കാഴ്ച്ചയില്‍ വീസ്മയം തീര്‍ത്ത് മര്‍കസിന്റെ മുറ്റത്ത് ഈത്തപ്പനമരങ്ങള്‍ പൂത്തുലഞ്ഞു.

Posted on: June 6, 2017 9:57 pm | Last updated: June 6, 2017 at 9:57 pm

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ മുറ്റത്ത് ഈത്തപ്പനമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് ഏറെ കൗതുകമുണര്‍ത്തുന്നു. കേരളത്തിന്റെ മണ്ണില്‍ ഈത്തപ്പന മരങ്ങള്‍ ഇങ്ങനെ തഴച്ചു വളരുമോ എന്ന് സംശയിക്കുന്നവരെ കണ്ടു നിന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് മര്‍ക്കസിന്റെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മുന്നില്‍ ആറ് ഈത്തപ്പനമരങ്ങളും കായ്ച്ചു തുടങ്ങിയത്.

മൂന്നു വര്‍ഷം മുമ്പാണ് മര്‍കസിന്റെ മുറ്റത്ത് മുപ്പത്തിയഞ്ച് ഈത്തപ്പന തൈകള്‍ നട്ടത്. ഒരു മീറ്റര്‍ വീതിയും നീളവുമുള്ള കുഴിയുണ്ടാക്കി മണല്‍ ചേര്‍ത്ത ചുവന്ന മണ്ണിലായിരുന്നു തൈകള്‍ നട്ടത്. ചെടികള്‍ക്ക് സ്ഥിരമായ വെള്ളമെത്തിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈത്തപ്പഴത്തിന്റെ വിശേഷ മാസമായ റംസാന്‍ കാലത്താണ് ഇവ പൂത്തു നില്‍ക്കുന്നത് എന്നതും കൗതുകമുണര്‍ത്തുന്നു.
മഞ്ഞനിറത്തില്‍ കായ്ച്ചു നില്‍ക്കുന്ന ഈത്തപ്പഴങ്ങള്‍ കാണാന്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് മര്‍ക്കസില്‍ എത്തുന്നത്.കാമ്പസിനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികളും കാമ്പസ് അധികൃതരും.