ഖത്തറിലേക്ക് തുര്‍ക്കിയില്‍ നിന്ന് പാലും മറ്റ് ഉത്പന്നങ്ങളും എത്തി; വിലയും കുറവ്

Posted on: June 11, 2017 1:23 pm | Last updated: June 11, 2017 at 7:53 pm

ദോഹ: തുര്‍ക്കിയില്‍ നിന്ന് വന്‍തോതില്‍ എത്തിയ ക്ഷീരോത്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞ് ഖത്വറിലെ വ്യാപാര സ്ഥാപനങ്ങളിലെ ഷെല്‍ഫുകള്‍. മറ്റ് പൗള്‍ട്രി സാധനങ്ങളും എത്തിയിട്ടുണ്ട്. ഫ്രഷ് പാല്‍, ലബാന്‍, തൈര് എന്നിവയുള്‍പ്പടെ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്. വിപണിയില്‍ നേരത്തെയുണ്ടായിരുന്ന ക്ഷീരോത്പന്നങ്ങളെക്കാള്‍ വിലക്കുറവാണ് തുര്‍ക്കി ഉത്പന്നങ്ങള്‍ക്കെന്നതാണ് മറ്റൊരു പ്രത്യേകത. പാല്‍ ഒരു ലിറ്ററിന് അഞ്ച് ഖത്വര്‍ റിയാലാണ് വില. പാലിന് ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയാണിത്. വിലക്കുറവായതിനാല്‍ ഉപഭോക്താക്കളും ആഹ്ലാദത്തിലാണ്.

രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി തുര്‍ക്കിയില്‍ നിന്നും മതിയായ അളവില്‍ ഫ്രഷ് ക്ഷീരോത്പന്നങ്ങള്‍ ഖത്വറിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച വൈകുന്നേരം വിമാന മാര്‍ഗമെത്തിയ പാല്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെത്തി. പാലിന്റെ ഗുണനിലവാരം മികച്ചതും വില ആകര്‍ഷകവുമാണെന്നും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വിധത്തില്‍ പാലും മറ്റ് ഉത്പന്നങ്ങളും എത്തിച്ചിട്ടുണ്ടെന്ന് രാജ്യത്തെ വിവിധ മാള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

വരുംദിവസങ്ങളില്‍ തുര്‍ക്കിയില്‍ നിന്നും ക്ഷീരോത്പന്നങ്ങള്‍ വലിയ അളവില്‍ ഖത്വറിലെത്തും. നിലവില്‍ ഖത്വറിന്റെ ദേശീയ ക്ഷീരോത്പന്നങ്ങളായ ബലദ്‌ന, ദാന്‍ഡി, ഗദീര്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്. തുര്‍ക്കിയില്‍ നിന്നുള്ള ഫ്രഷ് ചിക്കന്‍, ജ്യൂസ് എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ക്ഷീര, പൗള്‍ട്രി ഉത്പന്നങ്ങള്‍ പ്രാദേശികവിപണിയിലെത്തും. ഒമാനില്‍ നിന്നും ഫ്രഷ് ചിക്കനും ഖത്വര്‍ വിപണിയിലെത്തിയിട്ടുണ്ട്. മുട്ട ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സൂപ്പര്‍മാര്‍ക്കറ്റ് പ്രതിനിധികള്‍ പറഞ്ഞു. ഉത്പന്നങ്ങള്‍ക്ക് യാതൊരു ദൗര്‍ലഭ്യവുമില്ല. ഔട്ട്‌ലെറ്റുകളിലെ ഷെല്‍ഫുകള്‍ കാലിയായിരിക്കുന്ന സാഹചര്യമില്ല. വിവിധ മാര്‍ഗങ്ങളിലൂടെ ഉത്പന്നങ്ങള്‍ എത്തുന്നുണ്ട്. പച്ചക്കറികളുടെ ഇറക്കുമതിക്കും തടസമില്ല. കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ ഇളവില്‍ തക്കാളി ഇറക്കുമതി ചെയ്തതായി സൂപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി ചൂണ്ടിക്കാട്ടി.

അതിനിടെ, തുര്‍ക്കിയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പേരും മറ്റും തുര്‍ക്കി ഭാഷയിലായതിനാല്‍ അവയുടെ അറബി, ഇംഗ്ലീഷ് ഭാഷാന്തരം വ്യക്തമാക്കുന്ന പട്ടിക വാണിജ്യ മന്ത്രാലയം ഇറക്കി. മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ് ഇത് പ്രസിദ്ധീകരിച്ചത്. അല്‍പസമയത്തിനകം തന്നെ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഇത് വൈറലായി. പ്രവാസികള്‍ക്കിടയിലെ ഇന്നലത്തെ പ്രധാന ട്രന്‍ഡിംഗ് ഇതായിരുന്നു.