ഖത്വര്‍ സ്വദേശികള്‍ക്കും വിസയുള്ളവര്‍ക്കും ഇത്തിഹാദില്‍ യാത്രാ നിരോധം

Posted on: June 8, 2017 10:35 pm | Last updated: June 8, 2017 at 10:29 pm

അബുദാബി: ഖത്വറിനെതിരെയുള്ള നിലപാട് യു എ ഇ കടുപ്പിച്ചു. ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയറില്‍ ഖത്വര്‍ സ്വദേശികള്‍ക്ക് യാത്ര നിരോധനം ഏര്‍പെടുത്തി. വ്യോമയാന വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്നാണ് നിരോധനം. കൂടാതെ ഖത്വര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വ്യോമ മാര്‍ഗവും റോഡ് മാര്‍ഗവും യു എ ഇ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്. ഖത്വറില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും വിസ കൈവശമുള്ളവര്‍ക്കും യു എ ഇയില്‍ വിസക്ക് അര്‍ഹതയില്ലെന്ന് ഇത്തിഹാദ് വക്താവ് അറിയിച്ചു. ഇത്തിഹാദ് എയര്‍വേയ്‌സ് ഉള്‍പെടെ യു എ ഇയിലേക്ക് പറക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഈ വിധി ബാധകമാണെന്നും വക്താവ് പറഞ്ഞു. യു എ ഇ യെ കൂടാതെ സഊദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്വര്‍ സ്വദേശികള്‍ക്ക് യാത്ര നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.

മൂന്ന് പ്രധാന അറേബ്യന്‍ രാജ്യങ്ങള്‍ ഖത്വറുമായുള്ള ബന്ധം കൂടുതല്‍ വഷളായതോടെ ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഖത്വര്‍ എയര്‍വേസിന്റെ യു എ ഇയിലെ ഓഫീസ് അടച്ചുപൂട്ടണമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സഊദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സഊദിയിലെ ഖത്വര്‍ എയര്‍വേസ് ഓഫീസ് അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് യു എ ഇയും സമാനമായ നിലപാട് സ്വീകരിക്കുന്നത്. ബഹ്‌റൈനും ഖത്വര്‍ എയര്‍വേസിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.