത് നടപ്പാക്കാന്‍ തയ്യാറാകാത്തവര്‍ നോട്ട് പിന്‍വലിക്കലിലൂടെ കൂടുതല്‍ ദുരിതം സമ്മാനിക്കുകയും ചെയ്തു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പോളിസിത്തുകയിനത്തില്‍ നല്‍കിയത് ഇരുപതിനായിരത്തോളം കോടി രൂപയാണ്. ഇന്‍ഷുറന്‍സ് ആനുകൂല്യമായി കര്‍ഷകര്‍ക്ക് ലഭിച്ചതോ ആയിരം കോടി രൂപയോളവും. ഈ അന്തരത്തിന്റെ സാംഗത്യവും കര്‍ഷകര്‍ ചോദ്യംചെയ്യുന്നു. കമ്പനികള്‍ക്ക് കൊള്ളലാഭമെടുക്കാന്‍ പാകത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയല്ല, വിളനാശത്തിന് ആനുപാതികമായി കര്‍ഷകര്‍ക്ക് വിഹിതം ലഭിക്കുന്ന പദ്ധതിയാണ് ആവശ്യമെന്ന് അവര്‍ പറയുന്നു.
കര്‍ഷകരുടെ രോഷം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കടമെഴുതിത്തള്ളുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശും മധ്യപ്രദേശുമൊക്കെ ആ വഴിക്ക് ചിന്തിക്കുന്നു. അപ്പോഴാണ് കടമെഴുതിത്തള്ളാന്‍ ആലോചിക്കുന്നവര്‍ അതിനുള്ള പണം സ്വന്തം നിലക്ക് കണ്ടെത്തണമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം വരുന്നത്. കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ പാകത്തില്‍ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാര്‍, അവര്‍ക്ക് ആശ്വാസം നല്‍കാനായി ചില്ലിപ്പൈസ ചെലവാക്കില്ലെന്നാണ് ധനമന്ത്രി പറയുന്നത്. കര്‍ഷകരുടെ കടമെഴുതിത്തള്ളണമെങ്കില്‍ മഹാരാഷ്ട്രക്ക് മാത്രം 35,000 കോടി രൂപ വേണം. ഇതെവിടെ നിന്ന് കണ്ടെത്തും? രാജ്യത്താകെയുള്ള കര്‍ഷകരുടെ കടമെടുത്താല്‍ ഏതാണ്ട് എട്ട് ലക്ഷം കോടി വരും. അദാനിയും അംബാനിയുമടക്കമുള്ളവര്‍ വരുത്തിവെച്ച പതിനൊന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാറിന് കര്‍ഷകരുടെ എട്ട് ലക്ഷത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമേല്‍ക്കാന്‍ വയ്യ. നോട്ട് പിന്‍വലിച്ചതിലൂടെ സമ്പാദ്യങ്ങള്‍ക്കൊക്കെ കണക്കുണ്ടാക്കുകയും അതിലൂടെ ആദായ നികുതി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ അതിലൊരു വിഹിതം കര്‍ഷകര്‍ക്കായി മാറ്റിവെക്കാന്‍ തയ്യാറല്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ എക്‌സൈസ് തീരുവ കുത്തനെകൂട്ടി കേന്ദ്ര ഖജനാവിലേക്ക് വന്‍തുക സ്വരുക്കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ അതിലൊരു വിഹിതം കര്‍ഷകരുടെ കടഭാരം കുറക്കുന്നതിന് നീക്കിവെക്കാന്‍ തയ്യാറല്ല.
കര്‍ഷകരെ സംബന്ധിച്ച നടപ്പുദീനമാണ് ഇതുവരെ പറഞ്ഞത്. ഇത്തവണത്തെ കൃഷിയില്‍ നിന്നുള്ള ആദായം കൊണ്ട് അടുത്ത വിളവിറക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കര്‍ഷകര്‍ എന്തു ചെയ്യും? വീണ്ടും കടമെടുക്കണം. നിലവിലുള്ള ബാധ്യതക്ക് പുറത്ത് കടമെടുക്കാന്‍ എത്രപേര്‍ തയ്യാറാകും? അതിന് സാധിക്കാത്തവര്‍ ഇക്കുറി കൃഷി വേണ്ടെന്നുവെക്കും. അങ്ങനെ വന്നാല്‍ 2016 -17ല്‍ 4.1 ശതമാനത്തിലെത്തിയ കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുരടിക്കുമെന്ന് ഉറപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജി ഡി പിയിലേക്ക് കാര്‍ഷിക മേഖലയില്‍ നിന്ന് കാര്യമായ വിഹിതം ലഭിക്കാനിടയില്ലെന്ന് ചുരുക്കം. ജനസംഖ്യയില്‍ 60 ശതമാനത്തോളം വരുന്ന കര്‍ഷകരില്‍ വലിയൊരു വിഭാഗത്തിന് ഒരു സീസണ്‍ കൃഷി ഉപേക്ഷിക്കേണ്ടി വന്നാല്‍ വിപണികളെ പ്രതികൂലമായി ബാധിക്കും. തൊഴില്‍ ഉത്പാദനം കുത്തനെ കുറയുകയും ചെയ്യും. ഗ്രാമീണ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാകും ഫലം.
നോട്ട് പിന്‍വലിക്കല്‍ ഏറെ പ്രതികൂലമായി ബാധിച്ച മറ്റൊരു മേഖല ചെറുകിട – ഇടത്തരം വ്യവസായങ്ങളെയാണ്. ഉത്പന്നങ്ങള്‍ കെട്ടിക്കിടന്നതോടെ ഉത്പാദനം നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലേക്ക് അവരെത്തി. അവിടെ നിന്ന് തിരിച്ചുവരവിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാറിന്റെ കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതായത് വളര്‍ച്ചാ നിരക്കിലേക്കുള്ള ഈ മേഖലയുടെ സംഭാവന തുലോം കുറവാകാനാണ് സാധ്യത. കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ നിലനില്‍ക്കുന്ന മേഖല കൂടിയാണിത്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇവിടെയും തൊഴിലവസര സൃഷ്ടി കുറയും.
കാലിച്ചന്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അറവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം 30,000 കോടി വാര്‍ഷിക വരുമാനമുള്ള മാട്ടിറച്ചി വിപണിയെയാണ് ബാധിക്കുക. അറവും മാംസവ്യാപാരവും ജീവിതോപാധിയാക്കിയ ലക്ഷക്കണക്കിന് ആളുകളെയും ബാധിക്കും. ഇതര മേഖലകളില്‍ തൊഴിലവസര സൃഷ്ടി കുറയുന്നതിനൊപ്പം നിലവിലുള്ള തൊഴില്‍ ഇല്ലാതാകുന്ന സ്ഥിതി. ഇതും സമ്പദ് മേഖലയെ പ്രതികൂലമായാണ് ബാധിക്കുക. വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ഖ്യാതി നഷ്ടമാകുന്നുവെന്നതിനപ്പുറത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ചുരുക്കം. അതിന്റെ സൂചനയാണ് 2016 – 17 സാമ്പത്തിക വര്‍ഷത്തിലെ ജി ഡി പിയിലുണ്ടായ ഇടിവ്. സാമ്പത്തിക പ്രക്രിയക്ക് ചാക്രിക സ്വഭാവമുണ്ട്. ഒരിടത്തൊരു ഇടിവുണ്ടായാല്‍ അതില്‍ നിന്നുള്ള കരകയറല്‍ എളുപ്പമല്ല. അങ്ങനെ കരകയറണമെങ്കില്‍ സര്‍ക്കാറിന്റെ സാമ്പത്തിക പിന്തുണ അനിവാര്യവുമാണ്. അതുകൊണ്ടാണ് 2008ലെ മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിച്ച് വിപണിയെ പിടിച്ചുനിര്‍ത്താനും അതിലൂടെ ഉത്പാദനമേഖലകളില്‍ ഉണര്‍വ്വുണ്ടാക്കാനും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചത്. ഇവിടെ അത്തരം ഇടപെടലുകള്‍ക്കൊന്നും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച്, രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന മിഥ്യാധാരണ പ്രചരിപ്പിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഈ പ്രചാരണത്തിലെ പൊള്ളത്തരം ജനത്തെ അറിയിക്കാന്‍ സുസംഘടിതമായ പ്രതിപക്ഷ ശക്തി ഇല്ലെന്നത് അവര്‍ക്ക് സഹായകവുമായിരുന്നു. അതിനൊരു മാറ്റമുണ്ടാക്കുകയാണ് രാജ്യത്തുയരുന്ന കര്‍ഷകരുടെ പ്രതിഷേധം. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ രോഷത്തെ വര്‍ഗീയതയുടെ വിഷജലം തളിച്ച് തണുപ്പിക്കാന്‍ സംഘ്പരിവാരം പ്രയാസപ്പെടുമെന്നുറപ്പ്.

Latest