വിമാനങ്ങളില്‍ ലഗേജുകള്‍ വെട്ടിക്കുറച്ചു

Posted on: June 8, 2017 8:45 pm | Last updated: June 10, 2017 at 8:39 pm

ദോഹ: വ്യോമപാത ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങളുള്‍പ്പെടെ ദോഹയിലേക്കും തിരിച്ചുമുള്ള യാത്രാ വഴി മാറ്റി. പാക്കിസ്ഥാന്റെയും ഇറാന്റെയും വ്യോമപാതയിലൂടെയാണ് ദോഹയിലേക്കുള്ള വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നതെന്ന് എയര്‍ ഇന്ത്യയും മറ്റു ഇന്ത്യന്‍ വിമാനങ്ങളും അറിയിച്ചു. ഇതേത്തുടര്‍ന്ന് ദോഹയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സൗജന്യ ലഗേജ് അലവന്‍സ് വെട്ടിക്കുറച്ചു.

ജെറ്റ് എയര്‍വേയ്‌സില്‍ ലഗേജ് 30 കിലോയില്‍ നിന്ന് 20 ആക്കിയാണ് കുറച്ചത്. പ്രീമിയം യാത്രക്കാര്‍ക്ക് 30 കിലോ കൊണ്ടുപോകാം. നേരത്തേ ടിക്കറ്റെടുത്തവര്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് ജെറ്റ് എയര്‍വേയ്‌സ് കണ്‍ട്രി മാനേജര്‍ അന്‍ഷാദ് ഇബ്രാഹിം അറിയിച്ചു. ഇറാന്‍ വ്യോമാതിര്‍ത്തി വഴി പറക്കുന്നതോടെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് 10 മുതല്‍ 50 മിനുട്ട് വരെ സഞ്ചാര ദൈര്‍ഘ്യം വര്‍ധിക്കും. കൂടുതല്‍ ഇന്ധനം ചെലവിടേണ്ടി വരുന്ന ഘട്ടത്തിലാണ് ഭാരം കുറക്കുന്നത്. എന്നാല്‍ അടുത്തി ദിവസങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുന്നുള്ളൂ എന്നത് ഫലത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ 25ഓളം സീറ്റുകള്‍ ഒഴിച്ചിട്ട് സര്‍വീസ് നടത്തേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലും ലഗേജ് 20 ആക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് യാത്രക്കാരെ എടുക്കുന്ന ഒമാന്‍ എയര്‍, കുവൈത്ത് എയര്‍വേയ്‌സ് വിമാനങ്ങളില്‍ നിയന്ത്രണം ബാധകമല്ല. ഖത്വര്‍ എയര്‍വേയ്‌സും ലഗേജ് നിയന്ത്രണം അറിയിച്ചിട്ടില്ല.
ദോഹയില്‍ രജിസ്റ്റര്‍ ചെയ്ത വിമാന സര്‍വീസുകള്‍ക്ക് സഊദി, ബഹ്‌റൈന്‍, യു എ ഇ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വഴി മാറേണ്ടി വന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ ബന്ധപ്പെട്ട് വിമാനങ്ങള്‍ക്ക് സഞ്ചാര പഥം ഒരുക്കുകയായിരുന്നു. അതേസമയം, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രാലയം ബന്ധപ്പെട്ടു വരുന്നതായി വാര്‍ത്തകളുണ്ട്. അംഗീകരിക്കപ്പെട്ടാല്‍ വിമാനങ്ങള്‍ക്ക് പതിവു റൂട്ടിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ദോഹ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ജെറ്റ്, ഇന്‍ഡിഗോ എന്നീ ഇന്ത്യന്‍ വിമാനങ്ങളും ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളുമാണ് ഇറാന്റെയും പാക്കിസ്ഥാന്റെയും വ്യോമാതിര്‍ത്തികളിലൂടെ സഞ്ചരിക്കുന്നത്. ദോഹയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി നിത്യവും രണ്ടു ഡസനോളം വിമാനങ്ങളാണ് പറക്കുന്നത്. കേരളത്തിലെ മൂന്നു എയര്‍പോര്‍ട്ടുകളിലേക്കും ദോഹയില്‍ നിന്ന് നേരിട്ടു സര്‍വീസുകളുണ്ട്.