കോണ്‍. സംഘടനാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളില്‍; സമയക്രമമായി

Posted on: June 7, 2017 10:30 am | Last updated: June 7, 2017 at 10:27 am

ന്യൂഡല്‍ഹി: പ്രദേശ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളടക്കമുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അംഗീകാരം. ഇന്നലെ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് സമയക്രമത്തിന് അന്തിമ അംഗീകാരം നല്‍കിയത്. സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം എത്രയും വേഗത്തില്‍ ആത്മാര്‍ഥയോടെ പൂര്‍ത്തിയാക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ബി ജെ പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും സോണിയാ ഗാന്ധി ഉന്നയിച്ചു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ എന്‍ ഡി എ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് അവര്‍ ആരോപിച്ചു. കശ്മീര്‍ പ്രശ്‌നം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടാത്തതിന് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ഉത്തരവാദികളാണ്. പ്രദേശിക ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വിരോധം ജനിപ്പിക്കുന്നതില്‍ ഇരു സര്‍ക്കാറുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സോണിയ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെയും അതിന്റെ സത്തയെയും സംരക്ഷിക്കാന്‍ തയ്യാറകേണ്ട സാഹചര്യമാണിത്. രാജ്യം സാമ്പത്തികമായി മാത്രമല്ല, വൈവിധ്യത്തിന്റെയും സമാധാനത്തിന്റെയും കാര്യത്തില്‍ തകര്‍ച്ചയുടെ ചുഴിയില്‍ പെട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമര്‍പ്പിച്ച സമയക്രമം പ്രവര്‍ത്തക സമിതി അംഗീകരിച്ചു. അഞ്ച് ഘട്ടങ്ങളിലായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടമായ അംഗത്വ വിതരണം പല സംസ്ഥാനങ്ങളിലും പൂര്‍ത്തികരിച്ചിട്ടുണ്ട്. അംഗത്വ വിതരണം പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി. ആഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടക്കും. ജില്ലാ അംഗങ്ങളെയും പി സി സി അംഗങ്ങളെയും ഇതോടൊപ്പം തിരഞ്ഞെടുക്കും. സെപ്തംബര്‍ അഞ്ചിന് ആരംഭിച്ച് 15വരെ നീളുന്നതാണ് മൂന്നാം ഘട്ടം. ഈ കാലയളവില്‍ ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടക്കും. നാലാം ഘട്ടത്തില്‍ സംസ്ഥാന പി സി സി അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, ട്രഷറര്‍, പി സി സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എ ഐ സി സി അംഗങ്ങള്‍, പി സി സി ജനറല്‍ ബോര്‍ഡി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിവരുടെ തിരഞ്ഞെടുപ്പ് നടക്കും. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെ നീണ്ടു നില്‍ക്കുന്നതാകും ഈ ഘട്ടം. ഇതോടൊപ്പം തന്നെ ഐ ഐ സി സി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും. ഒക്ടോബര്‍ 16ന് തുടങ്ങി 25ന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
തിരഞ്ഞെടുക്കപ്പെടുന്ന മൊത്തം പി സി സി അംഗങ്ങളുടെ എട്ടിലൊന്നാകും ഓരോ സംസ്ഥാനത്തു നിന്നുമുള്ള എ ഐ സി സി അംഗങ്ങളുടെ എണ്ണം. അഞ്ചാം ഘട്ടത്തിലാകും പ്ലീനറി സമ്മേളനം. ഇതിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലീനറി സമ്മേളനം പാര്‍ട്ടി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കും. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും. തിരഞ്ഞെടുക്കപ്പെട്ട എ ഐ സി സി അംഗങ്ങളാകും പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഡിസംബര്‍ 31ന് മുമ്പ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഭാരവാഹികളുടെ പട്ടികയും റിപ്പോര്‍ട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. അടുത്തിടെ ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലും ഇതാദ്യമായി പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു.