ശാസ്ത്ര കാഴ്ചകള്‍ ഒരുക്കി സയന്‍സ് എക്‌സ്പ്രസ് ബെംഗളൂരുവിലെത്തി

Posted on: June 6, 2017 10:40 pm | Last updated: June 6, 2017 at 10:40 pm

ബെംഗളൂരു: ശാസ്ത്ര ലോകത്തെ പുത്തന്‍ കണ്ടുപിടിത്തങ്ങളും വിജ്ഞാനത്തിന്റെ നവീനമായ ലോകവും ആസ്വാദകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്ത് സയന്‍സ് എക്‌സ്പ്രസ് ബെംഗളൂരുവിലെത്തി.

ശാസ്ത്ര വിഷയങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വിളിച്ചോതിയുള്ള ഇന്ത്യന്‍ റെയില്‍വെയുടെ സയന്‍സ് എക്‌സ്പ്രസ് ഇന്നലെ വൈറ്റ് ഫീല്‍ഡ് റെയില്‍വെ സ്റ്റേഷനിലാണ് എത്തിച്ചേര്‍ന്നത്. ശീതീകരിച്ച 16 കോച്ചുകളാണ് സയന്‍സ് എക്‌സ്പ്രസ് – ക്ലൈമാറ്റ് ആക്ഷന്‍ സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്. ശാസ്ത്ര- സാങ്കേതിക വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള നിരവധി മോഡലുകളും പഠന സഹായികളും ട്രെയിന്‍ സന്ദര്‍ശിക്കാനെത്തിയ പഠിതാക്കള്‍ക്കും ആസ്വാദകര്‍ക്കും നവ്യാനുഭവമാണുണ്ടാക്കിയത്.

വിദ്യാര്‍ഥികളും പൊതുജനങ്ങളും അടക്കം നൂറുകണക്കിന് പേരാണ് ട്രെയിനിലെ കാഴ്ചകള്‍ ഇന്നലെ വൈറ്റ് ഫീല്‍ഡ് സ്റ്റേഷനിലെത്തിയത്. വൈറ്റ് ഫീല്‍ഡില്‍ നാളെ പ്രദര്‍ശനം സമാപിക്കും. പിന്നീട് കെങ്കേരി റെയില്‍വെ സ്റ്റേഷനിലെത്തും. ഒമ്പത് മുതല്‍ 11 വരെയാണ് ഇവിടെ സയന്‍സ് എക്‌സ്പ്രസ് ട്രെയിന്‍ കാണാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാവുക. കേന്ദ്ര ശാസ്ത്ര -സാങ്കേതിക വകുപ്പ്, വനം, പരിസ്ഥിതി മന്ത്രാലയം, ബയോടെക്‌നോളജി, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് സയന്‍സ് എക്‌സ്പ്രസ് ഏഴാം ഘട്ടം പര്യടനം ആരംഭിച്ചിരിക്കുന്നത്.