കശാപ്പ് നിരോധനം : സുപ്രീം കോടതി ഈ മാസം 15ന് ഹരജി പരിഗണിക്കും

Posted on: June 7, 2017 11:09 pm | Last updated: June 7, 2017 at 11:09 pm

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെയുള്ള ഹരജി സുപ്രീം കോടതി ഈ മാസം 15ന് പരിഗണിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഖുറൈഷ് ആക്ഷന്‍ കമ്മിറ്റി എന്ന സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഫഹീം സമര്‍പ്പിച്ച ഹരജിയാണ് വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ് ഹരജി പരിഗണിച്ചത്. വിജ്ഞാപനം രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ ബാധിക്കുന്നതാണെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ നിയമത്തിന്റെ പിന്‍ബലത്തില്‍ കര്‍ഷകര്‍ക്കെതിരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ വര്‍ധിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ കന്നുകാലികളെ മാര്‍ക്കറ്റില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്ത് കന്നുകാലികളെ കാര്‍ഷിക ഉപയോഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനക്കായി പോലും എത്തിക്കരുത്. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നത് തടയുക തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. ഇതേതുടര്‍ന്ന്, വിജ്ഞാപനത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വ്യാപകമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണ് വിജ്ഞാപനത്തിലൂടെ കേന്ദ്രം ചെയ്യുന്നതെന്ന് സംസ്ഥാനങ്ങള്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിജ്ഞാപനത്തില്‍ ഭേതഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കശാപ്പ് നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധനാണ് വ്യക്തമാക്കിയത്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിധാരണങ്ങളും ആശങ്കയും സര്‍ക്കാര്‍ പരിഹരിക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.