ഖത്വര്‍ പെട്രോളിയം ഉത്പാദനവും വ്യാപാരവും പതിവു പോലെ തുടരുന്നതായി കമ്പനി

Posted on: June 11, 2017 1:57 pm | Last updated: June 11, 2017 at 8:00 pm

ദോഹ: രാജ്യത്തെ പെട്രോള്‍, ഗ്യാസ് ഉത്പാദന കമ്പനിയായ ഖത്വര്‍ പെട്രോളിയത്തിന്റെ എല്ലാ മേഖലയിലുമുള്ള ഉത്പാദന, വ്യാപാര ഇടപാടുകള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് സാദ് ശരീദ അല്‍ കഅബി വ്യക്തമാക്കി.

മേലെ മുതല്‍ താഴെ വരെയുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണ്. പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് യഥാസമയം ഉത്പന്നം എത്തിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖത്വര്‍ പെട്രോളിയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടേയും മുകള്‍തട്ടുമുതല്‍ താഴെതട്ടുവരെയുള്ള എല്ലാ വ്യാപാരങ്ങളും പ്രവര്‍ത്തനങ്ങളും സാധാരണ പോലെ തുടരുന്നുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ അനിവാര്യ നടപടികള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. പ്രാദേശികവും മേഖലാപരവും ആഗോളതലത്തിലുമുള്ള ഉപഭോക്താക്കളോടുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും ഉറപ്പാക്കുന്നതില്‍ ഖത്വര്‍ പെട്രോളിയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പെട്ടെന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിട്ട പ്രാഥമിക പ്രയാസങ്ങള്‍ പരിഹരിക്കാനായി രാജ്യത്തെ എണ്ണ, വാതക മേഖലയിലെ സഹപ്രവര്‍ത്തകരും ഖത്വര്‍ പെട്രോളിയത്തിന്റെ രാജ്യാന്തര പങ്കാളികളും നടത്തിയ ശ്രമങ്ങള്‍ക്ക് അല്‍ കഅബി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ആഗോള തലത്തിലുള്ള ദ്രവീകൃത പ്രകൃതി വാതക വ്യാപാരത്തില്‍ 30 ശതമാനവും ഖത്വറിന്റേതാണ്. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉത്പാദന, കയറ്റുമതി രാജ്യമാണ് ഖത്വര്‍. യു എ ഇ, ഒമാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് പൈപ്പ്‌ലൈന്‍ വഴി പ്രകൃതി വാതകം വിതരണം ചെയ്യുന്നു. ഹീലിയം, ദ്രവീകൃത ഉത്പന്നങ്ങള്‍, പ്രകൃതി വാതകം, ശുദ്ധീകരണ ഉത്പന്നങ്ങള്‍, രാസവളം, സ്റ്റീല്‍, അലുമിനിയം, പെട്രോ കെമിക്കല്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍നിരയിലുമാണ് ഖത്വര്‍.