സമ്പദ്ഘടനക്ക് പരുക്കേല്‍ക്കില്ലെന്നും നഷ്ടം തങ്ങള്‍ക്കു മാത്രമല്ലെന്നും ഖത്വർ ധനമന്ത്രി

Posted on: June 12, 2017 9:40 pm | Last updated: June 12, 2017 at 10:49 pm

ദോഹ: ഖത്വറിനെതിരായ ഉപരോധം മേഖലയിലെ വ്യാപാരത്തെ ആകെ ബാധിക്കുന്നതിനാല്‍ ഖത്വറിനെതിരെ ഉപരോധ രാജ്യങ്ങള്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഖത്വര്‍ ധനമന്ത്രി. രാജ്യത്തിന്റെ സമ്പദ്ഘടനയയെയും കറന്‍സിയെയും ഖത്വറിന് അനായാസം പ്രതിരോധിക്കാനാകും. ഉപരോധം വഴി വലിയ ആഘാതമുണ്ടാകാന്‍ പോകുന്നില്ലെന്നും ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു. സി എന്‍ എന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്വറിനു മാത്രമാണ് നഷ്ടമുണ്ടാകുകയെന്ന് ചിലര്‍ കരുതുന്നു. ഞങ്ങള്‍ക്ക് ഒരു ഡോളര്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്കും ഒരു ഡോളര്‍ നഷ്ടമാകും. ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമായ ഖത്വറിന്റെ ഊര്‍ജമേഖലയിലെയും സാമ്പത്തികമേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ സാധാരണയെന്നപോലെ തുടരുന്നതായി ധനമന്ത്രി പറഞ്ഞു. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളിലും ഭക്ഷ്യ വസ്തുക്കളുടെയും മറ്റുത്പന്നങ്ങളുടെയും വിതരണത്തിലും ഗൗരവതരമായ പ്രത്യാഘാതങ്ങളൊന്നുമുണ്ടായിട്ടില്ല. വ്യാപാരത്തിനായി ഖത്വര്‍ തുറന്നിട്ടിരിക്കുകയാണ്. ഇവിടെയും അവിടെയുമൊക്കെയായി ഒന്നോ രണ്ടോ വെല്ലുവിളികളുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. പൂര്‍വസ്ഥിതി പ്രാപിക്കാന്‍ നൈസര്‍ഗികമായി കഴിവുള്ള രാജ്യമാണ് ഖത്വര്‍. ആവശ്യമായ ആസ്തികളും സുരക്ഷയും തങ്ങള്‍ക്കുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഖത്വറിന് തുര്‍ക്കി, ഫാര്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നെല്ലാം ചരക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയും. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിലൂടെ പ്രതിസന്ധികളോട് കൃത്യമായി പ്രതികരിക്കാന്‍ സാധിക്കും. ഖത്വര്‍ റിയാല്‍ സമ്മര്‍ദത്തിലാണെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. പ്രാദേശിക ഓഹരിവിപണിയില്‍ ഇടിവുണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്വറിന്റെ കരുതല്‍, നിക്ഷേപ ഫണ്ടുകള്‍ ജി ഡി പി (ആഭ്യന്തര ഉത്പാദന വളര്‍ച്ച)യുടെ 250 ശതമാനത്തിലധികമാണ്. ഖത്വരി റിയാലിന് എന്തുസംഭവിക്കുമെന്നതിനെക്കുറിച്ചോ അഭ്യൂഹങ്ങളെയും ഊഹാപോഹങ്ങളെയും കുറിച്ചോ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാരണങ്ങളെന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

പരമാധികാര സമ്പാദ്യ ഫണ്ടിന്റെ (സോവറിന്‍ വെല്‍ത്ത് ഫണ്ട്) പക്കലുള്ള വലിയ പടിഞ്ഞാറന്‍ കമ്പനികളിലെ ഓഹരികള്‍ വില്‍പ്പന നടത്തി പണം സമാഹരിക്കേണ്ട ആവശ്യം ഖത്വറിനുണ്ടോയെന്ന ചോദ്യത്തിന് അത്തരമൊരു വിഷയം ഇപ്പോള്‍ മുന്നിലില്ലെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം, നിക്ഷേപം, ലിക്വിഡിറ്റി എന്നിവയില്‍ ഖത്വര്‍ പൂര്‍ണമായും സംതൃപ്തമാണ്. സര്‍ക്കാര്‍ വിപണിയിലേക്കിറങ്ങി രാജ്യാന്തര ബോണ്ടുകള്‍ വാങ്ങി ധനമൂല്യത്തിന് പിന്തുണ നല്‍കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ അഞ്ചിലെ സംഭവവികാസങ്ങള്‍ക്കുശേഷം വിപണിയില്‍ പ്രതിഫലനങ്ങളുണ്ടായിട്ടുണ്ട്. അത് മനസിലാക്കാനാകുന്നതുമാണ്. ഖത്വറിന്റെ വിദേശനയം അവര്‍ ആഞ്ജാപിക്കുകയാണ്. തങ്ങളുടെ വിദേശനയത്തില്‍ മറ്റാരുടെയെങ്കിലും നിര്‍ദേശം നടപ്പാക്കാന്‍ ഖത്വര്‍ അനുവദിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഖത്വറിന്റെ വിദേശനയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ പുറത്തുനിന്നുള്ളവരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.