വിദേശ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഖത്വർ

Posted on: June 8, 2017 10:56 pm | Last updated: June 22, 2017 at 9:41 pm

ദോഹ: രാജ്യത്തിന്റെ വിദേശ നയം തിരുത്തില്ലെന്നും ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഖത്വര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇതേ രീതിയില്‍ ഞങ്ങള്‍ക്ക് എത്ര കാലം വേണമെങ്കിലും മുന്നോട്ടു പോകാനാകുമെന്ന് അയല്‍ രാജ്യങ്ങളുടെ നയതന്ത്ര വിച്ഛേദത്തെ നിരാകരിച്ചു കൊണ്ട് വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. ഖത്വറിന്റെ ഭക്ഷ്യ ഇറക്കുമതിയില്‍ 16 ശതമാനം മാത്രമാണ് സഊദി അതിര്‍ത്തി വഴിയുള്ളത്. അതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഭക്ഷ്യ വിതരണം ഉറപ്പു വരുത്തുന്നതിന് സഹായിക്കാന്‍ ഇറാന്‍ സന്നദ്ധമായിട്ടുണ്ട്. ഖത്വറിന് വേണ്ടി മൂന്ന് തുറമുഖങ്ങള്‍ വിട്ടുനല്‍കാമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ വാഗ്ദാനം ഖത്വര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ശത്രു രാജ്യങ്ങളില്‍ നിന്നു പോലും ഈ രീതിയിലുള്ള വെറുപ്പ് ഖത്വര്‍ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. ശത്രു രാജ്യങ്ങളോട് ഖത്വര്‍ തിരിച്ചു സ്വീകരിക്കുന്ന സമീപനവും ഇതുപോലെ ആയിരിക്കില്ല. ഖത്വറിന്റെ സൈനിക വിന്യാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുകയോ സൈനികരെ ഏതെങ്കിലും ഭാഗത്തേക്ക് നീക്കുകയോ ചെയ്തിട്ടില്ലെന്നും വിദേശ കാര്യമന്ത്രി വ്യക്തമാക്കി. ഖത്വര്‍ സൈന്യം സഊദി അതിര്‍ത്തിയില്‍ കേന്ദ്രീകരിക്കുന്നതായുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടി കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ സ്വതന്ത്ര വിദേശ നയം ഒരിക്കലും അടിയറ വെക്കുകയുമില്ല. വിജയകരമായും പുരോഗമനപരമായും മുന്നോട്ടു പോകുന്നു എന്നതാണ് ഞങ്ങളെ ഒറ്റപ്പെടുത്താന്‍ കാരണം. ഞങ്ങളുടെ പ്രതലം സമാധാനത്തിന്റെതാണ്, ഭീകരതയുടേതല്ല. ഇപ്പോഴുള്ള തര്‍ക്കം മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്വറുമായി ബന്ധം വിച്ഛേദിച്ച രാജ്യങ്ങള്‍ അവരുടെ ആവശ്യങ്ങളും കാരണങ്ങളുമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനു വേണ്ടി കാത്തിരിക്കുകയാണ്. തര്‍ക്ക വിഷയങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ. സൈനിക ഇടപെടല്‍ പരിഹാരമല്ല. വ്യാപാര മേഖലയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് യു എ ഇ എന്ന് മന്ത്രി ആരോപിച്ചു. യു എ ഇയിലെ ഊര്‍ജ ആവശ്യത്തിന്റെ 40 ശതമാനവും ഖത്വറിന്റെ പ്രകൃതി വാതകത്തെയാണ് ആശ്രയിക്കുന്നതെന്നും എന്നാല്‍, അവരുമായി ഒപ്പിട്ട എല്‍ എന്‍ ജി കരാര്‍ ഖത്വര്‍ മാനിക്കുമെന്നും ശൈഖ് അബ്ദുര്‍റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.