Connect with us

Ongoing News

ബ്രസീല്‍, അര്‍ജന്റീന ഗോള്‍ മഴ!

Published

|

Last Updated

ഫ്രെഡ ടെയ്‌സന്‍ ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടുന്നു

മെല്‍ബണ്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം. ബ്രസീല്‍ 4-0ന് ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയപ്പോള്‍ അര്‍ജന്റീന 6-0നാണ് സിംഗപ്പൂരിനെ തകര്‍ത്തത്.

അഗെ പോസ്‌റ്റെകോഗ്ലുവിന്റെ ആസ്‌ത്രേലിയന്‍ നിരക്കെതിരെ ബ്രസീല്‍ ഒന്നാം മിനുട്ടില്‍ തന്നെ ഗോളടിച്ചു. അന്‍ഡ്രാഡെ ഡിയഗോ സോസയാണ് തുടക്കത്തില്‍ തന്നെ ആതിഥേയ നിരയെ ഞെട്ടിച്ചത്.
അറുപത്തിമൂന്നാം മിനുട്ടില്‍ എമിലിയാനോ തിയാഗോ സില്‍വയും എഴുപത്തഞ്ചാം മിനുട്ടില്‍ ഫ്രെഡ ടെയ്‌സനും ബ്രസീലിനെ കാല്‍ഡന്‍ ഗോളുകള്‍ക്ക് മുന്നിലെത്തിച്ചു (3-0). ഇഞ്ചുറി ടൈമില്‍ അന്‍ഡ്രാഡെ ഡിയഗോ സോസ ഇരട്ട ഗോളോടെ ബ്രസീലിന്റെ വിജയ മാര്‍ജിന്‍ 4-0 ആക്കി.
മെല്‍ബണ്‍ സ്‌റ്റേഡിയത്തില്‍ അമ്പതിനായിരത്തോളം പേര്‍ മത്സരം കാണാനെത്തി. കഴിഞ്ഞാഴ്ച അര്‍ജന്റീനക്കെതിരെ സൗഹൃദ മത്സരത്തിനിറങ്ങിയ ബ്രസീല്‍ നിരയെയല്ല ടിറ്റെ സോക്കറൂസിനെതിരെ പരീക്ഷിച്ചത്. എട്ട് താരങ്ങളെ പ്ലെയിംഗ് ഇലവനില്‍ മാറ്റിപ്രതിഷ്ഠിച്ചു.
തിയഗോ സില്‍വ, ഫിലിപ് കോട്ടീഞ്ഞോ, പൗളിഞ്ഞോ എന്നിവര്‍ മാത്രമാണ് ടീമില്‍ ഇടം നിലനിര്‍ത്തിയത്. അര്‍ജന്റീനക്കെതിരെ കളിക്കുമ്പോള്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് ചികിത്സയിലാണ്.
ആസ്‌ത്രേലിയന്‍ നിരയില്‍ ക്യാപ്റ്റന്‍ മിലെ ജെദിനാകും പരുക്കിന്റെ പിടിയിലാണ്. ഇതേ തുടര്‍ന്ന് ടിം കാഹിലാണ് ടീമിനെ നയിച്ചത്.
രണ്ടാമത്തെ ടച്ചില്‍ തന്നെ വലിയ മണ്ടത്തരം കാണിച്ച ഓസീസ് താരം റൈറ്റ് ബ്രസീലിന് ഗോളൊരുക്കി. പന്ത് ഗ്യുലാനോയുടെ കാലുകളിലെത്തിയ ഉടനെ ഡിയഗോ സോസക്ക് ക്രോസ് നല്‍കി. ആസ്‌ത്രേലിയന്‍ ഗോള്‍ കീപ്പര്‍ മിച് ലാംഗാര്‍ക്ക് പൊസഷന്‍ ചെയ്യുമ്പോഴേക്കും പന്ത് വലയില്‍ കയറി. ഈ ഗോള്‍ നല്‍കിയ ആഘാതത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല.
സിംഗപ്പൂരില്‍ നടന്ന സൗഹൃദപ്പോരില്‍ ഒട്ടും മയമില്ലാതെയാണ് ജോര്‍ജ് സംപോളിയുടെ അര്‍ജന്റീന കളിച്ചത്.
ആറ് തവണയാണ് സിംഗപ്പൂരിന്റെ വലയിളക്കിയത്. പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ രണ്ട് മത്സരവും ജയിച്ച് സംപോളി അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആവേശമാകുന്നു. ആദ്യ മത്സരത്തില്‍ ബ്രസീലിനെയാണ് തോല്‍പ്പിച്ചത്. ഫെഡറികോ ഫസിയോയിലൂടെ അര്‍ജന്റീന ഗോളടി ആരംഭിച്ചു.
ഇരുപത്തിനാലാം മിനുട്ടിലായിരുന്നു ഇത്. അഞ്ച് മിനുട്ടുകള്‍ക്ക് ശേഷം ജോക്വിന്‍ കോറിയയിലൂടെ അര്‍ജന്റീന ലീഡെടുത്തു. കോറിയയുടെ ആദ്യ രാജ്യാന്തര ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ സിംഗപ്പൂര്‍ ക്ഷീണിതരെ പോലെയാണ് കളിച്ചത്. അറുപതാം മിനുട്ടിന് ശേഷം അറ്റലാന്റ മിഡ്ഫീല്‍ഡര്‍ അലസാന്‍ഡ്രൊ ഗോമസിലൂടെ അര്‍ജന്റീന 3-0.
നാലാം ഗോള്‍ സിംഗപ്പൂരിന്റെ പകരമിറങ്ങിയ ഗോളി ഇസ്വാന്‍ മഹ്മൂദിന്റെ ദുര്‍ബലമായ ഗോള്‍ കിക്കിനെ തുടര്‍ന്നാണ് സംഭവിച്ചത്. കിക്ക് നേരെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പാരെഡെസിന്റെ കാലിലാണ് എത്തിയത്. ബോക്‌സിന് തൊട്ടു പുറത്ത് വെച്ച് ലഭിച്ച പന്തുമായി ഡിഫന്‍ഡര്‍ മുസ്താഫിക് ഫഹ്‌റുദ്ദീനെ മറികടന്ന് ലിയാന്‍ഡ്രോ ഗോളി ഇസ്വാന്റെ വലയില്‍ പന്തെത്തിച്ചു.
എണ്‍പത്തൊമ്പതാം മിനുട്ടില്‍ ലുകാസ് അലെയ്‌റോയിലൂടെ അഞ്ചാം ഗോള്‍. ഏഞ്ചല്‍ ഡി മാരിയയുടെ പാസിലായിരുന്നു ഗോള്‍. ആറാം ഗോള്‍ ഡി മാരിയയാണ് നേടിയത്. ഇഗ്നാസിയോയുടെ സ്‌ക്വയര്‍ പാസിലായിരുന്നു ഗോള്‍.

---- facebook comment plugin here -----

Latest