സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഫോട്ടോ സ്റ്റാറ്റെടുത്ത് പണം തട്ടിയ യുവാവ് പിടിയില്‍

Posted on: June 7, 2017 2:10 pm | Last updated: June 7, 2017 at 1:53 pm

ചങ്ങരംകുളം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഫോട്ടോ സ്റ്റാറ്റെടുത്ത് പണം തട്ടിയ പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയും കോട്ടയം നാട്ടകത്ത് വാടകക്ക് താമസക്കാരനുമായ കെന്നഡിയെ (35) ആണ് ചങ്ങരംകുളം അഡീഷനല്‍ എസ് ഐ. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം എടപ്പാള്‍ അമ്മ ലോട്ടറി ഏജന്‍സിയില്‍ നിന്ന് സമ്മാനാര്‍ഹമായ ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കാണിച്ച് 14,000 രൂപ തട്ടിയ കേസിലെ പ്രതിയെയാണ് എറണാകുളത്ത് വെച്ച് ചങ്ങരംകുളം പോലീസ് പിടികൂടിയത്.
ലോട്ടറി ഏജന്‍സി ഉടമ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ കൂടിയായ ആല്‍ബര്‍ട്ട് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

എറണാകുളത്ത് സമാനമായ തട്ടിപ്പ് നടത്തി പിടിയിലായ ആളാണ് പ്രതി. എറണാകുളത്ത് നടന്ന തട്ടിപ്പില്‍ റിമാന്‍ഡ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് പ്രതി വലയിലായത്. തിരൂരിലും തൃശൂരിലും ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.