തന്നെ പരിഹസിച്ച് മുഖപ്രസംഗം എഴുതിയ വീക്ഷണത്തിനെതിരെ കെ.എം.മാണി രംഗത്ത്

Posted on: June 10, 2017 4:16 pm | Last updated: June 10, 2017 at 9:42 pm

കോട്ടയം: തന്നെ പരിഹസിച്ച് മുഖപ്രസംഗം എഴുതിയ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി രംഗത്ത്. അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി പറഞ്ഞു. വീക്ഷണം കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ ആരെയും ചതിച്ചിട്ടില്ല. മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യു.ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കില്‍ അത് എങ്ങനെയാണ് ചതിയാവുക. കോട്ടയം ജില്ലാപഞ്ചായത്തിലെ പരാജയം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിലകൊടുത്തു വാങ്ങിയതാണെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സാധാരണ ഗതിയിലാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കുമായിരുന്നു. എന്നാല്‍ ഡി.സി.സി വളരെ മോശമായിട്ടാണ് പ്രതികരിച്ചത്.
അതിനെതിരെ അഭിമാനമുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുകയായിരുന്നു. പ്രാദേശികമായി സഹകരിച്ചു മുന്നോട്ടു പോകാമെന്ന് കോണ്‍ഗ്രസുമായി കരാറുണ്ടാക്കിയിട്ടില്ലെന്നും മാണി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കുമില്ല. ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പുള്ള പാര്‍ട്ടിയാണ് തങ്ങളുടേത്. 1965, 1967, 1970 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ശക്തി തെളിയിച്ചിട്ടുണ്ട്. ചുമ്മാ തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂക്കല്ല കേരള കോണ്‍ഗ്രസെന്ന് എല്ലാവരും മനസിലാക്കുന്നത് നല്ലതാണ്. കേരള കോണ്‍ഗ്രസിനു ശക്തിയുണ്ടെങ്കില്‍ കൂട്ടുകൂടാന്‍ ആളുകള്‍വരും. യു.ഡി.എഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസിനില്ല. ഞങ്ങളെ മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു