Connect with us

Editorial

മദ്യനിരോധനം തന്നെ പ്രായോഗികം

Published

|

Last Updated

കേരളീയ പൊതുസമൂഹത്തിന്റെ താത്പര്യത്തെ മദ്യലോബിക്കും ഏതാനും തൊഴിലാളികള്‍ക്കും വേണ്ടി അട്ടിമറിച്ചിരിക്കുകയാണ് ഇടതുമുന്നണി. മദ്യലഭ്യത കുറച്ചു കൊണ്ടുള്ള മുന്‍സര്‍ക്കാര്‍ നടപടിയിലൂടെ സംസ്ഥാനത്തെ സാമൂഹിക, ക്രമസമാധാന രംഗത്ത് സംജാതമായിക്കൊണ്ടിരുന്ന ഗുണപരമായ മാറ്റങ്ങളെ പാടേ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയത്തിലെ പൊളിച്ചെഴുത്ത്. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും അതിന് മുകളിലുള്ളതിനും ലൈസന്‍സും മറ്റുള്ളവക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുമാണ് വ്യാഴാഴ്ചത്തെ മന്ത്രസഭാ തീരുമാനം. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റുവട്ടത്തെ മദ്യഷാപ്പുകള്‍ നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കാനായി പൂട്ടിയ ഷാപ്പുകള്‍ താലൂക്കില്‍ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനും പുതിയ നയം അനുവദിക്കുന്നു. പൂട്ടിയ ഒരൊറ്റ മദ്യഷാപ്പും തുറക്കില്ലെന്ന സി പി എം നേതാവ് സീതാറാം യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് കാലത്തെ ഉറപ്പിന്റെ ലംഘനവുമാണിത്.
യു ഡി എഫിന്റെ മദ്യനയം കൊണ്ട് മദ്യോപയോഗം കുറഞ്ഞില്ലെന്നും ബോധവത്കരണത്തിലൂടെ മദ്യാസക്തി കുറക്കുകയാണ് പ്രായോഗികമെന്നുമുള്ള വാദങ്ങളാണ് മദ്യനയം പൊളിച്ചെഴുതുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍വെക്കുന്നത്. എന്നാല്‍ യു ഡി എഫിന്റെ മദ്യനിയന്ത്രണം മദ്യോപയോഗത്തില്‍ 30 ശതമാനം കുറവ് വരുത്തിയെന്നും റോഡപകങ്ങളുടെ എണ്ണത്തിലും ഇതിന്റെ പ്രതിഫലനം പ്രകടമായതായും കണ്ടെത്തിയതാണ്. അടിസ്ഥാന രഹിതവും ജനവിരുദ്ധനിലപാടിന് ന്യായീകരണം കണ്ടെത്താനുള്ളതുമാണ് മറിച്ചുള്ള വാദങ്ങള്‍. മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം മദ്യാസക്തി കുറച്ചുകൊണ്ടുവരാമെന്ന വാദവും നിരര്‍ഥകമാണ്. ലഭ്യത നിലനില്‍ക്കുന്ന ചുറ്റുപാടില്‍ മദ്യവര്‍ജനമെന്ന ആശയം അപ്രസക്തമാണ്. ആസക്തി കുറക്കുന്നതിന് അതിന്റെ ലഭ്യതക്കുറവും മദ്യപാനത്തിലേക്ക് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതിരിക്കേണ്ടതും അനിവാര്യമാണ്. മദ്യവര്‍ജന വാദത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പോരായ്മകള്‍ പരിഹരിച്ചു കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയം നിലനിര്‍ത്തുകയും മദ്യോപയോഗത്തിന് പ്രചോദനമേകുന്ന സിനിമകളും സീരിയലുകളും നിരോധിക്കുകയുമാണ് വേണ്ടത്. മദ്യലഭ്യത പടിപടിയായി കുറച്ചുകൊണ്ടു വന്നു പൂര്‍ണമായ നിരോധത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുക തന്നെയാണ് ജനങ്ങളെ അതില്‍ നിന്ന് മുക്തമാക്കാനുള്ള പ്രായോഗിക മാര്‍ഗം.

മദ്യനിരോധനം ജോലി നഷ്ടമാക്കുന്നവരുടെ ജീവിത പ്രശ്‌നമാണ് മറ്റൊരു കാര്യം. മദ്യത്തിന്റെ ഒഴുക്ക് മൂലം ജീവിതം ദുസ്സഹവും ദുരിതപൂര്‍ണവുമാകുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളേക്കാള്‍ വലുതാണോ കുറച്ചുപേരുടെ തൊഴില്‍? മദ്യപന്‍മാരുടെ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളും കുട്ടികളും സംസ്ഥാനത്ത് നിരവധിയാണ്. പിതാവെന്നും ഭര്‍ത്താവെന്നുമുള്ള കാര്യം വിസ്മരിച്ചു മദ്യപാനികള്‍ കിട്ടുന്ന വരുമാനത്തില്‍ സിംഹഭാഗവും മദ്യത്തിന് ചെലവിടുമ്പോള്‍ കുടുംബ ബജറ്റ് താളം തെറ്റുകയും വീടകം ദുരിതത്തിലാകുകയും കുട്ടികളുടെ പഠനം പോലും അവതാളത്തിലാകുകയുമാണ്. മദ്യപാനികളുടെ ഭാര്യമാരില്‍ 70 ശതമാനവും ഉത്കണ്ഠാ രോഗങ്ങള്‍, വിഷാദരോഗങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വരാണെന്നാണ് പഠന റിപ്പോര്‍ട്ട്. തൊഴിലാളികളെ മറ്റേതെങ്കിലും മേഖലകളില്‍ പുനരധിവസിപ്പിക്കാനാകും. കുടുംബനാഥന്മാരുടെ മദ്യപാനം നഷ്ടമാക്കുന്ന വീടുകളിലെ സ്വസ്ഥതയും സമാധാനവും തിരിച്ചു നല്‍കാന്‍ സര്‍ക്കാറിന്റെ മുമ്പില്‍ എന്ത് വഴിയുണ്ട്?

ദിനംപ്രതി 700 മുതല്‍ ആയിരം രൂപ വരെ കൂലി വാങ്ങുന്നവരാണ് കേരളത്തിലെ സാധാരണ തൊഴിലാളികള്‍. ഉപകാരപ്രദമായി ഇത് ചെലവിട്ടാല്‍ കുടുംബത്തില്‍ മെച്ചപ്പെട്ട ജീവിതം നിലനിര്‍ത്തുന്നതിനൊപ്പം മോശമല്ലാത്ത സമ്പാദ്യമുണ്ടാക്കാനും സാധിക്കും. എന്നിട്ടും വര്‍ഷങ്ങളോളം അദ്ധ്വാനിക്കുന്ന തൊഴിലാളി കുടുംബങ്ങളില്‍ പട്ടിണിയും പ്രയാസവും വിട്ടുമാറാത്തതിന്റെ മുഖ്യ കാരണം മദ്യപാനമാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് കേരളീയര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് കല്യാണങ്ങള്‍ക്കും പിന്നീട് മദ്യത്തിനുമാണെന്നാണ്. സാധാരണക്കാരെ ചൂഷണം ചെയ്തും മൂക്കറ്റം കുടിപ്പിച്ചു ജീവിതം താറുമാറാക്കിയും മദ്യലോബി തടിച്ചു കൊഴുക്കുകയാണിവിടെ. ദിവസവും മുന്നൂറും നാനൂറും രൂപ വരെ ബാറില്‍ ചെലവിടുന്നവരാണ് തൊഴിലാളികളില്‍ പലരും. സമൂഹത്തിലെ അസമത്വത്തിനെതിരെയും ചൂഷകര്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കുന്നവരാണല്ലോ ഇടത്, പുരോഗമന പ്രസ്ഥാനങ്ങള്‍. ഇതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സമൂഹത്തില്‍ ദാരിദ്ര്യം സൃഷ്ടിക്കുന്നതിനപ്പുറം മനുഷ്യന്റെ ബുദ്ധി കൂടി നഷ്ടപ്പെടുത്തുന്ന മദ്യ വിപത്തിനെതിരെയാണ് അവര്‍ ആദ്യം മുഷ്ടി ചുരുട്ടേണ്ടത്.

Latest