Connect with us

Articles

കാലവര്‍ഷം പനിക്കാലമാകുന്നതെങ്ങനെ?

Published

|

Last Updated

കേരളത്തിലെ കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് രോഗങ്ങള്‍ പരത്തുന്ന വൈറസുകള്‍ക്കും ജനിതക മാറ്റം സംഭവിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പുതിയ പുതിയ രോഗങ്ങള്‍ ജന്മം കൊള്ളുന്ന കേരളത്തിന് പക്ഷെ, വിടാതെ പിന്തുടരുന്ന ചില രോഗങ്ങളുണ്ട്; പകര്‍ച്ചവ്യാധികള്‍. പനിയില്‍ തുടങ്ങി മാരക രോഗങ്ങള്‍ വരെയായി മാറുന്ന നിരവധി പകര്‍ച്ചവ്യാധികളുടെ കേന്ദ്രമാണ് ഭൂമി മലയാളമിന്ന്. ജപ്പാന്‍ജ്വരം, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ ഉദാഹരണം മാത്രം. പക്ഷിപ്പനിയും പന്നിപ്പനിയുമെല്ലാം ഇടവേളകളില്‍ കേരളത്തെ പിടിച്ചുകുലുക്കാറുണ്ട്. ഇതിന്റെയെല്ലാം പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജീവിത ശൈലിയും അശ്രദ്ധയുമാണ്. അമിതമായ മരുന്നുപയോഗം മൂലം പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കുറേ വര്‍ഷങ്ങളായി നടക്കുന്ന പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം പകര്‍ച്ചവ്യാധികള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിനച്ചിരിക്കാതെയുള്ള മഴയും വിയര്‍പ്പില്‍ മുക്കിക്കുളിപ്പിക്കുന്ന കഠിനചൂടുമെല്ലാം നിരവധി രോഗങ്ങള്‍ സമ്മാനിക്കുന്നു. ഇക്കുറി കാലവര്‍ഷം നേരത്തെയെത്തിയത് കേരളത്തിന് ഗുണമോ ദോഷമോ എന്ന് വിലയിരുത്താനായിട്ടില്ല. എങ്കിലും പകര്‍ച്ചവ്യാധികള്‍ പതിവ് തെറ്റാതെ ശക്തി പ്രാപിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജപ്പാന്‍ ജ്വരവും ചിക്കുന്‍ ഗുനിയയും ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍ താണ്ഡവ നൃത്തമാടിയപ്പോള്‍ അതിന് ഏറ്റവുമധികം വേദിയായത് തീരദേശ ജില്ലയായ ആലപ്പുഴയായിരുന്നു. ജപ്പാന്‍ ജ്വരവും ചിക്കുന്‍ഗുനിയയും ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ആലപ്പുഴയിലായിരുന്നു. പകര്‍ച്ചവ്യാധികളുടെ മൊത്തത്തിലുള്ള സ്ഥിതിയും ഇത് തന്നെ. ഏറ്റവും കഠിനമായി ബാധിക്കുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണ്. തോടുകളും കായലുകളുമടക്കമുള്ള ജലാശയങ്ങളുടെ ആധിക്യമാണ് ഇതിന് പ്രധാന കാരണായി പറയുന്നത്. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ മലിനജലം സാര്‍വത്രികമാകുന്നത് ജില്ലയെ സാംക്രമിക രോഗങ്ങളുടെ പിടിയിലാക്കുന്നുണ്ട്. ഇപ്പോള്‍, ജൂണ്‍ ആദ്യ വാരം പിന്നിടുമ്പോള്‍ തന്നെ, സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ നാല് പേര്‍ മരിച്ചത് മഴക്കാലം ആരംഭിച്ചതിന് ശേഷമാണെന്നത് ശ്രദ്ധേയമാണ്.

കേരളത്തില്‍ നിന്ന് മുക്തമാക്കപ്പെട്ട മലേറിയ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; 267 പേര്‍ക്ക്. ഇതില്‍ 260ഉം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രോഗം പിടിപെട്ട് ഇവിടെയെത്തിയവരാണ്. രോഗം പേറി വരുന്നവരെ നിരീക്ഷിക്കാന്‍ നമുക്ക് മതിയായ സംവിധാനമില്ലെന്നത് ഒരു പോരായ്മയാണ്. ഡെങ്കിപ്പനി ബാധിച്ച് മരിച്ചവര്‍ പത്ത് പേരാണ്. 5,552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 17221 കേസുകള്‍ ഡെങ്കിയാണെന്ന് സംശയിക്കുന്നവയാണ്. ചിക്കുന്‍ഗുനിയ കേസുകളും 34 എണ്ണം സ്ഥിരീകരിക്കുകയും 56 എണ്ണം സംശയിക്കുകയും ചെയ്യുന്നു. എലിപ്പനി സ്ഥിരീകരിച്ച് മരിച്ചവര്‍ ഏഴും സംശയിച്ച് മരിച്ചവര്‍ 21 ഉമാണ്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിച്ചവര്‍ മൂന്ന് പേരാണ്. ഈ വിഭാഗത്തിലും 14 പേരുടെ മരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. 323 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2418 പേര്‍ക്ക് രോഗം സംശയിക്കുന്നു. 423 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചതില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങി. എച്ച്1 എന്‍1 ബാധിച്ച് മരിച്ചവര്‍ 49 ആണ്. നാല് പേരുടെ മരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 685 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതിലാണ് ഇത്രയും മരണം സംഭവിച്ചതെന്നത് ഈ രോഗത്തിന്റെ കാഠിന്യം വര്‍ധിക്കുന്നു. ചിക്കന്‍പോക്‌സ് ബാധിച്ച് മരിച്ചവര്‍ ആറ് പേരാണ്. രണ്ട് പേര്‍ വയറിളക്ക രോഗം ബാധിച്ചും മരിച്ചു. ഡെങ്കിപ്പനി കേസുകള്‍ പൊതുവെ കുറവായിരുന്ന 2015ല്‍ പോലും 4114 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ 29 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മലേറിയ ബാധിച്ച് നാല് പേരും ജപ്പാന്‍ ജ്വരം എന്ന് സംശയിക്കുന്ന രോഗം ബാധിച്ച മൂന്ന് പേരും മരിച്ചു. എലിപ്പനി ബാധിച്ച് 43 പേരും പത്ത് പേര്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചും 16 പേര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. വയറിളക്കം ബാധിച്ച് മരിച്ചവര്‍ നാല്. സ്‌ക്രൈബ് ടൈഫസ് എന്ന ചെള്ള് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 വരും. കുരങ്ങ് പനി ബാധിച്ചും 11 പേര്‍ ആ വര്‍ഷം മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവര്‍ മാത്രം 26 പേരാണ്.
ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് സാംക്രമിക രോഗങ്ങളും പകര്‍ച്ചവ്യാധികളും കൂടുതലായി തലപൊക്കുന്നതെന്നത് തന്നെ കാലവര്‍ഷം സമ്മാനിക്കുന്ന രോഗപീഡയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. 2015നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സാംക്രമിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. 7210 ഡെങ്കി കേസുകളാണ് 2016ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 1509 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. ജപ്പാന്‍ ജ്വരമെന്ന് സംശയിക്കുന്ന അസുഖം ബാധിച്ച് അഞ്ച് പേരും മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് 20 പേരും മരിച്ചു.

വെള്ളക്കെട്ടുകളും രോഗം പരത്തുന്ന വിവിധയിനം കൊതുകുകള്‍ വളരാന്‍ സഹായകമായ പശ്ചാത്തലവും കേരളത്തില്‍ വളരെ കൂടുതലാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. കൊതുക് നിര്‍മാര്‍ജനത്തിന് ലോകാരോഗ്യ സംഘടനയുടെ കൂടി സഹായത്തോടെ നിരവധി പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുയും ചെയ്തിട്ടുണ്ട്. എന്നാല്‍ തുടര്‍ പ്രവര്‍ത്തനമില്ലാത്തതു കൊണ്ടോ എന്തോ ഇവയൊന്നും വേണ്ടത്ര ഫലം കാണുന്നില്ല.

ഡെങ്കിപ്പനി
ഇക്കുറി കാലവര്‍ഷം തുടങ്ങി ഒരാഴ്ചക്കകം തന്നെ പത്ത് പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഏത് കാലാവസ്ഥയിലും പിടിപെടാവുന്ന രോഗമാണ് ഡെങ്കിപ്പനി. സാധാരണ വേനല്‍ കഴിഞ്ഞ് മഴ തുടുങ്ങിയ ഉടനെയാണ് ഇത് പ്രത്യക്ഷപ്പെടുക. മഴക്കാലത്താണ് സാധ്യത കൂടുതലെങ്കിലും കേരളത്തില്‍ പൊതുവേ, തെക്കന്‍ കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി എല്ലാ കാലാവസ്ഥയിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കാര്‍മേഘങ്ങള്‍ നിറഞ്ഞ് അന്തരീക്ഷം വിയര്‍ക്കുന്ന അവസ്ഥയാണ് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യം. ഇത്തരം സാഹചര്യം ഇക്കുറി കേരളത്തില്‍ ഏറെക്കൂടുതലായിരുന്നുവെന്നതിനാല്‍ തന്നെ, ഈ വര്‍ഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഈഡിസ് കൊതുകുകളാണ് ഡെങ്കി പരത്തുന്നത്. ഇവയാകട്ടെ, ശുദ്ധജലത്തിലാണ് പെരുകുക. കൊതുക് മുട്ടകള്‍ വര്‍ഷകാലത്താണ് കൂടുതല്‍ വിരിയുക. മഴ പെയ്യുമ്പോള്‍ കൊതുകുകളുടെ സാന്ദ്രത ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ഇതാണ്. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും മലയാളിയുടെ ശുചിത്വശീലങ്ങളിലെ മാറ്റങ്ങളുമെല്ലാം ഡെങ്കിപ്പനി വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. കൊതുകുകളുടെ നിയന്ത്രണം തന്നെയാണ് ഡെങ്കിപ്പനി നിയന്ത്രണത്തിനും പ്രധാന മാര്‍ഗം.

പകര്‍ച്ചപ്പനി
പനി ഒരു രോഗമല്ല, രോഗം ലക്ഷണം മാത്രമാണ്. പൊതുവെ വൈറല്‍ പനികളാണ്. ഇത് സുഖമാകാന്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വേണ്ടിവരും. കാലവര്‍ഷം പനിക്കിടക്കയില്‍ വിശ്രമിക്കാനുള്ള സമയമായി കാണുന്നവരുണ്ട്. മഴയെത്തുമ്പോള്‍ ചെറിയ തുമ്മലും ജലദോഷവും മൂക്കൊലിപ്പുമൊക്കെ എല്ലാവര്‍ക്കും ഉണ്ടാകാവുന്നതാണ്.എന്നാല്‍ ഇതിനെ വലിയ രോഗമായി കണ്ട് ചികിത്സിക്കാനിറങ്ങിപ്പുറപ്പെടുന്നവരാണധികവും. പനിയെന്ന് കേള്‍ക്കുമ്പോഴേ ഡോക്ടറെ കാണുന്നവരും സ്വയം ചികിത്സ നടത്തുന്നവരുമുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യത്തിന് മരുന്ന് സേവ നടത്താം. എന്നാല്‍ സ്വയം ചികിത്സയും അനാവശ്യമായ മരുന്ന് സേവയും മാറാ രോഗങ്ങള്‍ വരെ ക്ഷണിച്ചുവരുത്തുമെന്ന കാര്യം എല്ലാവരും മറക്കുന്നു.

എലിപ്പനി
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ് (പ്രത്യേകിച്ച് തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരില്‍) ഈ രോഗം കൂടുതലായി കണ്ടുവരുന്നതും ഇങ്ങനെയുള്ള മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. ഈ വര്‍ഷം ഇതേ വരെ മുപ്പതോളം പേര്‍ എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏഴ് പേരുടെ മരണം മാത്രമാണ് ആരോഗ്യവകുപ്പ് എലിപ്പനി മരണമായി സ്ഥിരീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവരുടേത് പരിശോധന ഫലം വന്നശേഷം മാത്രമെ സ്ഥിരീകരിക്കാനാകൂ എന്നാണ് നിലപാട്. എലിയുടെ വിസര്‍ജ്യം (മൂത്രം) മാത്രമല്ല മറ്റു ചില ജീവികളുടെ വിസര്‍ജ്യങ്ങളും അപകടകാരിയായേക്കാം. കാര്‍ന്നു തിന്നുന്ന ജീവികളുടെ വിസര്‍ജ്യം വഴിയും രോഗം പകരാവുന്നതാണ്. പട്ടി, പൂച്ച, അണ്ണാന്‍, കന്നുകാലികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ എലിപ്പനി വരാതെ രക്ഷപ്പെടാം. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഡോക്ലിസൈക്ലിന്‍ ഗുളിക പ്രതിരോധ മരുന്നായി ലഭ്യമാക്കണമെന്നും ആവശ്യമായ ബോധവത്കരണം നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. തൊഴിലുറപ്പ് ജോലികളിലും മറ്റും ഏര്‍പ്പെടുന്നവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ലിസൈക്ലിന്‍ 100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളിക ജോലിക്കിറങ്ങുന്നതിന്റെ തലേ ദിവസം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

Latest