മധ്യപ്രദേശിലെ മന്ത്‌സൗറില്‍ കര്‍ഷകരെ വെടിവെച്ച പോലീസുകാര്‍ക്കെതിരെ കേസില്ല

Posted on: June 13, 2017 10:01 am | Last updated: June 13, 2017 at 10:01 am

ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ത്‌സൗറില്‍ കര്‍ഷിക പ്രതിഷേധത്തിലേക്ക് വെടിവെപ്പ് നടത്തി ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

കര്‍ഷിക പ്രതിഷേധത്തിലേക്ക് പോലീസ് നടത്തിയ വെടിവെപ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊലീസ് വെടിവെപ്പില്‍ റിട്ടയേര്‍ഡ് ജഡ്ജി എ.കെ ജെയിനിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മന്ത്‌സൗര്‍ ജില്ലയില്‍ 46 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സായുധ പ്രക്ഷോഭം, അക്രമം എന്നീ വകുപ്പുകള്‍ പ്രകാരം കര്‍ഷകര്‍ക്കെതിരെ നിരവധി കേസുകള്‍ ഫയല്‍ ചെയ്ത പൊലീസ്, ആറു പേര്‍ മരിക്കാനിടയായ വെടിവെപ്പ് സംഭവത്തില്‍ ഇതുവരെ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം ആത്മരക്ഷാര്‍ഥം വെടിവെപ്പ് നടത്തിയതിനാല്‍ പോലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിലാണ് അധികൃതര്‍.