അടുത്ത ആക്രമണം സഊദിയിലെന്ന് ഐ എസ്

Posted on: June 10, 2017 2:38 pm | Last updated: June 10, 2017 at 6:19 pm

ദുബായ്: ടെഹ്‌റാനില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ സൗദി അറേബ്യയില്‍ ഇനുയും ആക്രമണം നടത്തമെന്ന ഉയര്‍ത്തി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. ഇറാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഷിയാ വിഭാഗത്തിനു നേര്‍ക്ക് കൂടുതല്‍ ആക്രമണമുണ്ടാകുമെന്നും ഐ.എസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ബുധനാഴ്ചയാണ് ഇറാന്‍ പാര്‍ലമെന്റിനും അയത്തുള്ള ഖുമേനിയുടെ ശവകുടീരത്തിനു നേര്‍ക്കും ചാവേര്‍ ആക്രമണം നടന്നത്.

ടെഹ്‌റാന്‍ ആക്രമണത്തിനു തൊട്ടുമുന്‍പാണ് മുഖംമൂടി ധരിച്ച അഞ്ച് ഐ.എസ് ഭീകരര്‍ നടത്തുന്ന ഭീഷണി സന്ദേശം വെബ്‌സൈറ്റില്‍ വന്നത്. ഇറാനിലെ ഷിയാ മുസ്ലീംകളെയും സൗദി അറേബ്യന്‍ സര്‍ക്കാരിനേയുമാണ് ഭീകരര്‍ ഭീഷണിപ്പെടുത്തുന്നത്.
നിങ്ങളുടെ ഊഴം വരും എന്നാണ് വീഡിയോയില്‍ പറയുന്നത്. നിങ്ങളുടെ ഊഴമാണെന്ന് അറിയുക. നിങ്ങളുടെ രാജ്യത്ത് കടന്ന് നിങ്ങള്‍ക്കെതിരെ ആക്രമണം നടത്തും. ഞങ്ങള്‍ ആരുടേയും ഏജന്റല്ല. ഞങ്ങള്‍ അള്ളാഹുവിനെയും അദ്ദേഹത്തിന്റെ ദൂതനെയും അനുസരിക്കുന്നു. മതത്തിന്റെ ക്ഷേമത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഇറാനോ അറേബ്യന്‍ ഉപദ്വീപിനോ വേണ്ടിയല്ലെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അതേസമയം, വീഡിയോയില്‍ ഉള്ള അഞ്ച് അക്രമികളും ഐ.എസ് റിക്രൂട്ട് ചെയ്ത ഇറാനിയന്‍ പൗരന്മാരാണെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ ഒരു പങ്കുമില്ലെന്ന് സൗദി അറേബ്യയിലെ സുന്നി വിഭാഗവും വ്യക്തമാക്കി. ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള ബന്ധം സൗദിയും ഈജിപ്തും യു.എ.ഇയും ബഹ്‌റൈനും വിച്ഛേദിച്ചതിനു പിന്നാലെയാണ് ഇറാനില്‍ ആക്രമണം നടന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ യു.എസ് എംബസി അവിടെയുള്ള പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.