Connect with us

Gulf

ഹമാസിനെ ഭീകര സംഘടനയായി അറബ് രാജ്യങ്ങള്‍ കാണുന്നില്ല: ഖത്വര്‍

Published

|

Last Updated

ദോഹ: ഹമാസി ഒരു യുക്തസഹമായ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായാണ് അറബ് രാജ്യങ്ങള്‍ കാണുന്നതെന്ന് ഖത്വര്‍ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്്മാന്‍ അല്‍താനി വ്യക്തമാക്കി. മോസ്‌കോ സന്ദര്‍ശനത്തിനിടെ റഷ്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഹമാസിനെ ഭീകര സംഘടനയായാണ് കരുതുന്നത്. എന്നാല്‍, അറബ് രാജ്യങ്ങള്‍ അങ്ങനെയല്ല കരുതുന്നത്. എന്നാല്‍ ഞങ്ങള്‍ ഹമാസിനെ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല. പകരം ഫലസ്തീന്‍ ജനതയെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2007 മുതല്‍ ഗാസ ഭരിക്കുന്ന ജനകീയ ചെറുത്തു നില്‍പ്പ് പ്രസ്ഥാനമാണ് ഹമാസ്. 20 ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഈ ചെറു തുരുത്ത് ഒരു പതിറ്റാണ്ടിലേറെയായി ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിന്‍ കീഴിലാണെന്നും മന്ത്രി പറഞ്ഞു.
ഉപരോധം പിന്‍വലിക്കണമെങ്കില്‍ ഹമാസിനും മുസ്്‌ലിം ബ്രദര്‍ഹുഡിനും നല്‍കുന്ന പിന്തുണ ഖത്വര്‍ പിന്‍വലിക്കണമെന്ന് ബുധനാഴ്ച സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞിരുന്നു. ഹമാസിനും ബ്രദര്‍ഹുഡിനും പിന്തുണ നല്‍കുന്നതിലൂടെ ഖത്വര്‍ ഫലസ്തീന്‍ അതോറിറ്റിയെയും ഈജിപ്തിനെയും ക്ഷയിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഖത്വറിന്റെ നിലപാട് മറ്റു ഗള്‍ഫ് രാജ്യങ്ങളോട് യോജിച്ചു പോകുന്നതാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഹമാസ് ഖത്വറിലുണ്ട് എന്നതിനര്‍ഥം അത് ഹമാസിനെ പിന്തുണക്കുന്നു എന്നല്ല. ഖത്വര്‍ ഫലസ്തീന്‍ അതോറിറ്റിയുമായും ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ഹമാസിന്റെ രാഷ്ട്രീയ പ്രാതിനിധ്യമാണ് ഖത്വറിലെ സാന്നിധ്യം. യു എസുമായും മേഖലയിലെ മറ്റു രാജ്യങ്ങളുമായും സഹകരിച്ചാണ് ഹമാസ് നേതാക്കള്‍ക്ക് ദോഹയില്‍ സാന്നിധ്യമനുവദിച്ചത്. ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചക്കും ഐക്യത്തിനും വഴിയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, ഹമാസിന് ഖത്വര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന സഊദി അറേബ്യയുടെ പ്രസ്താവന ഫലസ്തീന്‍ ജനതയെയും അറബ് ഇസ്്‌ലാമിക് രാജ്യങ്ങളെയും ഞെട്ടിച്ചതായി ഹമാസ് പ്രതികരിച്ചു.

Latest