എന്‍ ഡി ടി വി ചാനലിനെതിരെ സര്‍ക്കാറിന്റെ പ്രതികാരം

ഒട്ടുമിക്ക ദേശീയ ചാനലുകളും ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും കേന്ദ്ര ഭരണകൂടത്തിന്റെ വക്താക്കളായിരിക്കുന്നു. അതില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്ര നിലപാടെടുക്കുന്ന ഒന്നാണ് എന്‍ ഡി ടി വി. ഇത്ര നഗ്നമായ അധികാര ദുര്‍വിനിയോഗം നടത്തുക വഴി അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് ഇന്ദിരാ ഗാന്ധിയും പിന്നീട് അധികാരമേറ്റപ്പോള്‍ രാജീവ് ഗാന്ധിയുമെല്ലാം പോയ വഴികളിലൂടെ തന്നെയാണ് താനും പോകുന്നതെന്നാണ് മോദിയും പറയുന്നത്.
Posted on: June 8, 2017 6:57 am | Last updated: June 7, 2017 at 10:01 pm

ഒരു ദേശീയ ചാനലിന്റെ ഓഫീസിലും അതിന്റെ സ്ഥാപകനായ പ്രണോയ് റോയിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വീടുകളിലും സി ബി ഐ നടത്തിയ റെയ്ഡ് നാടകം സര്‍ക്കാറിന്റെ തെറ്റായ ഇടപെടലാണ്. അതിന്റെ ലക്ഷ്യം സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഇന്നാട്ടില്‍ അസാധ്യമാണെന്ന് സന്ദേശം നല്‍കുക എന്നതാണ്. ഗുജറാത്ത് കൂട്ടക്കൊല മുതല്‍ ബി ജെപി പിന്തുടരുന്ന വര്‍ഗീയ സ്വേച്ഛധിപത്യപ്രവണതകളെ തുറന്നു കാട്ടുന്നതില്‍ മുന്‍പന്തിയില്‍ നിന്ന സ്ഥാപനത്തെ കരിവാരിത്തേച്ചു അടക്കി നിര്‍ത്താനുള്ള ഹീനമായ ശ്രമമാണിത്. നിയമം അതിന്റേതായ വഴിക്കു പോകുക മാത്രമാണ് ചെയ്യുന്നത് എന്ന സര്‍ക്കാര്‍ ഭാഷ്യം എല്ലാ അഴിമതിക്കാരായ, ഏകാധിപത്യവാദികളായ ഭരണകര്‍ത്താക്കളും പറയുന്ന ഒന്നാണ്. ഇവിടെ നിയമത്തെ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചു കൊണ്ട് പോകുകയാണ്. ഒരു സ്ഥാപനം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ നിയമത്തിന്റെ വഴി അതിനു ഉപയോഗിക്കണം. പക്ഷേ ഈ കേസില്‍ അതല്ല സംഭവിച്ചത്.

ഒരു വായ്പ തിരിച്ചടക്കുന്നതില്‍ എന്‍ ഡി ടി വി വരുത്തിയ വീഴ്ച മൂലം ഐ സി ഐ സി ഐ ബേങ്കിന് 48 കോടിയുടെ നഷ്ടമുണ്ടായി എന്നും അതില്‍ ബേങ്കും സ്ഥാപനവും തമ്മില്‍ നടന്ന ഗൂഢാലോചയുണ്ടെന്നും അത് അഴിമതിയാണെന്നുമാണ് സി ബി ഐ തയ്യാറാക്കിയിരിക്കുന്ന പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്ലോബല്‍ ട്രസ്റ്റ് ബേങ്ക് കേസില്‍ സ്വകാര്യ ബേങ്കുകളുടെ അധികൃതരും അഴിമതി നിരോധന നിയമമനുസരിച്ചു ‘പൊതു സേവനം’ നല്‍കുന്നവരാണെന്ന സുപ്രീം കോടതി 2016 ല്‍ പ്രസ്താവിച്ച വിധിയാണ് ഇക്കാര്യത്തില്‍ സി ബി ഐ ആയുധമാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ രണ്ടിന് തയ്യാറാക്കിയ എഫ് ഐ ആറില്‍ ഗൂഢാലോചന(ഐ പിസി 120 ബി), ചതി ( 420 ) എന്നീവകുപ്പുകള്‍ അനുസരിച്ചും അഴിമതിനിരോധന നിയമത്തിന്റെ 13(2 ), 13(2 ), 13 (1 ) (ഡി) അനുസരിച്ചും ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിങ്‌സ്, എന്‍ ഡി ടി വി, അതിന്റെ സ്ഥാപകന്‍ കൂടിയായ പ്രണോയ് റോയിക്കു പുറമെ അദ്ദേഹത്തിന്റെ ഭാര്യ രാധിക റോയ്, ഐ സി ഐസി ഐ ബേങ്കിലെ ‘അറിയാത്ത ഉദ്യോഗസ്ഥര്‍’ എന്നിവരെ പ്രതികളാക്കിയും കേസെടുത്തിരിക്കുന്നു.

ആര്‍ ആര്‍ പി ആര്‍ എന്ന കമ്പനി ഇന്ത്യ ബുള്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും 500 കോടി രൂപ വായ്പയെടുത്ത് എന്‍ ഡി ടി വി സ്ഥാപനത്തിലെ 20 ശതമാനം ഓഹരി പൊതു കമ്പോളത്തില്‍ നിന്നും വാങ്ങാനാണെന്നു പറഞ്ഞാണ്. ഈ കടം തിരച്ചടക്കാനായി ഐ സി ഐ സി ഐ ബാങ്കില്‍ നിന്നും 19 ശതമാനം പലിശ നിരക്കില്‍ 375 കോടി രൂപ വായ്പയെടുത്തു. ഇതിനായി തങ്ങളുടെ കൈവശമുള്ള എന്‍ ഡി ടി വിയുടെ ഓഹരികള്‍ ഈടായി നല്‍കി. ഇക്കാര്യം ഓഹരിക്കമ്പോളം നിയന്ത്രിക്കുന്ന സെബിയെയും ഓഹരി കമ്പോളത്തെയും വാര്‍ത്താ വിതരണ വകുപ്പിനെയും അറിയിച്ചില്ല എന്നാണ് സി ബി ഐ യുടെ ആരോപണം. ബേങ്കിംഗ് നിയമത്തിന്റെ 19(2) വകുപ്പിന്റെ ലംഘനമാണിത്. ബേങ്ക് ഇവര്‍ക്ക് പത്ത് ശതമാനം പലിശ കിഴിവ് നല്‍കി. ഇത് വഴി ബേങ്കിന് 48 കോടിയുടെ നഷ്ടമുണ്ടായി. ഇതാണ് സി ബി ഐ കേസിന്റെ മര്‍മം. വായ്പ തിരിച്ചടക്കാന്‍ വി സി പി എല്‍ എന്ന കമ്പനിയില്‍ നിന്നും 404 കോടി രൂപ രണ്ട് ഗഡുവായി വായ്പ എടുത്തു എന്നും ആ കമ്പനിക്കു പണം കിട്ടിയത് ഷിനാനൊ എന്ന മറ്റൊരു കമ്പനിയില്‍ നിന്നാണെന്നും പരാതിയില്‍ ഉണ്ടെന്നു സി ബി ഐ പറയുന്നു.

ഇവിടെ സി ബി ഐ അതിരു വിടുന്നു എന്നതാണ് പ്രശനം. ഒരു വായ്പ തിരിച്ചടക്കാന്‍ മറ്റൊരു വായ്പ എടുക്കുന്നതോ കടം ഒറ്റത്തവണ തീര്‍പ്പാക്കുമ്പോള്‍ പലിശ ഇളവ് നല്‍കുന്നതോ വായ്പ എടുക്കാന്‍ കമ്പനി ഓഹരികള്‍ ഈടായി നല്‍കുന്നതോ ഒരു നിയമമനുസരിച്ചും കുറ്റമാകുന്നില്ല. ഇതെല്ലാം വിസ്തരിക്കുന്നതു എന്‍ ഡി ടി വി എന്തോ ഗൂഢമായ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനമാണെന്നുള്ള ധാരണ പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്. അന്ന് 375 കോടി രൂപയുടെ വായ്പ തിരിച്ചടച്ചപ്പോള്‍ ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിങ് എന്ന സ്ഥാപനത്തിനു നല്‍കിയ പലിശ ഇളവ് മൂലമാണ് ബേങ്കിന് ഈ നഷ്ടം വന്നത്. 19 ശതമാനം പലിശ നിരക്കില്‍ എടുത്ത വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുസരിച്ചു പലിശ 9.5 ശതമാനമാക്കി കുറച്ചു. ഇതില്‍ അഴിമതിയുണ്ടെന്നാണ് സി ബി ഐ ആരോപിക്കുന്നത്. ഇത് മിക്ക ബേങ്കുകളും അംഗീകരിച്ചിട്ടുള്ള രീതിയാണ്. ഒട്ടനവധി വന്‍കിട കോര്‍പറേറ്റുകള്‍ പതിനായിരക്കണക്കിന് കോടി വായ്പ എടുത്ത് കാലാവധി ഏറെക്കഴിഞ്ഞിട്ടും തിരിച്ചടക്കാതെയുണ്ട്. അതില്‍ അദാനിയും അംബാനിയുമെല്ലാം പെടും. അവരില്‍ പലര്‍ക്കും വലിയ തോതില്‍ പലിശ ഇളവും നല്‍കാറുണ്ട്. മുതലെങ്കിലും ബേങ്കിന് കിട്ടുമല്ലോ. എന്നിട്ടും വായ്പ തിരച്ചടക്കാന്‍ തയ്യാറല്ലാത്ത അവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാത്തവരാണ് അടച്ച വായ്പക്ക് പലിശ ഇളവ് നല്‍കിയത് അഴിമതിയും ഗൂഢാലോചനയുമായി കണ്ട് കേസെടുക്കുന്നത്.

ഈ വീടും ഓഫിസും കയറിയുള്ള പരിശോധനകള്‍ നടക്കുമ്പോള്‍ മറ്റൊരു ദൃശ്യം കൂടി ചാനലുകള്‍ കാണിക്കുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ വെട്ടിപ്പ് നടത്തി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാറിന് തന്നെ അറിയാവുന്ന വിജയ് മല്യ എന്ന വ്യക്തി അഥവാ ബി ജെ പി എം പി, ഒരു വിധ ആശങ്കകളുമില്ലാതെ ലണ്ടനില്‍ ഇരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ മറ്റൊരു സംഭവം കൂടി ഓര്‍ക്കാം. ഐ പി എല്‍ എന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ അനേക കോടികളുടെ വെട്ടിപ്പ് നടത്തിയതിനു ഇവിടെ കേസുള്ള ലളിത് മോദിയുടെ പാസ്‌പോര്‍ട് യു പി എ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചു ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരുന്നു. മോദി അധികാരത്തില്‍ വന്നപ്പോള്‍ ലളിത് മോദിയുടെ അഭ്യര്‍ഥന പ്രകാരം ആ പാസ്‌പോര്‍ട് വിട്ടുകൊടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍ദേശിച്ചു. പോര്‍ച്ചുഗലില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ ഒന്ന് കാണുക എന്ന മാനുഷികമായ ആവശ്യം പരിഗണിച്ചാണ് ആ നിര്‍ദേശം നല്‍കിയതെന്നാണ് അന്ന് സുഷമ നല്‍കിയ വിശദീകരണം. പക്ഷേ ലളിത് മോദിയുടെ സ്ഥാപനത്തില്‍ നിന്നും ശമ്പളവും ഫീസും കൈപ്പറ്റുന്നവരാണ് സുഷമയുടെ ഭര്‍ത്താവും മക്കളുമെന്ന സത്യം പലരും അന്നേ ചൂണ്ടിക്കാട്ടിയപ്പോള്‍ അതവര്‍ അവഗണിച്ചു. പക്ഷേ അന്ന് രോഗിയായ ഭാര്യയെ കാണാന്‍ വാങ്ങിയ പാസ്‌പോര്‍ട്ട് ലളിത് മോദി ഇതുവരെ തിരിച്ചു നല്കിയിട്ടില്ല. അന്ന് മുതല്‍ ഇടതടവില്ലാതെ ലോകത്തിന്റെ പല ഭാഗത്തുമുള്ള സുഖവാസ കേന്ദ്രങ്ങളില്‍ ഇദ്ദേഹവും ലോകോത്തര മോഡലുകളും സിനിമ താരങ്ങളും ആര്‍ത്തുല്ലസിക്കുന്ന സെല്‍ഫികള്‍ നാം കാണുന്നുണ്ട്. ഈ ലളിത് മോദിക്ക് കേന്ദ്രത്തില്‍ ഉള്ള പിടിപാട് ആര്‍ക്കാണറിയാത്തത്? ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രണോയ് റോയിയുടെ വീട്ടില്‍ കയറിയുള്ള അഭ്യാസങ്ങള്‍ കാണേണ്ടത്. ഈ കേസില്‍ പരാതി നല്‍കിയ സഞ്ജയ് ദത്ത ആരാണെന്നും അറിയണം. ക്വാന്‍ഡം സെക്യുരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. മുന്‍പ് എന്‍ ഡി ടി വിയുടെ കണ്‍സള്‍ട്ടന്റായിരുന്ന ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലാത്തതിനാല്‍ ഒഴിവാക്കിയതാണ്. അന്ന് മുതല്‍ ഈ സ്ഥാപനത്തിനെതിരെ നിരന്തരം പരാതികള്‍ നല്‍കി വരുന്നു. ഒരു കേസില്‍ പോലും കോടതിയില്‍ നിന്നു അനുകൂലമായ ഒരു വിധി നേടാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ മോദിയുമായി ചേര്‍ന്ന് സി ബി ഐയെ ഉപയോഗിച്ച് ആക്രമണം തുടരുകയാണ്.

എന്നാല്‍, ഈ വായ്പ 2009 ല്‍ തന്നെ തിരിച്ചടച്ചതാണെന്നും അതിന്റെ രേഖകളെല്ലാം ഉണ്ടെന്നും എന്‍ ഡി ടി വി പറയുന്നു. ആ രേഖകള്‍ അവര്‍ പുറത്ത് വിടുകയും ചെയ്തു. എട്ടു വര്‍ഷം മുമ്പ് തിരിച്ചടച്ച വായ്പയുടെ പേരില്‍ ഇപ്പോള്‍ ഒരു കേസെടുത്തു ഉടനെ തന്നെ റെയ്ഡ് നടത്തുന്നതും തീര്‍ത്തും അസ്വാഭാവികമാണ്. ഇപ്പോഴത്തൈ എഫ് ഐ ആറിനാധാരമായ പരാതി നല്‍കുന്നത് ഈ വര്‍ഷം ഏപ്രില്‍ 28 നാണു. ഏഴു വര്‍ഷത്തിനപ്പുറം തിരിച്ചടച്ചു ഇടപാട് തീര്‍ത്ത ഒരു വായ്പയെ സംബന്ധിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ആ ബേങ്കിന്റെ കണക്കുകള്‍ ഓഡിറ്റര്‍മാരും റിസര്‍വ് ബാങ്കും പരിശോധിച്ച് കഴിഞ്ഞതാണ്. ഇത്തരമൊരു ക്രമക്കേടുണ്ടെങ്കില്‍ അന്നേ കണ്ട് പിടിക്കപ്പെടേണ്ടതാണ്.
ഇനി അതെല്ലാം അവഗണിച്ചാലും ഇത്തരമൊരു ബേങ്കിംഗ് ക്രമക്കേട് അന്വേഷിക്കാനുള്ള ഏജന്‍സി ആണോ സി ബി ഐ എന്ന ചോദ്യമുണ്ട്. ആ ചോദ്യം മറികടക്കാനാണ് കേസില്‍ ഗൂഢാലോചന എന്ന 120 ബി വകുപ്പ് ചേര്‍ത്തത്. ബേങ്കും പ്രണോയ് റോയിയും ഭാര്യയും അവരുടെ കമ്പനികളും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാക്കി. അങ്ങനെയാണെങ്കില്‍ ഇതില്‍ പ്രധാനപ്രതിയാകേണ്ടത് നഷ്ടം വന്ന സ്വകാര്യ ബേങ്കാണ്. ആ സ്ഥാപനമോ അതിന്റെ ഓഹരി ഉടമകളോ ഇങ്ങനെ ഒരു പരാതി നല്‍കിയിട്ടില്ല. ആ ബേങ്കിലെ ആരാണ് പ്രതി എന്ന് സി ബി ഐ പറയുന്നില്ല. അവിടെ യാതൊരു വിധ അന്വേഷണവും നടന്നിട്ടില്ല. അതൊന്നും ചെയ്യാതെ മാധ്യമസ്ഥാപനത്തിന്റെയും അതിനു നേതൃത്വം നല്‍കുന്ന വ്യക്തികളുടെയും ഓഫീസും വീടുകളും റെയ്ഡ് ചെയ്യുന്നതു എന്തിനാണെന്ന് വ്യക്തം.

ഒട്ടുമിക്ക ദേശീയ ചാനലുകളും ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും കേന്ദ്ര ഭരണകൂടത്തിന്റെ വക്താക്കളായിരിക്കുന്നു. അതില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്ര നിലപാടെടുക്കുന്ന ഒന്നാണ് എന്‍ ഡി ടി വി. ഇത്ര പെട്ടന്നു തന്നെ ഇത്തരം ഒരു നടപടിക്കു സര്‍ക്കാറിനെ പ്രകോപിപ്പിച്ചത് ഇക്കഴിഞ്ഞദിവസം ജൂണ്‍ 1ന് ചാനലില്‍ നടന്ന സംഭവമാണ്. അന്ന് ബീഫ് നിരോധനം സംബന്ധിച്ച് ചാനലില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നും ബി ജെ പി പ്രതിനിധിയെ ആങ്കര്‍ നിധി റസ്ദാന്‍ ഇറക്കിവിട്ടു. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരസ്യമായ മാടിനെ അറക്കല്‍ ആയിരുന്നു വിഷയം. ചാനലിന് മറച്ചു വെക്കപ്പെട്ട അജന്‍ഡ ഉണ്ടെന്ന ആരോപണം ഉന്നയിച്ചപ്പോളാണ് താത്പര്യമില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടു പോകാന്‍ റസ്ദാന്‍ ആവശ്യപ്പെട്ടത്. ഇത് ബി ജെ പിക്ക് വലിയ നാണക്കേടായി. അധികം വൈകാതെ സര്‍ക്കാര്‍ ചാനലിനെതിരെ ഇത്തരമൊരു നടപടിക്ക് തയ്യാറാകുകയും ചെയ്തു. മാധ്യമസ്ഥാപനങ്ങളിലേക്കുള്ള പോലീസ് കടന്നുകയറ്റം വളരെ ഗൗരവതമായ ഒന്നാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നു. എല്ലാവരും നിയമത്തിന്റെ മുന്നില്‍ തുല്യരാണെന്ന തത്വം അംഗീകരിച്ചികൊണ്ട് തന്നെ സി ബി ഐയുടെ ഈ നടപടി മാധ്യമങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണ്, മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെയും നിയമത്തിന്റെ കൃത്യമായ വഴികളിലൂടെയും വേണം ഇത്തരം അന്വേഷണങ്ങള്‍ എന്നും ഗില്‍ഡ് പറയുന്നു.

ഇത്ര നഗ്നമായ അധികാര ദുര്‍വിനിയോഗം നടത്തുക വഴി അടിയന്തരാവസ്ഥക്ക് തൊട്ടുമുന്‍പ് ഇന്ദിരാ ഗാന്ധിയും പിന്നീട് അധികാരമേറ്റപ്പോള്‍ രാജീവ് ഗാന്ധിയുമെല്ലാം പോയ വഴികളിലൂടെ തന്നെയാണ് താനും പോകുന്നതെന്നാണ് മോദിയും പറയുന്നത്. അന്ന് അതിന്റെ ഇരകളായിരുന്നവരും അതിനെ അതിശക്തമായി എതിര്‍ത്തിരുന്നവരും ഇപ്പോള്‍ മോദിയുടെ കൂടെയുണ്ട്. അരുണ്‍ ഷൂറിയും അരുണ്‍ ജെയ്റ്റ്‌ലിയും സുബ്രമണ്യം സ്വാമിയുമെല്ലാം അതില്‍ പെടും. പക്ഷേ അധികാരത്തിലെത്തുമ്പോള്‍ എല്ലാവരും ഒരേ നയം തന്നെ പിന്തുടരുന്നു, വിമര്‍ശനങ്ങള്‍ അംഗീകരിക്കാനോ എന്തിനു അനുവദിക്കാന്‍ പോലുമോ തയ്യാറല്ല. ഇത് ജനാധിപത്യത്തിന്റെ നേരെയുള്ള വെല്ലുവിളിയാണ്.. ജനാധിപത്യ സ്ഥാപനങ്ങളുടെ അന്തസത്ത ചോര്‍ത്തിക്കളയുകയാണ്. എന്നും ഒരേ പാര്‍ട്ടി തന്നെ അധികാരത്തിലിരിക്കും എന്ന അന്ധവിശ്വാമാണ് ഇവരെയെല്ലാം നയിക്കുന്നത്. അതുകൊണ്ടാണ് ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നമുക്കെല്ലാം ബാധ്യതയുണ്ടെന്നും വിമതസ്വരങ്ങള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍ പോരാടണമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. പ്രതിരോധ വിദഗ്ധനായ അജയ് ശുക്ല അല്‍പം കൂടി കടത്തി പറയുന്നു. ‘ഈ റെയ്ഡ് പ്രകോപനം സൃഷ്ടിക്കാനുള്ള നടപടിയാണ്. ഭീരുക്കളായ ഇന്ത്യന്‍ മാധ്യമലോകമാണ് നമ്മുടെ ശാപം. ഈ കടന്നുകയറ്റത്തെ പറ്റി മറ്റു മാധ്യമങ്ങള്‍ കാണിക്കുന്ന മൗനം കുറ്റകരമാണ്. നാളെ അവരുടെ ദിവസവും വരുമെന്നോര്‍ക്കുക.’