Gulf
സഹായം നിലക്കുമോയെന്നതില്‍ ഗാസന്‍ ജനതക്ക് ആശങ്ക

ദോഹ: ചില അറബ് രാഷ്ട്രങ്ങള്‍ ഖത്വറുമായി ബന്ധം വിച്ഛേദിച്ചതില്‍ ഗാസന്‍ ജനതക്ക് ആശങ്ക. വിവിധ പ്രതിസന്ധികളില്‍ കഴിയുന്ന ഗാസയിലെ ജനതക്കുള്ള സഹായ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് ജനതയും സഹായ ഗ്രൂപ്പുകളും.
ഗാസയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും മറ്റ് ധനസഹായങ്ങള്‍ക്കുമുള്ള വലിയ സംഭാവന പ്രധാന രാഷ്ട്രമാണ് ഖത്വറെന്ന് നോര്‍വിജിയന്‍ റെഫ്യൂജി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാന്‍ എജിലാന്‍ഡ് പറഞ്ഞു. ഇനിയിത് സുഗമമായി തുടരുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനില്‍ വിവിധ പദ്ധതികള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കുന്ന പ്രധാന രാഷ്ട്രമായിരുന്നു ഖത്വര്‍.
ഗാസയിലെ ഇരുപത് ലക്ഷം വരുന്ന ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാനവിക പദ്ധതികളുടെ രൂപത്തിലാണ് ഖത്വറിന്റെ സഹായമുണ്ടായിരുന്നത്. ഇസ്‌റാഈലി- ഈജിപ്ഷ്യന്‍ ഉപരോധത്തില്‍ ഗാസയിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. 2014ലെ ഇസ്‌റാഈലിന്റെ 50 ദിവസത്തെ യുദ്ധത്തിന് ശേഷം തകര്‍ന്ന് നാമാവശേഷമായ ഗാസയുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന പാര്‍പ്പിട സമുച്ഛയം ഖത്വര്‍ നിര്‍മിച്ചിട്ടുണ്ട്. ഗാസയിലുടനീളം പ്രധാന റോഡ് ശൃംഖലകളും അത്യാധുനിക സൗകര്യത്തോടെ ആശുപത്രിയും നിര്‍മിച്ചു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന നൂറുകണക്കിന് വീടുകളുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം നല്‍കി.
ഈ പശ്ചാത്തലത്തില്‍ ഖത്വറിനെ ലക്ഷ്യം വെച്ചുള്ള ചില രാഷ്ട്രങ്ങളുടെ നയതന്ത്ര നീക്കം ആശങ്കയോടും ഭീതിയോടുമാണ് ഗാസന്‍ ജനത കാണുന്നത്. കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയും ഖത്വര്‍ സഹായം പിന്‍വലിക്കുകയും ചെയ്താല്‍ ഗാസന്‍ ജനതയെ വലിയ തോതില്‍ ബാധിക്കുമെന്നും തര്‍ക്കത്തിന്റെ ഫലം ഗാസക്കാരായിരിക്കും അനുഭവിക്കേണ്ടി വരികയെന്നും 25കാരനായ സംരംഭകന്‍ അഹ്മദ് റാസിഖ് പറയുന്നു. അതേസമയം ഗാസന്‍ ജനതക്കുള്ള സഹായം ഖത്വര്‍ തുടരുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഡെമോക്രസി ആന്‍ഡ് കോണ്‍ഫഌക്ട് റിസൊല്യൂഷനിലെ ഗവേഷക 23കാരിയായ സാറ താബിത് ദുഗ്മശ് പറഞ്ഞു. ലോകത്തെ സമ്പന്ന രാഷ്ട്രമായ ഖത്വര്‍ രാഷ്ട്രീയമായും സാമ്പത്തികമായും ശക്തമാണ്. ആഭ്യന്തരതലത്തില്‍ പ്രതിപക്ഷമില്ലെന്നും അറബ് ലോകത്തുടനീളമുള്ള രാഷ്ട്രങ്ങളെയും ജനതയെയും ഖത്വര്‍ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും സാറ ചൂണ്ടിക്കാട്ടി.