തുടങ്ങാം, മഴക്കൊയ്ത്ത്

മഴക്കാലത്ത് ഇഷ്ടംപോലെ വെള്ളം, വേനലില്‍ വെള്ളത്തിനായി നെട്ടോട്ടം. മഴ പെയ്തു കിട്ടുന്ന വെള്ളത്തിന്റെ മുക്കാല്‍ ഭാഗവും ഉപയോഗപ്പെടുത്താതെ നമ്മുടെ കണ്‍മുന്നിലൂടെ ഒഴുകി കടലിലേക്കു പോകുന്നു. ഇവിടെ ഒരു കൊല്ലം പെയ്യുന്ന മഴ, ഒഴുകി പോകാനനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍ കേരളത്തിന്റെ ഉപരിതലത്തില്‍ ഏകദേശം മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടാകുമെന്ന് വിദഗ്ധപക്ഷം. ദേശീയ ശരാശരിയേക്കാള്‍ 2.78 ഇരട്ടി മഴ കിട്ടിയിട്ടും എന്തുകൊണ്ട് കേരളം വരളുന്നു. കുടിവെള്ളത്തിനായി മൂന്ന് മാസം ടാങ്കറുകളുടെ ഹോണ്‍ വിളികേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചിരിക്കുന്നു. നൂറ്റാണ്ടിലെ തന്നെ വലിയ വരള്‍ച്ചക്കാലം കടന്നുവരുന്ന മലയാളി ഇനിയെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടതല്ലേ. മഴവെള്ളക്കൊയ്ത്ത് എന്നത് ഒരു പ്രയോഗമായി മാറിയതില്‍ ആശ്വസിക്കാം. എന്നാല്‍, അത് എത്രമാത്രം ഫലപ്രദമാണ്? ശാസ്ത്രീയമാണ്? പരമ്പരാഗതമായി ഗ്രാമീണ മേഖലയില്‍ അനുവര്‍ത്തിച്ചു വരുന്ന ജലസംഭരണ മാര്‍ഗങ്ങള്‍ തിരിച്ചുപിടിക്കേണ്ടതല്ലേ. മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലമായി മാറുന്നതാണ് കേരളത്തിന്റെ അനുഭവം. പലതരം രേഗങ്ങള്‍ ശക്തിയാര്‍ജിച്ച് കടന്നുവരുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റം ഈ രോഗങ്ങളെ അതിജയിക്കുന്നതിന് തടസ്സമാകുന്നു. അതുകൊണ്ട് മഴക്കാലം വരള്‍ച്ചയിലേക്കുള്ള കാത്തുവെപ്പാകണം. രോഗങ്ങളെ കരുതിയിരിക്കുകയും വേണം. ജലസംരക്ഷണത്തിന്റെ പ്രായോഗിക പാഠങ്ങളും മഴക്കാല രോഗങ്ങള്‍ക്കെതിരായ പ്രതിരോധവും ചര്‍ച്ച ചെയ്യുന്ന പരമ്പര ഇന്ന് മുതല്‍....
കാത്തുവെക്കാം കരുതിയിരിക്കാം - പരമ്പര ഒന്നാം ഭാഗം
Posted on: June 9, 2017 6:40 am | Last updated: June 9, 2017 at 5:37 pm

മഴ തിമിര്‍ത്ത് പെയ്യുകയാണ്. മൂന്ന് മാസം അനുഭവിച്ച ചൂടും ജലക്ഷാമവും പതുക്കെയാണെങ്കിലും മറന്ന് കൊണ്ടിരിക്കുന്നു. എന്തൊരു മഴ, പുറത്തിറങ്ങാന്‍ കഴിയുന്നില്ലല്ലോയെന്ന പഴി കേട്ട് തുടങ്ങിയിട്ടുണ്ട്. എത്ര വേഗമാണ് നാം മാറുന്നത്. മറക്കുന്നത്. ഒരാഴ്ച മുമ്പുള്ള കേരളം പലരുടെയും മനസ്സില്‍ നിന്ന് മാഞ്ഞ് പോയി കഴിഞ്ഞു. മഴ തുടങ്ങിയപ്പഴേ നഗരങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ മണ്‍സൂണിന്റെ ആദ്യആഴ്ച ലഭിച്ചെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കും വന്നു. കുടിവെള്ളത്തിന്റെ രൂക്ഷത വര്‍ണിച്ച വാര്‍ത്താ തലക്കെട്ടുകള്‍ വെള്ളക്കെട്ടിന്റെ ദുരിതത്തിലേക്ക് വഴിമാറുന്നു.

മഴക്കാലത്ത് ഇഷ്ടം പോലെ വെള്ളം, വേനലില്‍ വെള്ളത്തിനായി നെട്ടോട്ടം. മഴ പെയ്തു കിട്ടുന്ന വെള്ളത്തിന്റെ മുക്കാല്‍ ഭാഗവും ഉപയോഗപ്പെടുത്താതെ നമ്മുടെ കണ്‍മുന്നിലൂടെ ഒഴുകി കടലിലേക്കു പോകുന്നു. ഇവിടെ ഒരു കൊല്ലം പെയ്യുന്ന മഴ, ഒഴുകി പോകാനനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍ കേരളത്തിന്റെ ഉപരിതലത്തില്‍ ഏകദേശം മൂന്നുമീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടാകുമെന്ന് വിദഗ്ധപക്ഷം. ദേശീയ ശരാശരിയേക്കാള്‍ 2.78 ഇരട്ടി മഴ കിട്ടിയിട്ടും എന്തുകൊണ്ട് കേരളം വരളുന്നു. കുടിവെള്ളത്തിനായി മൂന്ന് മാസം ടാങ്കറുകളുടെ ഹോണ്‍ വിളികേള്‍ക്കാന്‍ കാത്കൂര്‍പ്പിച്ചിരിക്കുന്നു.

നൂറ്റാണ്ടിലെ തന്നെ വലിയ വരള്‍ച്ചക്കാലം കടന്നുവരുന്ന മലയാളി ഇനിയെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടതല്ലേ. വീതി കുറഞ്ഞു തൂക്കായ ഭൂപ്രകൃതി, വനനശീകരണം, നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തല്‍, ജലമലിനീകരണം, ഉയര്‍ന്ന ജനസാന്ദ്രത, അശാസ്ത്രീയമായ വികസനം ഇത്രയും വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്താല്‍ മാത്രം മതി, വരള്‍ച്ചയില്ലാത്ത കേരളം നമുക്ക് പാകപ്പെടുത്താം. ഒപ്പം, മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാനും മഴവെള്ളത്തെ മണ്ണിലാഴ്ത്തി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും കൃത്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കണം. ചെലവ് കുറഞ്ഞ രീതിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. സെമിനാര്‍ ഹാളില്‍ നിന്ന് പ്രയോഗ തലത്തിലേക്ക് ഇവയെ കൊണ്ടുവരണം.
മണ്‍സൂണ്‍ തുടങ്ങിയ ശേഷം കേരളം ശ്രദ്ധിച്ച രണ്ടു വാര്‍ത്തകള്‍ കൊച്ചിയിലും തിരുവനന്തപുരത്തുമുണ്ടായി. തിമിര്‍ത്ത് പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായതാണൊന്ന്. സര്‍ക്കാര്‍ അതിഥി മന്ദിരമായ ആലുവ പാലസിനകത്തും വെള്ളം കയറി. അവിടെ താമസിക്കാനെത്തിയ മുഖ്യമന്ത്രി പോലും വലഞ്ഞു. മേയറെ വിളിച്ചുവരുത്തി അദ്ദേഹം നടപടിക്ക് നിര്‍ദേശവും നല്‍കി.

മണ്‍സൂണ്‍ തുടങ്ങി ആദ്യ ആഴ്ച അരുവിക്കര ഡാം നിറഞ്ഞ് കവിഞ്ഞ് ഷട്ടര്‍ തുറന്നതാണ് തിരുവനന്തപുരത്ത് നിന്നുള്ള വാര്‍ത്ത. ഡാമില്‍ വര്‍ഷങ്ങളായി ചെളിയും മണ്ണും അടിഞ്ഞ് കൂടി സംഭരണ ശേഷി കുറഞ്ഞതാണ് കാരണം. തിരുവനന്തപുരം നഗരത്തിന്റെ ദാഹമകറ്റുന്നത് അരുവിക്കരയാണ്. പേപ്പാറയിലും അരുവിക്കരയിലും വെള്ളമില്ലാത്തതിനെ തുടര്‍ന്ന് നെയ്യാറില്‍ നിന്ന് ഇങ്ങോട്ട് വെള്ളമെത്തിക്കാന്‍ കോടികളാണ് ചെലവിട്ടത്.
മഴവെള്ളം കരുതിവെക്കാനും ശാസ്ത്രീയമായി ഉപയോഗിക്കാനുമുള്ള സംവിധാനത്തിന്റെ അപര്യാപ്തത ബോധ്യപ്പെടുത്തുന്ന രണ്ടുവാര്‍ത്തകളാണിത്. 44 നദികള്‍, പടിഞ്ഞാറോട്ട് ഒഴുകുന്ന 41 ഉം തെക്കോട്ട് ഒഴുകുന്ന ഭവാനിയും പാമ്പാറും കാവേരിയും. നാല്‍പ്പത്തി അയ്യായിരം കുളങ്ങള്‍ വേറെ.

കുറഞ്ഞ മഴ ലഭിക്കുന്ന ഇടുക്കിയിലെ വട്ടവട ഒഴിച്ചാല്‍ പൊതുവെ ദേശീയ ശരാശരിയേക്കാള്‍ അധികം ജലം ലഭിക്കുന്ന പ്രദേശം. കുറഞ്ഞത് 1100 മി. മീ. മഴയെങ്കിലും ലഭിക്കാത്ത പ്രദേശങ്ങള്‍ കേരളത്തിലുണ്ടാകില്ല. കാലവര്‍ഷമഴയുടെ പകുതിയും മുപ്പതോ നാല്‍പ്പതോ മണിക്കൂറിനുള്ളില്‍ പെയ്തുതീരുന്നു. ഈ മണ്‍സൂണിലെ ആദ്യആഴചയിലെ മഴകണക്ക് തന്നെ പ്രതീക്ഷ നല്‍കുന്നതാണ്. കണക്ക് കൂട്ടിയതിലും 25 ശതമാനം അധിക മഴ ഇതിനകം ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നയിടമാണ് കേരളം. തിമിര്‍ത്തുപെയ്യുന്ന മഴയുടെ അളവിനെകുറിച്ചുള്ള കണക്ക് നിര്‍ത്താതെ പറയാന്‍ മാത്രമുണ്ട്. എന്നാല്‍, ഒരു മഴപെയ്ത് തോരുമ്പോഴേക്കും പിറകെ വരള്‍ച്ചയും വരുന്നതാണ് കൗതുകം. കേന്ദ്ര ഭൂജലബോര്‍ഡ് തന്നെ പറയുന്നത് കേരളത്തെ പരന്ന ഒരു പ്രദേശമായി സങ്കല്‍പ്പിച്ചാല്‍ മൂന്ന് മീറ്റര്‍ കനത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശമാണ് എന്ന്.

എന്നിട്ടും മാര്‍ച്ച് ആകുമ്പോഴേക്കും കുടിവെള്ളത്തിനായി എന്തുകൊണ്ട് ക്യൂ നില്‍ക്കേണ്ടി വരുന്നു? പെയ്യുന്നതെല്ലാം പിന്നെ എവിടെ പോകുന്നു? മഴവെള്ളം കടലിലേക്ക് ഒഴുകി പോകുന്നു എന്ന ഉത്തരത്തില്‍ തന്നെ തുടങ്ങാം. ചെരിവോടുകൂടിയ നമ്മുടെ ഭൂപ്രകൃതി തന്നെയാണ് ഈ ഒഴുകി പോകലിന് പ്രധാന കാരണം. പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമായതിനാല്‍ കേരളത്തില്‍ പതിക്കുന്ന മഴവെള്ളം 48 മണിക്കൂറിനുള്ളില്‍ തന്നെ ഒഴുകി കടലിലെത്തും. മഴവെള്ളം കൃഷിയിടത്തില്‍ തന്നെ പിടിച്ചുനിറുത്തുന്നതിനെക്കുറിച്ചും ഭൂമിയിലേക്ക് ഇറക്കുന്നതിനുള്ള മറ്റുവഴികളും ഇപ്പോഴും സെമിനാറുകളിലെ ചര്‍ച്ചാവിഷയം മാത്രമാണ്. പെയ്തിറങ്ങുന്ന മഴയുടെ 70 ശതമാനവും പ്രയോജനരഹിതമായി ഒഴുകി സമുദ്രത്തില്‍ എത്തിച്ചേരുകയാണ്. വടക്കന്‍ ജില്ലകളില്‍ 80 ശതമാനം മഴവെള്ളവും ഉപരിതല നീരൊഴുക്കായി കടലിലേക്കു പോകുന്നു. കേരളത്തില്‍ നാലോ അഞ്ചോ ജില്ലകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന വരള്‍ച്ചാ പ്രതിഭാസം എല്ലാ ജില്ലകളിലേക്കും വ്യാപിച്ചിട്ടും മഴവെള്ളം ഇങ്ങനെ പാഴാക്കി കളയേണ്ടതല്ലെന്ന ബോധ്യം ഇതുവരെയും നമുക്കുണ്ടായിട്ടില്ല.

ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള പുരപ്പുറത്ത് മൂന്നു ലക്ഷം ലിറ്റര്‍ മഴവെള്ളം ഒരു വര്‍ഷം വീഴുന്നുവെന്നാണ് കണക്ക്. തമിഴ്‌നാട് പോലെ ജലക്ഷാമം രൂക്ഷമായ ഒരു സംസ്ഥാനം മേല്‍ക്കൂര മഴവെള്ള സംഭരണത്തിലൂടെ ഒരു തുള്ളിപോലും പാഴാക്കാതെ സംഭരിക്കുന്നു. പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങി ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലെല്ലാം മേല്‍ക്കൂര മഴസംഭരണ സംവിധാനമേര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ 2009ല്‍ നിര്‍ദേശിച്ചതാണ്.

തണ്ണീര്‍തടങ്ങളും ചതുപ്പുനിലങ്ങളും വികസനത്തിന്റെ പേരില്‍ വയലുകളും നികത്തുമ്പോള്‍ വെള്ളം ഭൂമിയില്‍ താഴ്ന്നു ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനുള്ള അവസരവും നഷ്ടപ്പെടുത്തുന്നു. ജലസ്രോതസ്സുകളില്‍ നിന്നു വര്‍ഷാ വര്‍ഷം ചെളി കോരി മാറ്റുന്നതിനോ കളകള്‍ നീക്കം ചെയ്ത് സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനോ വ്യക്തമായ കര്‍മപരിപാടികളില്ല. ഉപരിജല സ്രോതസ്സുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും അനധികൃത കൈയേറ്റം വര്‍ധിച്ച് കൊണ്ടിരിക്കുന്നു. കുളങ്ങളും തോടുകളും നികത്തുന്ന പ്രവണതക്കും വലിയ മാറ്റമില്ല.

നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ നാല് ഇടത്തരം നദികളും നാല്‍പ്പത് ചെറുനദികളും അവയുടെ കൈവഴികളും ചേര്‍ന്ന വലിയൊരു ജലനിര്‍ഗമന സഞ്ചയം നമുക്കുണ്ട്. ഇതില്‍ 22 പുഴകള്‍ മലകളില്‍ നിന്നും, ആറ് എണ്ണം കുന്നിന്‍പ്രദേശങ്ങളില്‍ നിന്നും, എട്ടെണ്ണം ഇട നാട്ടില്‍ നിന്നും എട്ടെണ്ണം തീരപ്രദേശത്തുനിന്നും ഉത്ഭവിക്കുന്നവ. ഇതിന് പുറമെയാണ് 55 ജലസംഭരണികള്‍, 150 തടയണ സംഭരണികള്‍, ഒട്ടനവധി നീരുറവകള്‍, അയ്യായിരത്തിലധികം കുളങ്ങള്‍, ആയിരത്തില്‍ ഏറെ സുരംഗങ്ങള്‍, ഒന്‍പത് ശുദ്ധജല തടാകങ്ങള്‍, 50 ലക്ഷത്തിലേറെ കിണറുകള്‍. ഈ സ്രോതസ്സുകളെല്ലാം തന്നെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്നവയോ നാശോന്മുഖമോ ആണ്.

ഇവിടങ്ങളില്‍ മഴ വെള്ളം സംഭരിക്കുന്നതിനൊപ്പം ഇവ സംരക്ഷിക്കാനും കര്‍മപരിപാടികള്‍ വേണം. പരിമിതമായി പെയ്യുന്ന മഴയെപ്പോലും കൃത്യമായി സംഭരിച്ച് മണ്ണിലിറക്കുകയാണ് ജലപ്രതിസന്ധിക്കുള്ള പ്രധാന പരിഹാരം. ഓരോ മഴ തുള്ളിയും വേനലിലേക്കുള്ള കരുതലായി മാറണം. മഴ വെള്ളം കടലിലേക്ക് ഒഴുക്കി കളയാതെ സൂക്ഷിക്കാനുള്ള നീക്കം നമ്മുടെ വീടുകളിലും പറമ്പിലും തുടങ്ങണം. ഈ മഴക്കാലം അതിനായി ഉപയോഗപ്പെടുത്തണം. കാര്‍ഷിക മേഖലയില്‍ സംസ്ഥാനം നടത്തുന്ന ചുവട് വെപ്പുകള്‍ ജലസംരക്ഷണത്തിന് കൂടിയാകണം.

നല്ല തുടക്കം; പ്രതീക്ഷ 98 ശതമാനം

ഇത്തവണ കാലവര്‍ഷമവസാനിക്കുമ്പോള്‍ 98 ശതമാനം മഴ ലഭിക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. കാലവര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ നല്ല തുടക്കമായി കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുവരെ പ്രതീക്ഷിച്ചതിലുമേറെ മഴ ലഭിച്ചു. ജൂണ്‍ മുതല്‍ സെപ്തംബറില്‍ അവസാനിക്കുന്നതാണ് കാലവര്‍ഷം. ഈ കാലയളവില്‍ ഇത്തവണ 2039.7 മില്ലീ മീറ്ററാണ് പ്രതീക്ഷിക്കുന്ന ശരാശരി മഴ.

ഏറ്റവുമധികം മഴ പ്രതീക്ഷിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്. 3007.5 മില്ലീമീറ്റര്‍. രണ്ടാം സ്ഥാനം കണ്ണൂരിന്. 2669 മില്ലീ മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. മൂന്നാമത് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്ന ജില്ല വയനാടാണ്. 2632.1 മില്ലി മീറ്റര്‍.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ 135.5 മില്ലിമീറ്ററാണ്. 127.3 മില്ലിമീറ്ററാണ് പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ ലഭിച്ച മഴയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആറ് മില്ലിമീറ്റര്‍ വര്‍ധനവ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് എറണാകുളത്താണ്. 244. 9 മില്ലീമീറ്റര്‍. 149.7 മില്ലി മീറ്ററാണ് പ്രതീക്ഷിച്ചിരുന്നത്. 143.9 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന കോട്ടയത്ത് 221.9 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നേരത്തേയാണ് കാലവര്‍ഷമെത്തിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് കാലവര്‍ഷം ആരംഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെ ലഭിക്കേണ്ട വേനല്‍ മഴയില്‍ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 379.9 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് 354.3 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഈ മാസം 10, 11, 12 തീയതികളില്‍ മഴയുടെ അളവില്‍ നേരിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.