Connect with us

Gulf

അല്‍ ജസീറയെ ബലി കൊടുക്കില്ലെന്ന് ഖത്വര്‍

Published

|

Last Updated

ദോഹ: പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി അല്‍ജസീറ ടെലിവിഷനെതിരെ നടപടി സ്വീകരിക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് ഖത്വര്‍ വ്യക്തമാക്കി. അല്‍ ജസീറ മാധ്യമസ്ഥാപനം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണ്. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ അതൊരു വിഷയമേ ആകില്ലെന്നും ഖത്വര്‍ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു.
രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ അല്‍ ജസീറ അടച്ചു പൂട്ടണമെന്ന് ഉപാധി വെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അല്‍ ജസീറയുടെ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടുകളാണ് അയല്‍രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നത്. സഊദി സഖ്യം ഖത്വറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്ന് മന്ത്രി പാരിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇറാനോ, അല്‍ ജസീറയോ അല്ല വിഷയം. യഥാര്‍ഥ കാരണമെന്തെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഗള്‍ഫ് സുരക്ഷയുമായി ബന്ധപ്പെട്ട എന്ത് വിഷയമുണ്ടെങ്കിലും ഇരുന്നു ചര്‍ച്ച ചെയ്യാന്‍ ഖത്വര്‍ തയാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
എന്നാല്‍, വിദേശത്തു നിന്നുള്ള ഉത്തരവുകള്‍ അനുസരിക്കാന്‍ ഖത്വറിനു സാധിക്കില്ല. അല്‍ജസീറ ആഭ്യന്തര കാര്യമായതിനാല്‍ അതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ഖത്വര്‍ സന്നദ്ധമല്ല. ആഭ്യന്തര കാര്യങ്ങളിലെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍പ്പെട്ടതാണ്. അതില്‍ ആരും ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചതിനു പിന്നാലെ റിയാദിലുള്ള അല്‍ജസീറ ബ്യൂറോ അടച്ചുപൂട്ടുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. മേഖലയില്‍ ഭീകരതയെ പ്രോത്‌സാഹിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. ഇതിനു പിന്നാലെ ജോര്‍ദാനും അല്‍ജസീറ ഓഫിസ് അടച്ച് ലൈസന്‍സ് റദ്ദാക്കി. ഈജിപ്ത് വളരെ മുമ്പേ തന്നെ അല്‍ജസീറയുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിച്ചിരുന്നു. നിരവധി അല്‍ജസീറ മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുകയും ചെയ്തിരുന്നു.