ഗള്‍ഫ് പ്രതിസന്ധിയും ഇന്ത്യക്കാരും

Posted on: June 8, 2017 6:11 am | Last updated: June 7, 2017 at 10:18 pm

ഗള്‍ഫ് മേഖലയിലെ ഏത് പ്രതിസന്ധിയും ഇന്ത്യക്കാരില്‍ വിശിഷ്യാ മലയാളികളില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലക്ഷക്കണക്കിന് കേരളീയ വീടുകളില്‍ തീ പുകയുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളുടെ നല്ല മനസ്സു കൊണ്ടാണെന്നത് മാത്രമല്ല കാരണം, സംസ്ഥാനത്തിന്റെ സമ്പദ് ഘടന തന്നെ നിയന്ത്രിക്കുന്നത് വലിയൊരളവോളം ഗള്‍ഫ് പ്രവാസികളുടെ സമ്പാദ്യമാണ്. ഖത്വറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ റദ്ദ് ചെയ്യുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്ത സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു എ ഇ, യമന്‍ എന്നീ രാജ്യങ്ങളുടെ തീരുമാനം ഖത്തറിലെ മലയാളി പ്രവാസികളുടെ കുടുംബങ്ങള്‍ തികഞ്ഞ ആശങ്കയോടെയാണ് കേട്ടത്. ഖത്വറിലെ ആറ് ലക്ഷത്തോളം ഇന്ത്യക്കാരില്‍ പകുതിയോളം മലയാളികളാണ്. പെട്രോള്‍ വിലയിടിവും സ്വദേശിവത്കരണവും പല അറബ് രാജ്യങ്ങളിലെയും വിദേശ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചുപോരാന്‍ നിര്‍ബന്ധിതരാക്കിയപ്പോള്‍ ഖത്വറിലെ ഇന്ത്യക്കാരെ അത് ബാധിച്ചിരുന്നില്ല. ഇപ്പോഴത്തെ ബന്ധവിച്ഛേദം ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളുടെ ജോലിയെയും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായി വരുന്നതേയുള്ളൂ. ന്യൂഡല്‍ഹിയും ഖത്വറും തമ്മില്‍ വാണിജ്യ വ്യാപാരബന്ധങ്ങള്‍ ശക്തമാണ്. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രിയുടെ ഖത്വര്‍ സന്ദര്‍ശന വേളയിലും നിര്‍മാണമേഖലകളിലെ നിക്ഷേപം, വിസ ഇളവുകള്‍, സൈബര്‍ സുരക്ഷാരംഗത്തെ സഹകരണം തുടങ്ങിയ കരാറുകളിലും തുറമുഖ രംഗത്തെ സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

പല രാഷ്ട്രങ്ങളുടെയും ഖത്തറുമായുള്ള വ്യോമസഞ്ചാരത്തെ ഇത് പ്രതിസന്ധിയിലാക്കുമെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കപ്പെടാനില്ല. പേര്‍ഷ്യന്‍ ഗള്‍ഫ് റൂട്ടിലൂടെയുള്ള ഇന്ത്യ- ഖത്വര്‍ സഞ്ചാരത്തിനു പുതിയ സംഭവവികാസങ്ങള്‍ തടസ്സം ഉണ്ടാക്കില്ലെന്നാണ് കരുതുന്നത്. സഊദിക്കും ഉപരേധത്തില്‍ പങ്കാളികളായ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും പേര്‍ഷ്യന്‍ ഗള്‍ഫ് റൂട്ടില്‍ വലിയ സ്വാധീനമില്ല. അതേസമയം ഖത്വറില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ യു എ ഇ, സൗദി, ബഹ്‌റൈന്‍ യാത്രികര്‍ക്കിത് പ്രയാസം സൃഷ്ടിച്ചേക്കും. കയറ്റുമതി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഖത്വര്‍ മലയാളികള്‍ക്ക് വിശേഷിച്ചും. ഖത്വറിലെ ഇന്ത്യന്‍ കയറ്റുമതി വ്യാപാരികള്‍ ശതകോടികളുടെ വ്യാപാരമാണ് വര്‍ഷാന്തം നടത്തിവരുന്നത്. അവര്‍ക്ക് ഇനി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.
സ്‌കൂള്‍ അവധി പ്രമാണിച്ചു ജൂണ്‍ അവസാനം നാട്ടിലേക്കും സെപ്തംബറില്‍ തിരിച്ചും ഖത്വര്‍ എയര്‍വേയ്‌സ് വഴി ടിക്കറ്റ് ബുക്ക്‌ചെയ്ത ഇന്ത്യന്‍ കുടുംബങ്ങളെ ഉപരോധം കടുത്ത പ്രയാസത്തിലാക്കിയിട്ടുണ്ട്. അവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു മറ്റു എയര്‍വേയ്‌സ് വഴി പുതുതായി ടിക്കറ്റെടുക്കേണ്ടിവരും. എന്നാല്‍, നേരത്തെ കുറഞ്ഞ നിരക്കില്‍ എടുത്ത ടിക്കറ്റ് റീഫണ്ട് ചെയ്തു കിട്ടിയാല്‍ തന്നെ പുതിയ സാഹചര്യത്തില്‍ നിരക്ക് വന്‍തോതില്‍ ഉയരുന്നതിനാല്‍ യാത്രാ ചെലവ് ഗണ്യമായി ഉയരും. ഖത്വറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വാതകത്തിന്റെ വരവിന് ഗള്‍ഫ് പ്രതിസന്ധി തടസ്സമുണ്ടാകില്ലെന്നാണ് പറയുന്നത്. ഇന്ത്യയിലേക്കുള്ള വാതകം ഖത്വര്‍ നേരിട്ട് വിതരണം ചെയ്യുകയാണ്.

പ്രതിസന്ധി ഖത്വറിലെ വിദേശികളുടെ ജോലിയെയോ സുരക്ഷിതത്വയോ ജീവിതത്തെയോ ബാധിച്ചിട്ടില്ലെന്നാണ് ഖത്വറില്‍ നിന്നുള്ള വിവരം. എല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മൂന്ന് വശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഖത്വറിന്റെ കര മാര്‍ഗമുള്ള ഏക അതിര്‍ത്തി പങ്കിടുന്നത് സഊദിയാണ്. ഭക്ഷണമുള്‍പ്പെടെ ഖത്വറിനാവശ്യമായ ചരക്കുകളില്‍ ഗണ്യഭാഗവും ഇതുവഴിയാണ് എത്തിക്കൊണ്ടിരുന്നതും. നയതന്ത്ര വിച്ഛേദത്തിന്റെ ഭാഗമായി ഈ അതിര്‍ത്തി സഊദി അടച്ചതിനാല്‍ ഖത്വറിലേക്ക് ഇതുവഴിയുള്ള ചരക്കു നീക്കം തടസ്സപ്പെടുന്നത് രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കരുതല്‍ ശേഖരത്തിനായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍.

പ്രതിസന്ധി നീണ്ടുപോയാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നിരീക്ഷക പക്ഷം. ഇസ്‌ലാമിക സമൂഹമായിരിക്കും ഈ ആഘാതത്തിന്റെ മുഖ്യഇരകള്‍. മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യവും ഛിദ്രതയും ആഗ്രഹിക്കുന്നവരാണ് പടിഞ്ഞാറന്‍ ശക്തികള്‍. ഇസ്‌ലാമാണ് അവരുടെ ഏറ്റവും വലിയ പേടിസ്വപനം. പ്രശ്‌നം എത്രയും വേഗത്തില്‍ പരിഹൃതമാക്കാനും അറബ് മേഖലയില്‍ പൂര്‍വോപരി ഐക്യം സംജാതമാക്കാനുമുള്ള ശക്തമായ നീക്കങ്ങളുണ്ടാകേണ്ടതുണ്ട്. കുവൈത്തും തുര്‍ക്കിയും മറ്റും നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ലോകം. വിശിഷ്യാ ഖത്വറിലെ ഇന്ത്യക്കാര്‍. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹൃതമാകുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം.