Connect with us

Gulf

ഖത്വര്‍: സഊദിയും യു എ ഇയും നിലപാട് ശക്തമാക്കുന്നു   

Published

|

Last Updated

ദോഹ: ഖത്വറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളായ സഊദിയും യു എ ഇയിലും നിലപാട് കനപ്പിക്കുന്നു. കുവൈത്ത് അമീര്‍ സഊദിയിലെത്തി മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ച വേളയിലാണ് ശക്തമായ നിലപാടുമായി സഊദിയും യു എ ഇയും രംഗത്തു വന്നത്. ഖത്വര്‍ നയം തിരുത്താന്‍ തയാറാകണമെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചൊവ്വാഴ്ച രാത്രി ആവശ്യപ്പെട്ടു. ഹമാസിനും മുസ്‌ലിം ബ്രദര്‍ഹുഡിനും നല്‍കുന്ന സഹായം നിര്‍ത്താന്‍ ഖത്വര്‍ തയാറാകണമെന്നും ശരിയായ ദിശയിലേക്കു സഞ്ചരിക്കാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളും സാമ്പത്തിക നഷ്ടവും ഖത്വറിനു പ്രേരണയാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹാ പാരീസില്‍ പറഞ്ഞു.
ഖത്വറിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തുമെന്നറിയിച്ച് യു എ ഇ ബുധനാഴ്ച രാവിലെ രംഗത്തു വന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ഖത്വറിന് പിന്തുണച്ച് അഭിപ്രായ പ്രകടനങ്ങള്‍ വിലക്കിക്കൊണ്ടാണ് നീക്കം. ഖത്വരി പൗരന്‍മാര്‍ യു എ ഇയിലൂടെ ട്രാന്‍സിറ്റ് യാത്ര നടത്തുന്നതും രാജ്യം വിലക്കി. ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ഖത്വര്‍ നയം തിരുത്താന്‍ തയാറാകണമെന്ന് കഴിഞ്ഞ ദിവസം യു എ ഇ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഖത്വറിനെതിരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് തുര്‍ക്കി രംഗത്തു വന്നു. നല്ല നടപടിയല്ല ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്. ഖത്വറുമായുള്ള ബന്ധം തുടരുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും രാജ്യം പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ സഹായം നല്‍കിയവരോടുള്ള സൗഹൃദമാണിതെന്നും കഴിഞ്ഞ വര്‍ഷത്തെ പട്ടാള അട്ടിമറി ഘട്ടത്തിലെ ഖത്വര്‍ സഹായം സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഖത്വറുമായുള്ള നയതന്ത്രബന്ധം കുറക്കാനുള്ള തീരുമാനം ജോര്‍ദാന്‍ പ്രഖ്യാപിച്ചു. ജോര്‍ദാനില്‍ അല്‍ ജസീറ ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖത്വറിനെതിരായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ പെന്റഗണ്‍ തയാറായില്ല. ഖത്വറുമായുള്ള ബന്ധം തുടരുമെന്നും അതില്‍ വിള്ളലുകളില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.
ഖത്വറിനെതിരായി ഉപരോധം തുടരുമ്പോഴും ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫിലെ ആദ്യത്തെ രാജ്യാന്തര വാതക ചാലകമായ ഡോള്‍ഫിന്‍ പൈപ്പ്‌ലൈന്‍ വഴി യു എ ഇയിലേക്കുള്ള വാതക വിതരണം ഖത്വര്‍ നിര്‍ത്തിയിട്ടില്ല. മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് കയറ്റുമതിയെയും പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് ഖത്വര്‍ പെട്രോളിയം അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മേഖലയിലെ സമാധാനവും ഗള്‍ഫ് ഐക്യവുമാണ് ആഗ്രഹവുമെന്ന് ഫ്രാന്‍സും റഷ്യയും അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളുമായി സംഭാഷണം നടത്തുന്നതിന് എപ്പോഴും സന്നദ്ധമാണെന്ന് ഫ്രാന്‍സ് അറിയിച്ചു. ഇരു രാജ്യങ്ങളും ഖത്വറിനെ കുറ്റപ്പെടുത്താന്‍ തയാറായില്ല.
അതിനിടെ അനുരഞ്ജന ശ്രമങ്ങളുമായി സഊദിയിലെത്തിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈത്തിലേക്കു മടങ്ങി. കുവൈത്ത് അമീറിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഖത്വര്‍ അമീറിന്റെ രാഷ്ട്രത്തോട് നടത്താനിരുന്ന സംബോധന മാറ്റിവെച്ചിരുന്നു.
---- facebook comment plugin here -----

Latest