അയൽ രാജ്യങ്ങളുമായി സംഭാഷണത്തിന് ഖത്വർ സന്നദ്ധമെന്ന് കുവൈത്ത്

  • ഖത്വറിനെതിരായ ഉപരോധം ഒരാഴ്ച പിന്നിട്ടു
  • മധ്യസ്ഥത വഹിക്കുന്ന കുവൈത്തിൻറെ ആദ്യ പ്രതികരണം
  • ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് റഷ്യയും അമേരിക്കയും
  • ലോകകപ്പിനെ ബാധിക്കില്ലെന്ന് ഫിഫ
Posted on: June 12, 2017 1:02 am | Last updated: June 22, 2017 at 9:43 pm

ദോഹ: അയല്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്താനിയായ സാഹചര്യത്തെക്കുറിച്ചുള്ള സാഭാഷണങ്ങള്‍ക്കും സഹോദര രാജ്യങ്ങളുടെ ഉത്കണ്ഠകള്‍ കേള്‍ക്കാനും ഖത്വര്‍ സന്നദ്ധമാണെന്ന് അനുരഞ്ജന ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കുവൈത്ത് അറിയിച്ചു. അതിനിടെ ഗള്‍ഫ് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു എസും റഷ്യവും ആവശ്യപ്പെട്ടു. എന്നാല്‍, ഖത്വറിലെ പ്രതിസന്ധി 2022 ലെ ലോക കപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഫിഫ വ്യക്തമാക്കി. അതേസമയം, ഖത്വറില്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായി ഇറാനില്‍ നിന്ന് കാര്‍ഗോ വിമാനങ്ങളും ഒമാനില്‍ നിന്ന് കപ്പലും ദോഹയിലെത്തി.
മധ്യസ്ഥശ്രമങ്ങള്‍ക്കായി സഊദി, യു എ ഇ, ഖത്വര്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം കുവൈത്തിന്റെ ആദ്യ പ്രതികരണമാണ് ഇന്നലെ നടത്തിയത്. സഹോദര രാജ്യങ്ങളുമായി സംസാരിക്കാനുള്ള സന്നദ്ധത ഖത്വര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ യഥാര്‍ഥ ഉത്കണ്ഠകള്‍ മനസ്സിലാക്കാന്‍ അവര്‍ക്കു താത്പര്യമുണ്ട്. മേഖലയുടെ സുരക്ഷിതത്വത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ക്കുമായി നിലകൊള്ളാന്‍ ഖത്വര്‍ സന്നദ്ധമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പറഞ്ഞു. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പ്രസ്താവന പ്രസിദ്ധപ്പെടുത്തിയത്. ഗള്‍്ഫ് രാജ്യങ്ങള്‍ക്കിടയിലെ പിണക്കം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിക്കൊണ്ടാണ് കുവൈത്ത് വിദേശകാര്യ മന്ത്രി പ്രസ്താവന അവസാനിപ്പിച്ചത്.
മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് ഖത്വറിന്റെ സംഭാഷണ സന്നദ്ധത അറിയിച്ചതോടെ ഇനി ഖത്വറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ സഊദി, യു എ ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതികരണം നിര്‍ണായകമാകും. ഖത്വര്‍ നയം തിരുത്തുകയല്ലാതെ വേറെ മാര്‍ഗങ്ങളില്ലെന്നാണ് മൂന്നു രാജ്യങ്ങളും ആവര്‍ത്തിച്ചിരുന്നത്. ഖത്വറിലെ ജീവകാരുണ്യ സംഘടനകളെ വരെ ഉള്‍പ്പെടുത്തി മൂന്നു രാജ്യങ്ങളും സംയുക്തമായി ഭീകരപ്പട്ടികയും പുറത്തിറക്കി. എന്നാല്‍, ഈ പട്ടിക തള്ളിയ ഖത്വര്‍ ഹമാസ് നായയുക്തമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ സംഘമാണെന്നും തങ്ങള്‍ ഫലസ്തീന്‍ ജനതയെയാണ് സഹായിക്കുന്നതെന്നും വിശദീകരിച്ചു. പൗരന്‍മാര്‍ക്ക് പരസ്പരം സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്ന നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഖത്വര്‍ രംഗത്തു വന്നു. യു എന്നും ആംനസ്റ്റി ഇന്റര്‍നാഷനലും അനുഭാവം പ്രകടിപ്പിച്ച ഈ നിലാപടിനെത്തുടര്‍ന്ന് ഇന്നലെ മിശ്ര വിവാഹിതരമാ പൗരന്‍മാര്‍ക്ക് ഉപരോധത്തില്‍ ഇളവ് ഏര്‍പ്പെടുത്താന്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങളും സന്നദ്ധമായി. കൂടുതല്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്വര്‍ നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. മക്കയില്‍ ഖത്വരി പൗരന് ഉംറ നിഷേധിച്ചുവെന്ന വാര്‍ത്തയും ഖത്വര്‍ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.