നായവില്‍പ്പനയ്ക്കും കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം

Posted on: June 10, 2017 4:50 pm | Last updated: June 11, 2017 at 12:18 pm

ന്യൂഡല്‍ഹി: നായവില്‍പ്പനയ്ക്കും പ്രജനനത്തിനും കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പനയ്ക്കും അലങ്കാര മത്സ്യങ്ങളുടെ പ്രജനനത്തിനും വില്‍പ്പനയ്ക്കും കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണിത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.വാണിജ്യ അടിസ്ഥാനത്തിലുള്ള നായവില്‍പ്പനയ്ക്കും പ്രജനനത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണമെന്നാണ് പുതിയ നിര്‍ദ്ദേശം. കര്‍ശന വ്യവസ്ഥകളാണ് ലൈസന്‍സ് ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള നായ്ക്കളെ വില്‍ക്കാന്‍ പാടില്ല.

നായ്ക്കള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രജനന കേന്ദ്രങ്ങളില്‍ മൃഗഡോക്ടറുടെ സാന്നിധ്യമുണ്ടാകണം. ശ്വാന പ്രദര്‍ശനങ്ങള്‍ നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്. കര്‍ശന വ്യവസ്ഥകളോടെ മാത്രമെ പ്രദര്‍ശനങ്ങള്‍ നടത്താവൂ. ഇത്തരം പ്രദര്‍ശങ്ങളില്‍ നായ വില്‍പ്പന പാടില്ലെന്ന വ്യവസ്ഥയും പ്രാബല്യത്തില്‍വരും. സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡുകള്‍ക്കാണ് നിയമം നടപ്പാക്കാനുള്ള ചുമതല. കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ് നീക്കമെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. കശാപ്പ് നിയന്ത്രണത്തിന് പിന്നാലെ അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയ്ക്കും നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്നതിന് രജിസ്‌ട്രേഷന്‍ കര്‍ശനമാക്കുകയും മത്സ്യങ്ങളെ ശുചിത്വമുള്ള സാഹചര്യത്തിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. അലങ്കാരമത്സ്യങ്ങളെ വില്‍ക്കുന്നവര്‍ മറ്റ് വളര്‍ത്തുമൃഗങ്ങളെ വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും.