ഭക്ഷ്യ വിഭവങ്ങളുമായി ഒമാനില്‍ നിന്നും ദോഹയിൽ കപ്പലെത്തി

സൊഹാറില്‍ നിന്നും ദോഹയിലേക്ക് നേരിട്ട് കപ്പല്‍ സര്‍വീസ് തുടങ്ങി
Posted on: June 11, 2017 10:44 pm | Last updated: June 22, 2017 at 9:43 pm
സൊഹാറില്‍ നിന്നും ഹമദ് തുറമുഖത്തെത്തിയ ആദ്യ ചരക്കു കപ്പിലിനെ ജലാഭിവാദ്യം നല്‍കി സ്വീകരിക്കുന്നു

ദോഹ: രാജ്യത്തെ ആഭ്യന്തര വിപണിയില്‍ ഉപഭോഗ വസ്തുക്കളുടെ ലഭ്യതക്ക് ആക്കം കൂട്ടി ഒമാനിലെ സൊഹാറില്‍ നിന്നും ദോഹ ഹമദ് പോര്‍ട്ടിലേക്ക് നേരിട്ട് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗതാഗത മന്ത്രാലയത്തിന്റെ പരിശ്രമഫലമായാണ് സൊഹാറുമായി കയറ്റിറക്കുമതി മാര്‍ഗം തുറന്നത്. ആഴ്ചയില്‍ മൂന്നു കപ്പല്‍ സര്‍വീസുകളാണ് ഇരു പോര്‍ട്ടുകള്‍ക്കുമിടയില്‍ നടക്കുക.
മിലാഹയുടെ ഡി എം ജെ സര്‍വീസിനു കീഴിലാണ് ചരക്കു കപ്പല്‍ സേവനം ലഭ്യമാക്കുന്നതെന്ന് ഖത്വര്‍ പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനി (മവാനി) അറിയിച്ചു. ഹമദ് പോര്‍ട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ പ്രഖ്യാപനം നടത്തിയത്. ഗള്‍ഫില്‍ രൂപപ്പെട്ട പുതിയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കമ്പനി വിവിധ രാജ്യങ്ങളിലെ പോര്‍ട്ട്, തുറമുഖ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും ശ്രമിച്ചു വരികയാണെന്ന് മവാനി പ്രതിനിധികള്‍ പറഞ്ഞു. ചില രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ രാജ്യത്തെ കയറ്റിറക്കുമതി മേഖലയെ ഒരു തരത്തിലും ബാധിക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് വികസിപ്പിക്കുന്നത്.
എല്ലാ പോര്‍ട്ടുകളിലും നേരത്തേയുണ്ടായിരുന്നതു പോലെ തന്നെ ബിസിനസ് മുന്നോട്ടു പോകുന്നുവന്ന് ഉറപ്പു വരുത്തുന്നുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലെ പങ്കാളികളുമായി ബന്ധപ്പെട്ട് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. മേഖലയിലെയും ആഗോള തലത്തിലെയും വ്യാപാരം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹമദ് പോര്‍ട്ട് ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ യാഫിഈ പറഞ്ഞു. ഓരോ ദിവസത്തെയും സംഭവവികാസങ്ങള്‍ കമ്പനി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവിതരണം ഉള്‍പ്പെടെ രാജ്യത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് മുഖ്യം. പ്രൊജക്ട് കാര്‍ഗോകളുടെ നീക്കവും മറ്റു ചരക്കു നീക്കങ്ങളും പരിഗണിക്കുന്നു.
സോഹാര്‍-ദോഹ കപ്പല്‍ സര്‍വീസിന്റെ ഭാഗമായി മിലാഹയുടെ ഡി എം ജെ സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹസ്‌ന നീബര്‍ഗ് എന്ന കപ്പല്‍ ഇന്നലെ ഹമദ് തുറമുഖത്തെത്തി. രാജ്യത്തെ ഉപഭോക്താക്കള്‍ക്കാവശ്യമായ വ്യത്യസ്ത ചരക്കുകള്‍ വഹിച്ച കപ്പലിനെ ജലാഭിവാദ്യം നല്‍കിയാണ് തുറമുഖത്ത് സ്വീകരിച്ചത്. 133 കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ മുഖ്യമായും ഭക്ഷ്യോത്പന്നങ്ങളുമായാണ് കപ്പല്‍ എത്തിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് സൊഹാര്‍-ദോഹ ചരക്കു കപ്പല്‍ സര്‍വീസ് തുടങ്ങാനായതെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിമാസം 12 സര്‍വീസുകളാണ് ഇരു തുറമുഖങ്ങള്‍ക്കുമിടയില്‍ നടക്കുക.