നാഷണല്‍ ഹെറാള്‍ഡ് പുനപ്രസിദ്ധീകരിക്കുന്നു

Posted on: June 12, 2017 1:59 pm | Last updated: June 12, 2017 at 8:24 pm

ബംഗളൂരു: ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള പത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് പുനപ്രസിദ്ധീകരിക്കുന്നു. വാരാന്തപ്പതിപ്പായാണ് പത്രം പുനപ്രസിദ്ധീകരിക്കുന്നത്.ജൂണ്‍ 20ന് ഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഔദ്യോഗിക പ്രകാശനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ബംഗളൂരുലില്‍ പ്രത്യേക പതിപ്പിന്റെ പ്രകാശനം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെത്തി.

1938ല്‍ ജവഹര്‍ ലാല്‍ നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചത്. പ്രസിദ്ധീകരണത്തിന്റെ 70ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിന് പത്രം അച്ചടി നിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച പത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പലപ്പോഴും വാര്‍ത്തകള്‍ എഴുതിയിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പത്രം പുനപ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നത്.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ പുതുതായി ഉണ്ടാക്കിയ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറ്റ് ചിലരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എജെഎല്‍ കമ്പനിയെ യംഗ് ഇന്ത്യന്‍ എന്ന ഉപകമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.