ചില രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചത് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ ഇടയായതായി ദേശീയ മനുഷ്യാവകാശ സമിതി

Posted on: June 8, 2017 9:15 pm | Last updated: June 8, 2017 at 9:02 pm

ദോഹ: ചില രാജ്യങ്ങള്‍ ഖത്വറുമായുള്ള ബന്ധം വിച്ഛേദിച്ചത് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമായതായി ദേശീയ മനുഷ്യാവകാശ സമിതി. നിരോധനം കാരണം തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഖത്വരികളുടെയും പ്രവാസികളുടെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ ഡോ.അലി ബിന്‍ സമൈഖ് അല്‍ മര്‍റി അറിയിച്ചു. ഇപ്പോഴത്തെ തീരുമാനങ്ങളെത്തുടര്‍ന്നുണ്ടായ അവകാശലംഘനങ്ങളെ കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷനലുമായി ഇന്ന് ചര്‍ച്ചകള്‍ നടത്തും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, മറ്റു മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട അവകാശലംഘന പരാതികള്‍ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധയില്‍പ്പെടുത്തും.

ഖത്വറുമായി നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനം രാജ്യാന്തര മനുഷ്യാവകാശ കണ്‍വന്‍ഷനുകളുടെയും പ്രമാണങ്ങളുടെയും ലംഘനത്തിലേക്ക് നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്‍മാരുടെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രാവകാശം ഹനിക്കപ്പെട്ടതുള്‍പ്പടെയുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. യു എ ഇ പൗരനെ വിവാഹം ചെയ്ത ഖത്വരി വനിതക്ക്് യു എ ഇ പൗരത്വമുള്ള മകനെ ഖത്വറിലേക്ക് കൊണ്ടുവരാന്‍ കഴിയാതിരുന്നത് ഉള്‍പ്പടെയുള്ള പരാതികളാണ് ലഭിച്ചിരിക്കുന്നത്. ബന്ധം വിച്ഛേദിച്ചശേഷം മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലെയും പൗരന്‍മാര്‍ വിലക്ക് ലംഘിച്ച് ഖത്വര്‍ സന്ദര്‍ശിച്ചാല്‍ പിഴ ചുമത്തുന്നുണ്ടെന്നും അല്‍ മര്‍റി ചൂണ്ടിക്കാട്ടി.
ബഹ്‌റൈനി മാതാവിനൊപ്പം 20 വര്‍ഷമായി കഴിയുന്ന പെണ്‍കുട്ടിയോട് പിതാവ് ഖത്വരിയായതിനാല്‍ രാജ്യത്തിനു പുറത്തേക്കു പോകണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ജിസിസി പൗരന്‍മാര്‍ക്ക് ഈ രാജ്യങ്ങളില്‍ കെട്ടിടങ്ങളിലും കമ്പനികളും വ്യവസായസംരംഭങ്ങളിലും ഉടമസ്ഥാവകാശമുണ്ട്. അവരോടു പതിനാല് ദിവസത്തിനകം പുറത്തുപോകണമെന്ന് ആവശ്യപ്പെടുന്നത് സ്വകാര്യ ഉടമസ്ഥാവകാശത്തിന്‍മേലുള്ള ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹവും രാജ്യാന്തര സംഘടനകളും ഇടപെടണം. കൂടുതല്‍ ലംഘനങ്ങളുണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പുകള്‍ നല്‍കണം. ഇനിയും ലംഘനങ്ങളുണ്ടാകുന്നത് പൗരന്‍മാരുടെ സമാധാനത്തെയും സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതികള്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കമ്മിറ്റി ഹോട്ട്‌ലൈന്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രൈസിസ് സെല്ലും തയാറാക്കി. എല്ലാ രാജ്യാന്തര, സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളുമായും നിരന്തരം ബന്ധപ്പെടുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങളെക്കുറിച്ച് രാജ്യാന്തര വേദികളില്‍ ഉന്നയിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനും നടപടികളെടുക്കുന്നുണ്ട്.

ഫെബ്രുവരി 20 മുതല്‍ 22വരെ ദോഹയില്‍ നടന്ന രാജ്യാന്തര സമ്മേളനം സംബന്ധിച്ച് അല്‍ അറബിയ്യ ടി വി ചാനല്‍ ജൂണ്‍ അഞ്ചിന് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടിനെ ഡോ.അലി ബിന്‍ സമൈഖ് അല്‍ മര്‍റി തള്ളിക്കളഞ്ഞു. ചാനല്‍ റിപ്പോര്‍ട്ടില്‍ ദുഃഖമുണ്ടെന്നും തെറ്റായ വിവരങ്ങളാണ് ചാനല്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സഊദി അറേബ്യക്കും യമനില്‍ ഹൂതികള്‍ക്കെതിരെ പോരാടുന്ന സഖ്യസേനക്കുമെതിരെ നേരിട്ടുള്ള ആരോപണങ്ങള്‍ ഉന്നയിക്കുയെന്ന ലക്ഷ്യത്തോടെ ഖത്വറിനുപുറമെ ഇറാനിലെയും മനുഷ്യാവകാശ സംഘടനകള്‍ പങ്കെടുത്തുവെന്നും ചാനല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഖത്വര്‍ ദേശീയ മനുഷ്യാവകാശ സമിതി, യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷന്‍, അറബ് ആഭ്യന്തര മന്ത്രാലയ സമിതി ജനറല്‍ സെക്രട്ടേറിയറ്റ്, അറബ് ദേശീയ മനുഷ്യാവകാശ സമിതി നെറ്റ്‌വര്‍ക്ക്, അറബ് ഗള്‍ഫ് സഹകരണ സമിതി, അറബ് മഗ്‌രിബ് യൂനിയന്‍, അറബ് മൊറോക്കോ യൂനിയന്‍, അറബ് പാര്‍ലിമെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം ചേര്‍ന്നതെന്ന് അല്‍മാരി വിശദീകരിച്ചു.
ജി സി സി ജനറല്‍ സെക്രട്ടറിയേറ്റ്, അറബ് പാര്‍ലിമെന്റ് എന്നിവയുടെ കാര്‍മികത്വത്തില്‍ നടന്ന സമ്മേളനത്തില്‍ നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും സര്‍ക്കാറുകളെയും പ്രതിനിധാനം ചെയ്ത് 320ലധികം പേര്‍ പങ്കെടുത്തിരുന്നു. 18 അറബ് രാജ്യങ്ങളുടെയും അറ്ബ് ലീഗിന്റെയും യുഎന്‍ മിഷന്റെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

സഊദിയെ പ്രതിനിധാനം ചെയ്ത് സഊദി മനുഷ്യാവകാശ കോര്‍പ്പറേഷന്‍, വിദേശ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ എന്നിവരും ബഹ്‌റൈന്‍, യു എ ഇ എന്നിവിടങ്ങളില്‍നിന്നും സമാനമായ രീതിയിലുള്ള പ്രതിനിധിസംഘം സമ്മേളനത്തില്‍ പങ്കെടുത്തു. വസ്തുത ഇതായിരിക്കെ അറബിയ്യ ചാനല്‍ വ്യാജവാര്‍ത്തകളും കെട്ടിച്ചമച്ച നുണകളും പ്രചരിപ്പിക്കുകയാണെന്നും അല്‍മര്‍റി പറഞ്ഞു.