ഖത്വർ: കുവൈത്ത് അമീര്‍ യു എ ഇയിലെത്തി

Posted on: June 7, 2017 8:00 pm | Last updated: June 22, 2017 at 9:40 pm

ദോഹ: ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ യുഎഇയിൽ എത്തി. ബുധനാഴ്ച വെെകീട്ട് ദുബെെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ യുഎഇ വെെസ്പ്രസിഡൻറ് ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിൻെറ നേതൃത്വത്തിൽ സ്വീകരിച്ചു. സഊദി രാജാവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ദുബെെയിൽ എത്തിയത്.

ഖത്വറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യം മയപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ക്കാണ് കുവൈത്ത് മധ്യസ്ഥത വഹിക്കുന്നത്. സഊദിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് അമീര്‍ യു എ ഇയിലേക്കും പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫി ബിന്‍ അലവി ബിന്‍ അബ്ദുല്ല കുവൈത്ത് അമീറുമായി ഇന്നു രാവിലെ ചര്‍ച്ച നടത്തി. നേരത്തേ ഖത്വര്‍ അമീറുമായും യൂസുഫ് ബിന്‍ അലവി ചര്‍ച്ച നടത്തിയിരുന്നു. ഗള്‍ഫ് പ്രതിസന്ധിയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളാണ് കുവൈത്തും ഒമാനും.